ADVERTISEMENT

നിലമേൽ∙ കൈതോട് പ്രദേശത്ത് പരിസ്ഥിതി പ്രശ്നത്തിന് വഴിയൊരുക്കും വിധം മുള്ളുംമൂട് പാറയിൽ ഖനനത്തിന് നീക്കം നടത്തുന്നതായി ആരോപണം. ജടായുപ്പാറ ടൂറിസം പദ്ധതിയുമായി ബന്ധപ്പെടുത്തി മുള്ളുംമൂട്  പാറയിൽ പദ്ധതി നടപ്പാക്കണമെന്ന ജനങ്ങളുടെ ആവശ്യത്തിന് തടസ്സമായി പാറഖനനം നടത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ഉയർന്നു.  പാരിപ്പള്ളി മടത്തറ റോഡിന്റെ വശത്ത് കൈതോട് ജംക്‌ഷന് സമീപത്താണ് പാറ. വിസ്തൃതമായ പാറയുടെ മുകൾ പരിപ്പിൽ നിന്നുള്ള ദൂരക്കാഴ്ച കൗതുകകരമാണ്. ഇവിടെ നിന്നു ജടായുപ്പാറ കാണാനാകും. 

നാട്ടുകാരും ദൂരെ സ്ഥലങ്ങളിൽ നിന്നും ഏറെ പേരാണ് പാറയിൽ എത്തുന്നത്. കുരിയാണിക്കര ജംക്‌ഷന് സമീപത്തു നിന്ന് പാറയുടെ ഭാഗത്ത് റോഡുണ്ട്.  സമീപത്ത് ഏറെ പേരാണ് താമസിക്കുന്നത്. പാറ ഖനനത്തിന് അനുമതി നൽകിയാൽ ഇവിടെ ഉള്ളവർ നാടു വിട്ട് പോകേണ്ടി വരുമെന്ന് ജനങ്ങൾ പറയുന്നു. പാറ ഖനന ലോബി സ്ഥലത്ത് എത്തി പരിസരത്തു താമസിക്കുന്നവരുടെ വീടും വസ്തുവും വിലയ്ക്ക് വാങ്ങാനും ശ്രമം തുടങ്ങി. ജിയോളജി റവന്യു ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി.  ആക്‌ഷൻ കൗൺസിൽ രൂപീകരിച്ചു.

നേരത്തെ പാറഖനനത്തിന് വേണ്ടി ശ്രമം നടന്നിരുന്നു. അന്ന് നാട്ടുകാരുടെ എതിർപ്പ് മൂലം നടപടികൾ നിർത്തിയിരുന്നു. ഇപ്പോൾ പാറ ലോബിയും സംഘവും വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം നാട്ടുകാർ യോഗം കൂടി. നിലമേൽ പഞ്ചായത്ത് പ്രസിഡന്റും ജനപ്രതിനിധികൾ ഉൾപ്പെടെ യോഗത്തിൽ പങ്കെടുത്തു. ക്ഷേത്രം, മുസ്‌ലിം പള്ളി എന്നിവ സമീപത്തുണ്ട്. വൻ അപകടത്തിനു വഴിയൊരുക്കുന്ന തരത്തിൽ പാറഖനത്തിന് അനുമതി നൽകരുതെന്നാണ് നാട്ടുകാരുടെ അപേക്ഷ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com