അമ്പലക്കടവ് പുതിയ പാലം 'ഉടൻ വരും'; പ്രഖ്യാപനത്തിന് 6 വയസ്സ്
Mail This Article
കുളത്തൂപ്പുഴ ∙ സർക്കാർ ബജറ്റിൽ 2017ൽ 10 കോടി രൂപ വകയിരുത്തിയ ബാലക ശ്രീധർമശാസ്താ ക്ഷേത്രം അമ്പലക്കടവ് പുതിയ പാലം ഇന്നു വരും നാളെ വരും എന്നു വീമ്പിളക്കൽ തുടങ്ങിയിട്ട് 6 വർഷം. പഴയ പാലത്തിന്റെ ഇരുകരകളിലും മണ്ണു പരിശോധനയും കണക്കെടുപ്പും നടക്കുന്നുണ്ടെങ്കിലും പാലം മാത്രം ഉയരുന്നില്ല. ജനപ്രതിനിധികൾ പ്രഖ്യാപനത്തിൽ കാട്ടുന്ന ശുഷ്കാന്തി തുടർനടപടികളിൽ കാട്ടാത്തതു രാഷ്ട്രീയ മുതലെടുപ്പു മാത്രമെന്നാണു പ്രതിപക്ഷത്തിന്റെ ആരോപണം. കാലപ്പഴക്കമുള്ള വീതി കുറവായ തകർന്ന പാലം അടുത്തിടെ 50 ലക്ഷം രൂപ മുടക്കി മരാമത്ത് പാലം വിഭാഗം തൂണുകളിൽ കോൺക്രീറ്റ് കവചിത ഭിത്തി (ജാക്കറ്റിങ്) നിർമിച്ചു നവീകരിച്ചതോടെ പുതിയ പാലം പെരുവഴിയിലാകുമെന്ന പരിഭവത്തിലാണു നാട്ടുകാർ.
പഴയ പാലം നവീകരിച്ചതിനാൽ പുതിയ പാലത്തിന്റെ പ്രസക്തി ഇല്ലാതായെന്നും ഇതിനു 10 കോടി മുടക്കുന്നതു നിലവിലെ സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടും എന്നുമാണു വിലയിരുത്തൽ. കിഫ്ബി പദ്ധതിയിൽ തുക വകയിരുത്തിയ പാലത്തിന്റെ കണക്കെടുപ്പു തുടങ്ങിയതു മുതൽ തുടരുന്ന കാലക്കേട് ഇപ്പോഴും തുടരുകയാണ്. 10 കോടി രൂപ ആയിരുന്നു ആദ്യം ബജറ്റിൽ വകയിരുത്തിയത്. തുടർന്നു 11 കോടി രൂപയായി തുക ഉയർത്തിയിട്ടും പാലം വന്നില്ല. പാലത്തിന്റെ ആദ്യ കണക്കെടുപ്പും രൂപരേഖയും തലതിരിഞ്ഞതോടെയായിരുന്നു കാലക്കേടിന്റെ തുടക്കം.
പുതിയ രൂപരേഖ തയാറാക്കിയെങ്കിലും പാലത്തിന്റെ കാര്യത്തിൽ ഒരു രൂപവുമില്ല ആർക്കും. പലതവണ ദർഘാസ് വിളിച്ചിട്ടും പാലം പണിയാൻ ആരും എത്താത്തതാണു കാരണമെന്നാണ് അധികൃതർ പറയുന്നത്. പാലത്തിന്റെ കരയിലെ അനുബന്ധ റോഡ് 10 മീറ്റർ വീതിയിൽ നവീകരിക്കുമെന്ന പിന്നാലെയുള്ള പ്രഖ്യാപനം വന്നതു പോലെ തന്നെ പോയി. ഡീസന്റ് മുക്ക് വരെ പാത വീതി കൂട്ടി സജ്ജമാക്കുമെന്നായിരുന്നു പ്രഖ്യാപനം. പാത വീതി കൂട്ടുമ്പോൾ ചിലരുടെ വീട്ടുമുറ്റം വരെ പുറമ്പോക്കാവുമെന്നു വന്നതോടെ ഭരണകക്ഷിയിലുള്ളവർ അണിയറയിൽ ചരടുവലി മുറുക്കിയതാണു തിരിച്ചടി ആയതെന്നാണ് പരാതി.
പുതിയ പാലം വന്നാൽ ശബരിമല തീർഥാടകർ നേരിടുന്ന ഗതാഗത പ്രശ്നത്തിനു പരിഹാകമാകുമായിരുന്നു. ജില്ലയിലെ ഏറ്റവും വലിയ ആദിവാസി മേഖലയായ വില്ലുമലയിലെ ഗോത്രജനവിഭാഗങ്ങൾക്കും മറ്റും വികസനപാതയിലെ നട്ടെല്ലാകുമായിരുന്നു പുതിയ പാലം. ക്ഷേത്രവുമായി ബന്ധപ്പെട്ട കല്ലടയാറ്റിലെ മത്സ്യക്കൂട്ടങ്ങൾക്കു വിശ്വാസികൾ വഴിപാടു നടത്തുന്നതു പാലത്തിലെ കൈവരികളിൽ നിന്നാണ്. വഴിപാടുകാരുടെ തിരക്കേറുമ്പോൾ വാഹനങ്ങളും കാൽനടയാത്രക്കാരും അനുഭവിക്കുന്ന ബുദ്ധിമുട്ടിനു പരിധിയില്ല.