ADVERTISEMENT

കൊട്ടാരക്കര∙ ഡോ.വന്ദന ദാസ് കൊലക്കേസ് പ്രതി ജി.സന്ദീപിന്റെ റിമാൻഡ് കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്കു കൂടി നീട്ടി. ഇന്നലെ വിഡിയോ കോൺഫറൻസിങ് വഴി തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്നാണ് സന്ദീപിനെ ഹാജരാക്കിയത്. ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. പ്രത്യേക മെഡിക്കൽ ബോർഡ് നിർദേശ പ്രകാരം സന്ദീപിന് ഡോക്ടർ‌മാരുടെ നിരീക്ഷണത്തോടെയുള്ള കിടത്തി ചികിത്സ വേണമെന്നു കോടതി ഉത്തരവിട്ടിരുന്നു.

ചികിത്സ പൂർത്തിയായതോടെ സന്ദീപിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രത്യേക സെല്ലിൽ നിന്നു ജയിലിലേക്ക് വീണ്ടും മാറ്റി. കഴിഞ്ഞ മാസം 10ന് പുലർച്ചെ നാലരയോടെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കിടെ ഹൗസ് സർജൻ ഡോ.വന്ദനദാസിനെ കുത്തിക്കൊലപ്പെടുത്തുകയും പൊലീസുകാർ ഉൾപ്പെടെ 5 പേരെ കുത്തിപ്പരുക്കേൽപിക്കുകയും ചെയ്തത്. കൊല്ലം റൂറൽ‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം.ജോസ് ആണ് കേസ് അന്വേഷിക്കുന്നത്.

വൈകി എടുത്ത സാംപിളിൽ ലഹരി സാന്നിധ്യമില്ല

കൊട്ടാരക്കര∙ ഡോ.വന്ദന ദാസ് കൊലക്കേസ് പ്രതി ജി.സന്ദീപിന്റെ ശരീരത്തിൽ‍ മദ്യത്തിന്റെയോ മറ്റു ലഹരി വസ്തുക്കളുടെയോ സാന്നിധ്യം കണ്ടെത്താനായില്ലെന്നു മെഡിക്കൽ റിപ്പോർട്ട്. കൊട്ടാരക്കര കോടതിയിൽ സമർപ്പിച്ച ലാബ് റിപ്പോർട്ടിലാണു വിവരം. ലഹരിയുടെ ഉപയോഗം കാരണമാകാം സന്ദീപ് പ്രകോപിതനായി അക്രമവും കൊലപാതകവും കാട്ടിയതെന്നായിരുന്നു നിഗമനം. എന്നാൽ രക്തത്തിന്റെ സാംപിൾ എടുക്കുന്നതിൽ കാലതാമസം ഉണ്ടായെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 10ന് പുലർച്ചെ മൂന്നരയോടെയാണ് സന്ദീപിനെ വൈദ്യ പരിശോധനയ്ക്കായി പൂയപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തത്. 

സന്ദീപിന്റെ ഡ്രഗ് സ്ക്രീൻ ടെസ്റ്റ് എന്ന രക്തപരിശോധന നടന്നത് രാത്രി 10 മണിയോടെ തിരുവനന്തപുരത്തെ സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രിയിലാണ്. സംഭവം നടന്ന് 3 ദിവസത്തിനു ശേഷം സന്ദീപിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടപ്പോഴാണ് മൂത്രത്തിന്റെ സാംപിൾ ശേഖരിക്കുന്നത്. വൈകി ശേഖരിച്ച സാംപിൾ കൃത്യമാകാനിടയില്ലെന്ന നിഗമനമാണ് പൊലീസിന്.  സന്ദീപിന്റെ മാനസിക നില പരിശോധിച്ച് കൊലപാതകത്തിനു പിന്നിലെ പ്രേരണ കണ്ടെത്താനാണ് ഡോക്ടർമാരുടെ ശ്രമം. വൈകാതെ റിപ്പോർട്ട് അന്വേഷണ സംഘത്തിനു ലഭിക്കും.

English Summary: Dr. Vandana Das murder case: Late sample does not contain alcohol, Sandeep's remand extended

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com