അഞ്ചൽ സിഎച്ച്സി: പുതിയ കെട്ടിടം ഉയർന്നു; ചികിത്സാ സൗകര്യവും ഉയരണം
Mail This Article
അഞ്ചൽ ∙ മേഖലയിലെ സാധാരണക്കാരുടെ ആശ്രയമായ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഒരു കോടി രൂപ ചെലവഴിച്ചു നിർമിക്കുന്ന ഇരുനില മന്ദിരത്തിന്റെ നിർമാണം അന്തിമഘട്ടത്തിൽ. വികസനം കെട്ടിട നിർമാണത്തിൽ ഒതുക്കാതെ, ആധുനിക ചികിത്സ സൗകര്യങ്ങളും ഏർപ്പെടുത്തണമെന്ന് ആവശ്യമുയർന്നു. ഏതാണ്ട് 20 വർഷമായി ഇവിടെ നിർമാണ പ്രവർത്തനങ്ങൾ മാത്രമാണു നടക്കുന്നത്. ചികിത്സാ സൗകര്യങ്ങളും ഐപിയും ഏർപ്പെടുത്തുന്ന കാര്യത്തിൽ അധികൃതർക്കു താൽപര്യക്കുറവാണെന്നു നാട്ടുകാർ ആരോപിക്കുന്നു.
1990കളുടെ മധ്യഭാഗം വരെ മെച്ചപ്പെട്ട സൗകര്യങ്ങൾ ഉണ്ടായിരുന്ന ആതുരാലയമാണ് ഇത്. പ്രസവ മുറി ഉൾപ്പെടെയുള്ള സൗകര്യങ്ങളും വിദഗ്ധ ഡോക്ടർമാരുടെ സേവനവും ലഭിച്ചിരുന്നു. രാത്രിയും ആശുപത്രി സജീവമായിരുന്നു. അഞ്ചൽ, ഏരൂർ, അലയമൺ, ഇടമുളയ്ക്കൽ, ഇട്ടിവാ, കരവാളൂർ പഞ്ചായത്തുകളിലെ ഒട്ടേറെ ആളുകൾക്ക് ഉപകാരമായിരുന്നു.
എന്നാൽ, ഇതിന്റെ സംരക്ഷണ ചുമതല ബ്ലോക്ക് പഞ്ചായത്തിനു ലഭിച്ചതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. മരുന്നിനും ഡോക്ടർമാർക്കും കുറവുണ്ടായി. ഇതിനിടെ കെട്ടിടങ്ങൾ തകൃതിയായി നിർമിക്കുകയും ചെയ്തു. പുതിയ കെട്ടിടത്തിനു കെ.രാജു എംഎൽഎയുടെ ഫണ്ടിൽ നിന്നാണു പണം അനുവദിച്ചത്. കേരള ഭവന നിർമാണ ബോർഡ് നടത്തിയ പണികൾ ഇഴഞ്ഞു നീങ്ങിയതിനാൽ പൂർത്തീകരണത്തിനു 4 വർഷത്തിൽ കൂടുതൽ വേണ്ടിവന്നു.