ശാസ്താംകോട്ട തടാക സംരക്ഷണ സമിതി ചെയർമാൻ കെ.കരുണാകരൻ പിള്ള അന്തരിച്ചു
Mail This Article
ശാസ്താംകോട്ട ∙ പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ശാസ്താംകോട്ട തടാക സംരക്ഷണ സമിതി ചെയർമാനുമായ ശാസ്താംകോട്ട മനക്കര കൊച്ചുതുണ്ടിൽ കെ.കരുണാകരൻ പിള്ള (79) അന്തരിച്ചു. ഉദരസംബന്ധമായ രോഗത്തെ തുടർന്നു കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 9ന് ആയിരുന്നു അന്ത്യം. ആരോഗ്യവകുപ്പ് ട്രെയ്നിങ് കോളജിന്റെ പ്രിൻസിപ്പലായി വിരമിച്ച ശേഷം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിസ്ഥിതി ചൂഷണത്തിനെതിരെ പ്രക്ഷോഭങ്ങളിൽ സജീവമായി.
കെ.കരുണാകരൻ പിള്ളയുടെ നേതൃത്വത്തിൽ പതിറ്റാണ്ടുകളായി നടത്തിയ പ്രക്ഷോഭങ്ങളിലൂടെ ശാസ്താംകോട്ട തടാക സംരക്ഷണത്തിനു വേണ്ടി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഒട്ടേറെ പദ്ധതികൾ എത്തിക്കാനായി. സംസ്കാരം നടത്തി. ഭാര്യ: ചന്ദ്രിക. മക്കൾ: ജയകൃഷ്ണൻ (കുവൈത്ത്), അഡ്വ.ജയലക്ഷ്മി. മരുമക്കൾ: നയന, അഡ്വ.അനിൽ വിളയിൽ (മാവേലിക്കര).
വിവരാവകാശ നിയമം ഉപയോഗിച്ച് നിരന്തര പോരാട്ടം
അക്ഷരങ്ങളെയും നിയമത്തെയും ആയുധമാക്കിയാണ് കെ.കരുണാകരൻ പിള്ള പരിസ്ഥിതിക്കു വേണ്ടിയുള്ള പോരാട്ടത്തിന്റെ പടച്ചട്ടയണിഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വരെ കത്തെഴുതി പദ്ധതി അനുവദിപ്പിച്ച ചരിത്രവും അദ്ദേഹത്തിനുണ്ട്. പ്രധാനമന്ത്രിയുടെ നിർദേശമനുസരിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ് ശാസ്താംകോട്ട തടാക സംരക്ഷണത്തിനായി പദ്ധതി ആവിഷ്കരിച്ചു തുക അനുവദിച്ചു. എന്നാൽ സംസ്ഥാന സർക്കാർ ഉഴപ്പിയതോടെ പദ്ധതി നിലച്ചു.
ഓരോ ഘട്ടത്തിലും വിവരാവകാശ നിയമത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി അദ്ദേഹം സംസ്ഥാന സർക്കാരിന്റെ ഒളിച്ചുകളി പുറത്തുകൊണ്ടുവന്നു. ഏറെ പ്രതീക്ഷയോടെ ആവിഷ്കരിച്ച ബദൽ ശുദ്ധജല പദ്ധതിയിലെ ക്രമക്കേടുകൾ പുറത്തു കൊണ്ടുവരുന്നതിലും വിവരാവകാശ നിയമമാണ് അദ്ദേഹത്തിനു കരുത്തായത്. തടാകത്തിന്റെ നിറംമാറ്റത്തെപ്പറ്റി ആശങ്ക ഉയർന്നപ്പോഴൊക്കെ കോഴിക്കോട്ടെ ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ പ്രതിനിധികളെ എത്തിച്ച് പഠനം നടത്താനും അദ്ദേഹം മുന്നിലുണ്ടായിരുന്നു.
മണ്ണ് സംരക്ഷണ വകുപ്പിന്റെ ഉൾപ്പെടെയുള്ള പദ്ധതികൾ വെള്ളാനയായി മാറിയതിനെപ്പറ്റിയും അഴിമതി സംബന്ധിച്ചുള്ള അന്വേഷണം ഉറപ്പാക്കുന്നതിനും കത്തിടപാടുകളും വിവരാവകാശ നിയമപ്രകാരമുള്ള നടപടികളുമാണ് എന്നും കൂട്ടിനുണ്ടായിരുന്നത്.