പുനലൂർ റെയിൽവേ സ്റ്റേഷൻ: ബോഗികളിൽ വെള്ളം നിറച്ചുതുടങ്ങി
Mail This Article
പുനലൂർ ∙ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുനലൂർ –മധുര എക്സ്പ്രസ്, പുനലൂർ –നാഗർകോവിൽ എക്സ്പ്രസ് എന്നീ ട്രെയിനുകളിലെ ബോഗികളിൽ വെള്ളം പൂർണമായി നിറച്ചുതുടങ്ങി. ഈ സംവിധാനം നിലവിൽ വന്നതോടെ ട്രെയിൻ സർവീസുകൾ ആരംഭിക്കാനും അവസാനിപ്പിക്കാനും ഉള്ള എല്ലാ സംവിധാനങ്ങളും പുനലൂർ റെയിൽവേ സ്റ്റേഷനിൽ തയാറായിക്കഴിഞ്ഞു. നേരത്തെ വെള്ളം നിറയ്ക്കൽ ആരംഭിച്ചെങ്കിലും കല്ലടയാറിന്റെ തീരത്ത് നിർമിച്ച കിണറ്റിൽ ആവശ്യത്തിന് വെള്ളം ഇല്ലെന്ന് കാരണത്താൽ കൂടുതൽ ദിവസം വെള്ളം നിറയ്ക്കൽ നടന്നില്ല. ഒടുവിൽ ഒക്ടോബർ 21ന് റെയിൽവേ മധുര ഡിവിഷനൽ മാനേജർ പുനലൂർ റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചതിനു ശേഷമാണ് ട്രെയിനുകളിൽ വെള്ളം നിറയ്ക്കുന്നതിനുള്ള പ്രവർത്തനം പുനരാരംഭിക്കാൻ നിർദേശിച്ചത്.
ഒടുവിൽ പുനലൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിവച്ചിരുന്ന ഹൈഡ്രന്റ് ലൈനുകളുടെ പ്രവർത്തനം പുനരാരംഭിച്ചു. ഏകദേശം 1.5 കോടി രൂപ ചെലവിലാണ് ഹൈഡ്രന്റ് ലൈൻ സംവിധാനം പുനലൂർ റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ചത്. കല്ലടയാറ്റിന്റെ കരയിൽ മൂർത്തിക്കാവിന് സമീപത്തായി വലിയ കിണറും പമ്പ് ഹൗസും നിർമിച്ചു. അവിടെ നിന്നും വെള്ളം പമ്പ് ചെയ്ത് പുനലൂർ റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ഭൂഗർഭ ടാങ്കിൽ എത്തിച്ച ശേഷം അവിടെ നിന്നും ഓവർ ഹെഡ് ടാങ്കിലേക്കും പിന്നീട് ഈ വെള്ളം പ്ലാറ്റ്ഫോമിന് സമീപത്തായി സ്ഥാപിച്ചിരിക്കുന്ന പൈപ്പുകളിലേക്കും എത്തിക്കുന്നു.