നവകേരള സദസ്സിന് ചാത്തന്നൂരിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു
Mail This Article
ചാത്തന്നൂർ ∙ കാരംകോട് സഹകരണ സ്പിന്നിങ് മിൽ വളപ്പിൽ 20നു വൈകിട്ട് 3.30നു നടക്കുന്ന നവകേരള സദസ്സിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. സമ്മേളന പന്തലിന്റെ കാൽനാട്ടൽ കർമം ഇന്ന് 10നു ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ശ്രീകുമാർ നിർവഹിക്കും. സദസ്സിന്റെ പ്രചാരണാർഥം മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും വിവിധ കലാ – കായിക മത്സരങ്ങൾ നടത്തും. താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ പരവൂർ മുനിസിപ്പൽ പാർക്കിൽ ജനകീയ മെഗാ ക്വിസ് മത്സരം ഇന്നു നടക്കും. ചാത്തന്നൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 11നു 4നു ചാത്തന്നൂർ ഇസിയാൻ ഇൻഡോർ സ്റ്റേഡിയത്തിൽ വോളിബോൾ ടൂർണമെന്റ് നടക്കും. 12ന് ആദിച്ചനല്ലൂർ കൈരളി വായനശാലയിൽ ചെസ് ടൂർണമെന്റ്, കല്ലുവാതുക്കൽ കെപിഎച്ച്എസ് ഗ്രൗണ്ടിൽ ക്രിക്കറ്റ് ടൂർണമെന്റ്, ചിറക്കരയിൽ കബഡി ടൂർണമെന്റ്, പൂയപ്പള്ളിയിൽ വടംവലി, പൂതക്കുളം ഹൈസ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ ടൂർണമെന്റ് എന്നിവ വിവിധ ദിവസങ്ങളിലായി നടക്കും.
11 മുതൽ 17 വരെ എല്ലാ പഞ്ചായത്തുകളിലും കുടുംബശ്രീയുടെ നേതൃത്വത്തിൽ മെഗാ തിരുവാതിരകളി നടത്തും.15നു സീനിയർ മാരത്തൺ മത്സരം നടക്കും. തിരുമുക്കിൽ നിന്ന് ആരംഭിക്കുന്ന മാരത്തൺ പരവൂർ വഴി പാരിപ്പള്ളിയിൽ സമാപിക്കും.10000 രൂപ, 5000 രൂപ, 3000 രൂപ എന്ന നിലയിൽ ഒന്ന്, രണ്ട്, മൂന്ന് വിജയികൾക്ക് സമ്മാനം നൽകും. 19നു ദീപശിഖാ റാലിആദിച്ചനല്ലൂർ നിന്ന് ആരംഭിക്കും. പൂയപ്പള്ളി വഴി കല്ലുവാതുക്കലിൽ സമാപിക്കും. ചാത്തന്നൂർ എസ്എൻ കോളജ് വിദ്യാർഥികളുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഫ്ലാഷ് മോബ് നടത്തും. 11നു മണ്ഡലത്തിലെ എല്ലാ സ്കൂളുകളിലും അക്ഷര ജ്വാല സംഘടിപ്പിക്കും. പരാതികൾ സ്വീകരിക്കുന്നതിനും അയ്യായിരത്തോളം പേർക്ക് ഇരിക്കാനും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നതെന്ന് സംഘാടകസമിതി ചെയർമാൻ ജി.എസ്.ജയലാൽ എംഎൽഎ, കൺവീനർ ഡപ്യൂട്ടി കലക്ടർ കെ.പി.ദീപ്തി എന്നിവർ അറിയിച്ചു.