റെയിൽവേ പുറമ്പോക്കിൽ മാലിന്യം; നീക്കം ചെയ്യാൻ പഞ്ചായത്ത് നിർദേശം
Mail This Article
എഴുകോൺ ∙ കോളന്നൂർ ഭാഗത്തെ റെയിൽവേ പുറമ്പോക്കിൽ ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെ ലോഡ് കണക്കിനു മാലിന്യം തള്ളിയ സ്ഥാപനങ്ങൾക്കെതിരെ പഞ്ചായത്തിന്റെ നടപടി. മാലിന്യത്തിൽ നിന്നു കണ്ടെത്തിയ തെളിവുകളിൽ നിന്നു തിരിച്ചറിഞ്ഞ 2 ഹോട്ടലുകൾക്കു നോട്ടിസ് നൽകുമെന്നും പിഴ ഈടാക്കുമെന്നും സെക്രട്ടറി സ്നേഹജ ഗ്ലോറി പറഞ്ഞു. മാലിന്യം നീക്കം ചെയ്യാനും ഇവരോടു നിർദേശിച്ചിട്ടുണ്ട്. നാട്ടുകാരുടെ പരാതിയെത്തുടർന്ന് പഞ്ചായത്ത് സെക്രട്ടറി, ജെഎച്ച്ഐ സി.അജി, ഉദ്യോഗസ്ഥരായ മോളി, ഉണ്ണിക്കൃഷ്ണൻ, രേഷ്മ തുടങ്ങിയവർ എത്തി പരിശോധന നടത്തിയ ശേഷമാണ് നടപടി കൈക്കൊള്ളാൻ തീരുമാനിച്ചത്.
കഴിഞ്ഞ രാത്രിയിലാണു പ്ലാസ്റ്റിക് ചാക്കുകളിൽ നിറച്ച മാലിന്യം പ്രദേശത്തു തള്ളിയത്. ദുർഗന്ധവും തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമായതോടെ നാട്ടുകാർ പഞ്ചായത്തിൽ പരാതിപ്പെട്ടു. എന്നാൽ, സ്വന്തമായി അല്ല ഇവിടെ മാലിന്യം തള്ളിയത് എന്നും മാലിന്യം ശേഖരിക്കുന്ന കരാറുകാരനെ ഏൽപ്പിക്കുകയായിരുന്നു എന്നും ഹോട്ടലുടമകൾ പഞ്ചായത്ത് അധികൃതരെ അറിയിച്ചു. അന്വേഷണത്തിൽ ഇതു ബോധ്യപ്പെട്ടാൽ കരാറുകാരനെതിരെ നടപടി എടുക്കുമെന്നു പഞ്ചായത്ത് അധികൃതർ പറഞ്ഞു.