ADVERTISEMENT

പെരിന്തൽമണ്ണ ∙ രാത്രി ഷൊർണൂരിലെത്തുന്ന എറണാകുളം – ഷൊർണൂർ മെമു എക്സ്പ്രസ് നിലമ്പൂരിലേക്കു നീട്ടിയാൽ പ്രയോജനം ആയിരക്കണക്കിനു യാത്രക്കാർക്ക്. ഷൊർണൂരിൽ രാത്രി 8.40ന് എത്തുന്ന ഈ ട്രെയിനിനു പിറ്റേന്നു രാവിലെ 4.30നാണ് അടുത്ത യാത്ര. വെറുതേ കിടക്കുന്ന സമയത്ത് ഈ ട്രെയിൻ രാത്രി നിലമ്പൂരിലേക്കും പുലർച്ചെ തിരിച്ചും സർവീസ് നടത്തിയാൽ വിവിധ സ്ഥലങ്ങളിലേക്കുള്ള ഇരുപത്തഞ്ചോളം ട്രെയിനുകളിലെ ആയിരക്കണക്കിനു യാത്രക്കാർക്കു കണക്‌ഷൻ ട്രെയിനായി പ്രയോജനപ്പെടും. നിലവിൽ ഷൊർണൂരിൽ നിന്ന് നിലമ്പൂരിലേക്കുള്ള അവസാന ട്രെയിൻ പുറപ്പെടുന്നതു രാത്രി 8.10നാണ്. ഇതിനു ശേഷം ഷൊർണൂരിലെത്തുന്ന വിവിധ ട്രെയിനുകളിൽ വന്നിറങ്ങുന്ന ഒട്ടേറെ യാത്രക്കാർ നിലമ്പൂർ ഭാഗത്തേക്കു തുടർയാത്രയ്ക്കു സൗകര്യമില്ലാതെ വലയുകയാണ്.

നിലമ്പൂരിലേക്ക് രാത്രി പോയാൽ.. 
തിരുവനന്തപുരത്തു നിന്നെത്തുന്ന വന്ദേഭാരത് (8.30), കണ്ണൂർ ജനശതാബ്ദി (രാത്രി 9), നിസാമുദ്ദീൻ (വീക്‌ലി – 8.55), പൂർണ (വീക്‌ലി – 8.55), കോഴിക്കോട് ഭാഗത്തുനിന്നെത്തുന്ന തിരുവനന്തപുരം എക്സ്പ്രസ് (8.35), കൊച്ചുവേളി (വീക്‌ലി – 8.55), ഓഖ – എറണാകുളം (8.55), നാഗർകോവിൽ (വീക്‌ലി – 8.55), തിരുവനന്തപുരം എക്സ്പ്രസ് (8.55), തിരുവനന്തപുരം എക്സ്പ്രസ് (9.15), യശ്വന്ത്പുര എക്സ്പ്രസ് (രാത്രി 9) ട്രെയിനുകളിൽ ഷൊർണൂരിലെത്തുന്നവർക്കു നിലമ്പൂരിലേക്കുള്ള തുടർയാത്ര എളുപ്പമാകും.

പുലർച്ചെ തിരിച്ച് സർവീസ് നടത്തിയാൽ.. 
ഷൊർണൂരിൽ നിന്നു രാവിലെ 5.40നു പാലക്കാട് ഭാഗത്തേക്കുള്ള മംഗളൂരു – ചെന്നൈ വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ് ലഭിക്കും. ഇതിൽ പാലക്കാട്ടെത്തുന്നവർക്ക് 6നു പഴനി, മധുര ഭാഗത്തേക്കുള്ള തിരുച്ചെന്തൂർ എക്സ്പ്രസ് ലഭിക്കും. കോഴിക്കോട് – മംഗളൂരു ഭാഗത്തേക്കു രാവിലെ 5നു ഷൊർണൂർ – കണ്ണൂർ മെമു, 5.15നു മംഗളൂരു സെൻട്രൽ, 5.40നു മംഗളൂരു സൂപ്പർഫാസ്റ്റ്, 6നു കണ്ണൂർ എക്സ്പ്രസ് ട്രെയിനുകളിൽ യാത്ര ചെയ്യാനുള്ളവർക്കു പ്രയോജനപ്പെടും. തൃശൂരിൽ നിന്ന് 5.43നു കന്യാകുമാരി എക്സ്പ്രസ്, 6.20നു കോട്ടയം വഴി മധുര എക്സ്പ്രസ്, 6.25നു കൊച്ചുവേളി (വീക്കിലി), കൊച്ചുവേളി സൂപ്പർഫാസ്റ്റ്, 6.33നു കൊച്ചുവേളി ഗരീബ്‌രഥ് (തിങ്കൾ, ബുധൻ, വെള്ളി), 6.40ന് ആലപ്പുഴ സൂപ്പർഫാസ്റ്റ്, 7നു ഗുരുവായൂർ എക്സ്പ്രസ് എന്നിവ ലഭിക്കാനും സാധ്യത തെളിയും.

സഞ്ചാരികൾക്കും പ്രയോജനം 
കൊച്ചിയിൽ ഒരു പകൽ സന്ദർശിച്ച് അന്നു വൈകിട്ട് 5.40നു മടങ്ങാം. ഇതേ ട്രെയിൻ എറണാകുളത്തുനിന്നു പുറപ്പെട്ട് ആലപ്പുഴ മെമു സർവീസായി രാവിലെ 9.30ന് ആലപ്പുഴയിൽ എത്തുന്നതിനാൽ, ഒരുദിവസം അവിടെ ചെലവഴിക്കാൻ സഞ്ചാരികൾക്കു വഴിയൊരുങ്ങും. രാവിലെ ഷൊർണൂരിൽ നിന്നു വെസ്റ്റ്കോസ്റ്റ് എക്സ്പ്രസിൽ പാലക്കാടട്ടെത്തിയാൽ അവിടെനിന്നു തിരുച്ചെന്തൂർ എക്സ്പ്രസിൽ പൊള്ളാച്ചി ആളിയാർ ഡാം വരെ എത്താം. പഴനി, മധുര ഉൾപ്പെടെ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്രയും എളുപ്പമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com