ഇസ്രയേൽ സ്വദേശിയായ യുവതിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ സംഭവം; പൊലീസ് പറയുന്നത് ഇങ്ങനെ
Mail This Article
കൊട്ടിയം ∙ ഇസ്രയേൽ സ്വദേശിയായ യുവതിയെ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ജീവനൊടുക്കാൻ ശ്രമിച്ച മലയാളിയായ ഭർത്താവിനെ ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇസ്രയേൽ സ്വദേശി രാധ എന്നു വിളിക്കുന്ന സത്‌വ (36) ആണു കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവായ കൃഷ്ണചന്ദ്രൻ (ചന്ദ്രശേഖരൻ നായർ – 75) ആണു ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്. ഇന്നലെ വൈകിട്ട് 3.30നു ഡീസന്റ് ജംക്‌ഷനിലെ കോടാലിമുക്കിനു സമീപത്തെ റേഷൻ കടയ്ക്ക് എതിർവശത്തുള്ള തിരുവാതിര എന്ന വാടകവീട്ടിലാണു സംഭവം നടന്നത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: രവികുമാറും ഭാര്യ ബിന്ദുവുമാണ് ഇവിടെ വാടകയ്ക്കു താമസിക്കുന്നത്. ബിന്ദുവിന്റെ പിതൃസഹോദരനാണ് കൃഷ്ണചന്ദ്രൻ. രവികുമാറും ബിന്ദുവും വീട്ടിൽ ഇല്ലാതിരുന്ന സമയത്താണു സംഭവം. ഇന്നലെ ഉച്ചയോടെ ബിന്ദു ബന്ധുവീട്ടിൽ പോയി മടങ്ങിയെത്തി കോളിങ് ബെൽ ഒട്ടേറെ തവണ അടിച്ചിട്ടും വാതിൽ തുറന്നില്ല. തുടർന്നു വീടിന്റെ പിന്നിലെ വാതിൽ തുറന്ന് അകത്തു കയറി. കൃഷ്ണചന്ദ്രനും സത്‌വയും കിടക്കുന്ന മുറിയിലെ കതകിൽ തട്ടി. കുറെത്തവണ തട്ടിയപ്പോൾ കൃഷ്ണചന്ദ്രൻ വാതിലിന്റെ പാതി തുറന്നു. ബിന്ദു മുറിക്കുള്ളിലേക്കു നോക്കിയപ്പോൾ സത്‌വ കഴുത്തിനു മുറിവേറ്റു കട്ടിലിൽ രക്തത്തിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. നിലവിളിച്ചപ്പോൾ ബിന്ദുവിന്റെ മുന്നിൽ വച്ചു തന്നെ കൃഷ്ണചന്ദ്രൻ കത്തി കൊണ്ട് സ്വയം കുത്തി മുറിവേൽപ്പിച്ചതായാണു പറയപ്പെടുന്നത്. തുടർന്നു ബിന്ദു അയൽവാസികളെയും നാട്ടുകാരെയും വിളിച്ചു കതക് ചവിട്ടിപ്പൊളിച്ച് അകത്തുകയറുകയായിരുന്നു.
കഴുത്തിനു മുറിവേറ്റു കിടക്കുന്ന സത്‌വയ്ക്കു സമീപത്തു കൃഷ്ണചന്ദ്രനും അവശനിലയിൽ കിടക്കുകയായിരുന്നു അപ്പോൾ. നാട്ടുകാർ ഉടൻ കൊട്ടിയം പൊലീസിനെ വിവരം അറിയിച്ചു. കൃഷ്ണചന്ദ്രനെ നാട്ടുകാരും സത്‌വയെ പൊലീസുമാണ് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. സത്‌വ അപ്പോഴേക്കും മരിച്ചിരുന്നു. വൈകാതെ മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. വിദഗ്ധ ചികിത്സയ്ക്കായി കൃഷ്ണചന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. 16 വർഷമായി കൃഷ്ണചന്ദ്രനും സത്‌വയും ഒരുമിച്ചാണ്. ഋഷികേശിൽ യോഗ അധ്യാപകനായിരുന്ന കൃഷ്ണചന്ദ്രന്റെ ശിഷ്യ ആയിരുന്നു ഇവർ. പിന്നീട് വിവാഹം കഴിച്ച ഇരുവരും ഒരു വർഷം മുൻപാണു കേരളത്തിലെത്തിയത്. ആരോഗ്യപ്രശ്നങ്ങളെത്തുടർന്നു കുറച്ചുനാളുകളായി ജീവനൊടുക്കാനുള്ള തയാറെടുപ്പുകൾ നടത്തിയിരുന്നതായും ഇന്നലെ ഉച്ചയ്ക്കു ഭക്ഷണം കഴിച്ച ശേഷം സത്‌വ ആദ്യം സ്വയം കുത്തിയെങ്കിലും മരിക്കാത്തതിനാൽ തന്നോട് ആവശ്യപ്പെട്ടതുപ്രകാരം കുത്തിയതാണ് എന്നും പിന്നീടു സ്വയം ജീവനൊടുക്കാൻ ശ്രമിച്ചതാണെന്നും കൃഷ്ണചന്ദ്രൻ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.
സംഭവം നടന്ന വീടിനു മുന്നിൽ തടിച്ചുകൂടി ജനം
കൊട്ടിയം ∙ വിദേശവനിത കൊല്ലപ്പെട്ടെന്ന വാർത്ത ഞെട്ടലോടെയാണു നാട്ടുകാർ അറിഞ്ഞത്. ഉടൻ തന്നെ സംഭവം നടന്ന വീട്ടിലേക്കു നാട്ടുകാർ പാഞ്ഞെത്തി. പൊലീസ് സംഘവും ജനപ്രതിനിധികളും ഒപ്പമെത്തി. ഉത്തരാഖണ്ഡിൽ യോഗാ അധ്യാപകനായിരുന്ന കൃഷ്ണചന്ദ്രൻ അവിടെ വച്ചാണ് പരിശീലനത്തിന് എത്തിയ ഇസ്രയേൽ സ്വദേശിയായ സ്വത്‌വയെ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും വിവാഹിതരായി എന്നാണു ബന്ധുക്കൾ പറയുന്നത്. ഒരു വർഷം മുൻപാണ് ആയുർവേദ ചികിത്സയ്ക്കായി ഇരുവരും ഡീസന്റ് ജംക്‌ഷനു സമീപം കോടാലിമുക്കിൽ ഉള്ള ബന്ധുവീട്ടിൽ എത്തിയത്. ഒരു വർഷമായി ഇരുവരും ഇവിടെ താമസിക്കുന്നുണ്ടെങ്കിലും പരിസരവാസികളുമായി അധികം സംസാരിക്കാറില്ല.
സ്വത്‌വയ്ക്കു മലയാളം അൽപം അറിയാം എന്നു പഞ്ചായത്തംഗം എസ്.സിന്ധു പറഞ്ഞു. അവർ നന്നായി പെരുമാറിയിരുന്ന സ്ത്രീ ആണെന്നു കൃഷ്ണചന്ദ്രന്റെ ബന്ധുവായ ബിന്ദു പറഞ്ഞു. ഇവർ തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അറിയില്ല. കൊലപാതകം എന്തിനുവേണ്ടി ചെയ്തു എന്നതിനെപ്പറ്റിയും വ്യക്തത ഇല്ല. സംഭവം നടക്കുമ്പോൾ ബിന്ദുവിന്റെ ഭർത്താവ് ജോലി സ്ഥലത്തായിരുന്നു. വൻ ജനാവലിയാണു വീടിനു മുന്നിൽ തടിച്ചു കൂടിയത്. തൃക്കോവിൽവട്ടം പഞ്ചായത്ത് പ്രസിഡന്റ് ജി.എസ്.സിന്ധു, പഞ്ചായത്തംഗം എസ്.സിന്ധു, പഞ്ചായത്ത് അംഗങ്ങളായ സതീഷ് കുമാർ, സജാദ്, ഷീബ, സീതാഗോപാൽ, ഷിബുലാൽ, വിലാസിനി, ഗംഗാദേവി എന്നിവരും കൊട്ടിയത്തു നിന്നുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി. ഒരു വർഷത്തിലേറെയായി ഇസ്രയേൽ സ്വദേശിയായ വനിത കോടാലിമുക്കിൽ താമസിച്ചിട്ടും പൊലീസ് ഈ വിവരം അറിഞ്ഞിരുന്നില്ലെന്ന് ആക്ഷേപം ഉണ്ട്. താമസത്തിനായി വിദേശകൾ എത്തിയാൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണം എന്നുണ്ട്.