കടം കയറി, കര കയറിയില്ല, ഒടുവിൽ ജപ്തിഭീഷണി; ഉടമകളുടെ കമ്പനിയും വീടും ഉൾ‍പ്പെടെ 13 കെട്ടിടങ്ങൾ വിൽപനയ്ക്കുവച്ച് ബാങ്ക്

HIGHLIGHTS
  • സ്വകാര്യ കശുവണ്ടി ഫാക്ടറി ഉടമകളുടെ കമ്പനിയും വീടും ഉൾ‍പ്പെടെ 13 കെട്ടിടങ്ങൾ വിൽപനയ്ക്കു വച്ച് ബാങ്ക്
SHARE

കൊല്ലം∙ കടം കയറി പിടിച്ചുനിൽക്കാൻ ഒന്നും ബാക്കിയില്ലാത്ത പ്രതിസന്ധിയുടെ നടുവിൽ നിന്ന് ജപ്തിഭീഷണി കൂടി നേരിടേണ്ട ഗതികേടിലാണ് ജില്ലയിലെ കശുവണ്ടി ഫാക്ടറി ഉടമകൾ. കമ്പനിയും വീടും അടക്കം ഫാക്ടറി ഉടമകളുടെ 13 കെട്ടിടങ്ങളാണ് ജില്ലയിൽ ഒരു സ്വകാര്യ ബാങ്ക് മാത്രം കഴിഞ്ഞ ദിവസം വിൽപനയ്ക്ക് വച്ചത്.പല ബാങ്കുകളിൽ നിന്നായി ജില്ലയിൽ ജപ്തിഭീഷണി നേരിടുന്നത് നൂറു കണക്കിന് കമ്പനികളാണ്. 6 വ്യവസായികൾ ഇതിനിടെ കടക്കെണി മൂലം ആത്മഹത്യ ചെയ്തിരുന്നു.

Also read: ഒറിജിനലിനെ വെല്ലുന്ന ക‍ുട്ടിപ്പതിപ്പ‍ുകൾ; ഫോം ഷീറ്റ് ഉപയോഗിച്ച് വാഹനങ്ങൾ നിർമിച്ച് തോമസ് മാത്യു

വിടാതെ പ്രതിസന്ധി

മൂന്നു ലക്ഷം തൊഴിലാളികളാണ് ജില്ലയിൽ കശുവണ്ടി മേഖലയിൽ ജോലി ചെയ്തിരുന്നത്. ഭൂരിപക്ഷവും സ്വകാര്യമേഖലയിൽ. 6 വർഷമായി ഫാക്ടറികൾ അടഞ്ഞതോടെ പലരും മറ്റ് തൊഴിലുകളിലേക്ക് പോയി. ഒരു ആനുകൂല്യവും ലഭിച്ചിട്ടില്ല. ഫാക്ടറികൾ ഒരു തരത്തിലും തുറന്നു പ്രവർത്തിപ്പിക്കാനാവാത്ത അവസ്ഥയിലാണെന്ന് ഉടമകൾ പറയുന്നു. നോട്ട് നിരോധനവും കോവിഡ് പ്രതിസന്ധിയുമാണ് കരകയറാൻ കഴിയാത്ത വിധം മേഖലയെ പ്രതിസന്ധിയിലാക്കിയതെന്നാണ് ഉടമകൾ പറയുന്നത്.

കാരണങ്ങൾ പലത്

2016 വരെ തോട്ടണ്ടി ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നതിനു കേന്ദ്രസർക്കാർ തീരുവ ഏർപ്പെടുത്തിയിരുന്നില്ല. എന്നാൽ 2016 മുതൽ 9.37% തീരുവ അടയ്ക്കണമെന്ന നില വന്നു. ഒരു കോടി രൂപയ്ക്ക് തോട്ടണ്ടി ഇറക്കുമതി ചെയ്യുന്ന വ്യവസായിക്ക് 1.12 കോടി രൂപയാണ് അടയ്ക്കേണ്ടിയിരുന്നത്.

നോട്ടു നിരോധനം, പ്രളയം, കോവിഡ് എന്നിവ മൂലം ഫാക്ടറികൾ അടച്ചിടേണ്ടി വന്നതോടെ തിരിച്ചടവ് മുടങ്ങി. പലരും കശുവണ്ടി വ്യവസായം നടത്തുന്നത് ബാങ്കുകളിൽ നിന്ന് ഒഡി എടുത്താണ്. അത് പ്രതിസന്ധിയുടെ തുടക്കമായിരുന്നു. കൂടാതെ ഡോളറിന്റെ വിനിമയ നിരക്കുകളിൽ ഉണ്ടായ വ്യതിയാനം, വിയറ്റ്നാം പോലെയുള്ള രാജ്യങ്ങളിൽ യന്ത്രവൽക്കരണം വന്നത് എന്നിവയെല്ലാം കേരളത്തിലെ പരമ്പരാഗത വ്യവസായ രീതിയെ തകർത്തു.

വാഗ്ദാനം മാത്രം

ബാങ്കുകളിൽ കുടിശിക കൂടി പ്രതിസന്ധിയിലായതോടെ സർക്കാർ പ്രശ്നത്തിൽ ഇടപെട്ടിരുന്നു. വായ്പ പുനഃക്രമീകരിക്കാനും നിശ്ചിത ശതമാനം സർക്കാർ അടയ്ക്കാനും വ്യവസ്ഥയുണ്ടാക്കി. എന്നാൽ ബാങ്കുകളുടെ നിസ്സഹകരണം മൂലം പദ്ധതി മുന്നോട്ടു പോയില്ല. സർക്കാർ ഒരു വിഹിതം അടയ്ക്കുമെന്ന വാഗ്ദാനവും നടപ്പായില്ല. പ്രവർത്തിക്കുന്ന ഫാക്ടറികൾക്ക് മാത്രമാണ് പേരിന് മാത്രം ആനുകൂല്യങ്ങൾ ലഭിച്ചത്.

7 കശുവണ്ടി ഫാക്ടറികൾ നടത്തിയിരുന്ന എനിക്ക് ‍കടബാധ്യത മൂലം എല്ലാം അടച്ചു പൂട്ടേണ്ടി വന്നു. ഇറക്കുമതി ചെയ്യുന്ന തോട്ടണ്ടിക്ക് കേന്ദ്ര സർക്കാർ ഡ്യൂട്ടി ഏർപ്പെടുത്തിയതും തൊഴിലാളികൾക്ക് സംസ്ഥാന സർക്കാർ കൂലി ‍ 40% വർധിപ്പിച്ചതും ഉടമകളായ ഞങ്ങളെ തീർത്തും വലച്ചു. 2016 മുതലാണ് ഇൗ വ്യവസായം തകർച്ചയിലേക്കു നീങ്ങിത്തുടങ്ങിയത്. കശുവണ്ടി വ്യവസായം തകർച്ചയുടെ വക്കിലെത്തിയപ്പോൾ പൊതുമേഖല ഫാക്ടറികൾക്ക് സർക്കാർ നൽകിയ പരിഗണന സ്വകാര്യ ഫാക്ടറികൾക്ക് നൽകിയില്ല. ഞങ്ങളുടെ കിടപ്പാടം വരെ ജപ്തി ചെയ്യുന്ന തരത്തിലേക്കാണ് ബാങ്കുകളുടെ നീക്കം. പലരും ആത്മഹത്യയുടെ വക്കിലാണ്.

മുജീബ് റഹ്മാൻ,  ജപ്തി നേരിടുന്ന കാഷ്യു ഫാക്ടറി ഉടമ

ഓവർ ഡ്രാഫ്റ്റിൽ  2 കോടി വരെ വായ്പ എടുത്തവർക്ക് 50 ശതമാനവും 2 മുതൽ 10 കോടി വരെയുള്ളവർക്ക് 60 ശതമാനവും പലിശ ഇളവുകൾ നൽകാമെന്ന് ബാങ്കുകൾ സമ്മതിച്ചിരുന്നെങ്കിലും ഇപ്പോൾ ജപ്തിയിലേക്ക് നീങ്ങുകയാണ്.  8 വർഷം മുൻപ് 1. 5 കോടി രൂപയ്ക്ക് വാങ്ങിയ ഫാക്ടറിയാണ് 54 ലക്ഷം രൂപ പ്രൊപ്പോസ് തുകയായി ബാങ്ക് കാണിച്ചിരിക്കുന്നത്. സർക്കാർ ഉടൻ ഇടപെട്ടു ബാങ്ക് വായ്പയുടെ അമിത പലിശ ഒഴിവാക്കി കശുവണ്ടി വ്യവസായത്തെ സംരക്ഷിക്കാൻ നടപടിയെടുക്കണം.

സുൾഫിക്കർ അഹമ്മദ്, ജപ്തി നേരിടുന്ന കാഷ്യു ഫാക്ടറി ഉടമ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS