പതിനായിരത്തോളം രൂപയുടെ ചില്ലറയുമായി എത്തി; വൈദ്യുതി വകുപ്പ് ജീവനക്കാരെക്കൊണ്ട് എണ്ണിപ്പിച്ച് പ്രതിഷേധം
Mail This Article
പത്തനാപുരം∙ അടിക്കടിയുണ്ടാകുന്ന വൈദ്യുതി മുടക്കത്തിനും വൈദ്യുതി ചാർജ് വർധനയ്ക്കും എതിരായ പ്രതിഷേധത്തിന്റെ ഭാഗമായി വൈദ്യുതി വകുപ്പ് ജീവനക്കാരെക്കൊണ്ട് ചില്ലറ എണ്ണിപ്പിച്ച് പഞ്ചായത്തംഗം. തലവൂർ പഞ്ചായത്തംഗം സി.രഞ്ജിത്താണ് ഉദ്യോഗസ്ഥരെ വലച്ച ചില്ലറ എണ്ണിച്ചത്. തലവൂർ മേഖലയിൽ ദിവസവും പല തവണ വൈദ്യുതി മുടങ്ങുമെന്നും പട്ടാഴിയിലെ സെക്‌ഷൻ ഓഫിസിൽ അറിയിച്ചാൽ ഒഴിവു കഴിവ് പറയുകയായിരുന്നു ഉദ്യോഗസ്ഥരുടെ പതിവെന്നും രഞ്ജിത്ത് ആരോപിക്കുന്നു. ഇതിനിടയിലാണ് വൈദ്യുതി ചാർജ് വർധിപ്പിച്ചത്.
പ്രതിഷേധത്തിനു പല വഴികൾ തിരഞ്ഞെടുത്തിട്ടും പ്രയോജനമില്ലെന്നു വന്നതോടെയാണ് പുതിയ മാർഗം തേടാൻ രഞ്ജിത്ത് തീരുമാനിച്ചത്. വൈദ്യുതി വിഛേദിക്കാതിരിക്കാനുള്ള അവസാന തീയതി ഇന്നലെയായിരുന്നു. രണ്ടാലുംമൂട് വാർഡിലെ 9 പേരുടെ ബില്ലുകൾ ശേഖരിച്ച് മൊത്തം ബിൽതുകയായ പതിനായിരത്തോളം രൂപയുടെ ചില്ലറയുമായി വൈദ്യുതി ഓഫിസിലെത്തി ബിൽ അടയ്ക്കുകയായിരുന്നു. ഇത്രയും തുക എണ്ണിത്തിട്ടപ്പെടുത്താൻ ജീവനക്കാർ ഏറെ സമയമെടുത്തു. ഒന്ന്, രണ്ട്, അഞ്ച്, പത്ത് രൂപയുടെ നാണയങ്ങളായിരുന്നു ഏറെയും.