ADVERTISEMENT

കൊട്ടാരക്കര∙പുഴുവും പ്രാണിയും കലർന്ന റേഷൻ പച്ചരി നേരിട്ട് കണ്ട് ബോധ്യപ്പെട്ട് മന്ത്രി ജി.ആർ.അനിൽ.    പുഴുവരിച്ച ഒരു മണി അരി പോലും വിൽക്കരുതെന്ന് റേഷൻ കടക്കാർക്ക് മന്ത്രിയുടെ കർശനനിർദേശവും.   കേടായ മുഴുവൻ പച്ചരിയും തിരികെ ഗോഡൗണിലേക്ക് മാറ്റാൻ ഉദ്യോഗസ്ഥർക്കുംനിർദേശം നൽകി. ഇന്നലെ ഉച്ചയ്ക്കാണു മന്ത്രി ജി.ആർ.അനിൽ കൊട്ടാരക്കര വെയർ ഹൗസിങ് കോർപറേഷൻ ഗോഡൗണിൽ പ്രവർത്തിക്കുന്ന എൻഎഫ്എസ്എ ഗോ‍‍ഡൗൺ സന്ദർശിച്ചത്. പുഴുവരിച്ച നിലയിൽ കൊട്ടാരക്കര താലൂക്കിലെ 30 റേഷൻകടകളിൽ നിന്ന് തിരികെ എടുത്ത 600 ചാക്ക് പച്ചരി ഗോ‍ഡൗണിൽ ഉണ്ടായിരുന്നു. 

ഇവയിൽ ഒരു ചാക്ക് പൊട്ടിച്ച്  പുഴുവും കീടവും അടങ്ങിയ അരി മന്ത്രിയെ ഉദ്യോഗസ്ഥർ കാണിച്ചു. ഈ വർഷം പായ്ക്ക് ചെയ്ത ചാക്കിലായിരുന്നു പുഴുവരിച്ച അരി. റേഷൻ കടകളിൽ നിന്ന് പുഴുവരിച്ച മുഴുവൻ അരി മാറ്റാനും പകരം നല്ല അരി നൽകാനും മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. 

അരിയിൽ കീടങ്ങൾ കലർന്നതു സപ്ലൈകോ ഗോ‍ഡൗണുകളിൽ നിന്ന് അല്ലെന്നാണ് പ്രാഥമിക വിവരം. ജില്ലാ സപ്ലൈ ഓഫിസർ ഇത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് നൽകി. ടഗോഡൗണുകൾ സയന്റിഫികാകുന്നതോടെ പ്രശ്നത്തിനു ശാശ്വത പരിഹാരമാകുമെന്നു മന്ത്രി പറഞ്ഞു. ഒഴിഞ്ഞു കിടക്കുന്ന പൊതുസ്ഥലങ്ങളിൽ സർക്കാർ ഗോഡൗൺ പണിയും. കൊട്ടാരക്കരയിലും സ്ഥലം കണ്ടെത്തി നൽകാൻ മന്ത്രി കെ.എൻ.ബാലഗോപാലിനോട് ആവശ്യപ്പെട്ടതായും കഴിഞ്ഞ ദിവസം ചർച്ച നടത്തിയതായും മന്ത്രി പറഞ്ഞു. 

മന്ത്രിയ്ക്കൊപ്പം സപ്ലൈകോ എംഡി ശ്രീറാം വെങ്കിട്ടരാമൻ, ജില്ലാ സപ്ലൈ ഓഫിസർ ടി.വി.മോഹനകുമാർ, താലൂക്ക് സപ്ലൈ ഓഫിസർ ജി.എസ്.ഗോപകുമാർ,ഡിപ്പോ മാനേജർ എസ്.സജാദ്, ക്വാളിറ്റി വിഭാഗം അസി.മാനേജർ അനുജ ശ്രീജിത്ത് എന്നിവരും ഉണ്ടായിരുന്നു.

അന്വേഷണം പ്രഖ്യാപിച്ചു 

റേഷൻ പച്ചരിയിൽ പുഴുവും പ്രാണികളും കണ്ടെത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം പ്രഖ്യാപിച്ചു. എല്ലാ ഗോഡൗണുകളും പരിശോധിച്ച് സ്ഥിതി വിലയിരുത്തി റിപ്പോർട്ട് നൽകാനും സിവിൽ സപ്ലൈസ് കമ്മിഷണർ ഡോ.എസ്.സജിത് ബാബുവിന് മന്ത്രി ജി.ആർ.അനിൽ നിർദേശം നൽകി. എല്ലാ മേഖലകളിലും ശാസ്ത്രീയ ഗോ‍‍ഡൗണുകൾക്ക് സ്ഥലം കണ്ടെത്താൻ സപ്ലൈകോ എംഡിക്ക് നിർദേശം നൽകി.

അരിയുടെ ഗുണനിലവാരം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് എഫ്സിഐക്ക് കത്ത് നൽകും. പച്ചരിയ്ക്കു പുറമേ ഗോഡൗണിൽ ഉണ്ടായിരുന്ന കുത്തരിയും ഗോതമ്പും പുഴുക്കലരിയും മന്ത്രി പരിശോധിച്ചു. കുത്തരിയിൽ കലർപ്പുള്ളതായ സംശയം  തോന്നിയതിനാൽ ഗുണനിലവാര പരിശോധന നടത്താൻ നിർദേശം നൽകി.

പച്ചരി കേടുവന്നതെങ്ങനെ? അവ്യക്തത തുടരുന്നു

2023ൽ‌ പാക്ക് ചെയ്ത പച്ചരി എങ്ങനെ ഭക്ഷ്യയോഗ്യമല്ലാതായി? പുഴുവും പ്രാണികളും കലർന്ന നിലയിൽ താലൂക്കിലെ റേഷൻകടകളിൽ നിന്നും കണ്ടെത്തിയ 600 ചാക്ക് അരിയിൽ മിക്കതും ഈ വർഷം തന്നെ വിതരണത്തിനെത്തിയതാണ്. മില്ലുകളിൽ പാക്ക് സമയത്ത് തന്നെ ലാർവകൾ‌ അരിയിൽ കലർന്നതാകാമെന്നാണു ഗുണമേന്മ വിഭാഗം ഉദ്യോഗസ്ഥരുടെ നിഗമനം. ഫ്യൂമിഗേഷൻ നടത്തുന്നുവെങ്കിലും പ്ലാസ്റ്റിക് ചാക്കുകളിൽ ഇത് ഫലപ്രദമല്ലെന്നും വിദഗ്ധർ പറയുന്നു.

എഫ്സിഐ ഗോഡൗണുകളിൽ വച്ചാണ് കേട് സംഭവിച്ചതാണെന്ന നിഗമനത്തിലാണ് മന്ത്രി ജി.ആർ അനിൽ. പരാതികൾ പതിവായതോടെയാണു പരിശോധിക്കാൻ മന്ത്രി നേരിട്ടെത്തിയത്.‌ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com