ADVERTISEMENT

ഗവർണർ പങ്കെടുക്കുന്ന പരിപാടിക്കു പ്രാർഥന ചൊല്ലാൻ അച്ഛൻ നിർബന്ധിച്ചപ്പോൾ അതൊരു നിമിത്തമാകുമെന്ന് ഹരിത സ്വപ്നത്തിൽ പോലും ചിന്തിച്ചില്ല. ഈശ്വര പ്രാർഥനയുടെ അർഥവും ആലാപനമാധുര്യവും ആസ്വദിച്ച ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ പെട്ടെന്നാണ് എം.ഹരിതയെ തന്റെ പ്രസംഗം പരിഭാഷപ്പെടുത്താൻ ക്ഷണിച്ചത്. ആദ്യം ഒന്നു പകച്ചെങ്കിലും എല്ലാവരും നിർബന്ധിച്ചപ്പോൾ ഹരിത ഗവർണറുടെ പ്രസംഗം നന്നായിത്തന്നെ മലയാളത്തിലേക്ക് തർജമ ചെയ്തു. കേരള തണ്ടാൻ മഹാസഭ കാർത്തികപ്പള്ളി യൂണിയൻ സെക്രട്ടറി കായംകുളം കൃഷ്ണപുരം പാലസ് വാർഡിൽ മേക്കാട്ട് എം.വി.ജയലാലിന്റെയും മായയുടെയും മകളായ ഹരിത ആലപ്പുഴ മെഡിക്കൽ കോളജിൽ ബിഡിഎസ് മൂന്നാം വർഷ വിദ്യാർഥിയാണ്. അപ്രതീക്ഷിതമായി കിട്ടിയ അ‍വസരത്തെപ്പറ്റിയും ഗവർണറുടെ അഭിനന്ദനത്തെപ്പറ്റിയും ഹരിത മനോരമ ഒാൺലൈനുമായി സംസാരിക്കുന്നു.

haritha-kollam

ഇംഗ്ലിഷ് ഉച്ചാരണം ഇഷ്ടമായി
പാട്ടുപഠിച്ചിട്ടില്ലെങ്കിലും ചെറുതായി പാടും. കൊല്ലം ഒാച്ചിറയിൽ കേരള തണ്ടാൻ മഹാസഭ (കെടിഎംഎസ്) പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനവും കുഞ്ഞൻ വെളുമ്പൻ സ്മാരക പഠന കേന്ദ്രത്തിന്റെയും കെടിഎംഎസ് കേന്ദ്ര ഓഫിസ് സമുച്ചയത്തിന്റെയും നിർമാണ ഉദ്ഘാടനവും നിർവഹിക്കാൻ എത്തിയതായിരുന്നു ഗവർണർ. ആ പരിപാടിയിൽ പ്രാർഥന ചൊല്ലാനും പരിപാടി ആങ്കർ ചെയ്യാനുമായി അച്ഛനും സുഹൃത്തുക്കളും നിർബന്ധിച്ചു. അങ്ങനെയാണ് ചടങ്ങിനെത്തുന്നത്. പ്രാർഥന ചൊല്ലിക്കഴിഞ്ഞ് ഗവർണറെ ക്ഷണിക്കുന്ന ചടങ്ങിനായി കുറച്ചു വാക്കുകൾ സംസാരിച്ചു. അതിൽ ഇംഗ്ലിഷ് വാക്യങ്ങൾ ഉണ്ടായിരുന്നു. അതുകേട്ടിട്ടാണ് അദ്ദേഹം പ്രസംഗം പരിഭാഷപ്പെടുത്താൻ ക്ഷണിച്ചത്.

ഗവർണറെ സ്വാഗതം ചെയ്തുകഴിഞ്ഞപ്പോൾ അദ്ദേഹം വേദിയിലേക്കു ക്ഷണിച്ചു. ഇംഗ്ലിഷ് ഉച്ചാരണം നന്നായിരുന്നുവെന്ന് അഭിനന്ദിച്ചു. സ്നേഹാന്വേഷണങ്ങളും നടത്തി. അതുകഴിഞ്ഞാണ് തന്റെ ഇംഗ്ലിഷ് പ്രസംഗം മലയാളത്തിലേക്കു പരിഭാഷപ്പെടുത്താമോ എന്നു ചോദിച്ചത്. ഞാനൊന്നു പേടിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു, കൃത്യമായി പരിഭാഷപ്പെടുത്തേണ്ട, അത്യാവശ്യം മനസ്സിലാകുന്ന രീതിയിൽ മതിയെന്ന്. കുറച്ചു ബുദ്ധിമുട്ടുള്ള ഭാഗങ്ങൾ അദ്ദേഹം എനിക്കായി മയപ്പെടുത്തി പറഞ്ഞു. പ്രസംഗം പരിഭാഷ ചെയ്യാൻ വേറെ ആരെയെങ്കിലും ഏർപ്പെടുത്തിയിരുന്നോ എന്നറിയില്ല. 

നല്ല ഡോക്ടറായി വരണമെന്ന് അനുഗ്രഹം
കൊല്ലം ഒാച്ചിറയിൽ കേരള തണ്ടാൻ മഹാസഭ (കെടിഎംഎസ്) പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനവും കുഞ്ഞൻ വെളുമ്പൻ സ്മാരക പഠന കേന്ദ്രത്തിന്റെയും കെടിഎംഎസ് കേന്ദ്ര ഓഫിസ് സമുച്ചയത്തിന്റെയും നിർമാണ ഉദ്ഘാടനവും നിർവഹിക്കാൻ എത്തിയതായിരുന്നു ഗവർണർ. പ്രസംഗം കഴിഞ്ഞ് ഇറങ്ങിയപ്പോൾ രാജ് ഭവന്റെ ഒരു ബാഗ് അദ്ദേഹം സമ്മാനമായി നൽകി. പേനയും സെറ്റ് സാരിയും രാജ്ഭവന്റെ ഡയറി അടങ്ങിയ സമ്മാനപ്പൊതി ഉണ്ടായിരുന്നു. ഡോക്ടർ ആകാൻ പഠിക്കുകയല്ലേ, ഭാവിയിൽ നല്ല ഡോക്ടറായി വരണമെന്ന് അനുഗ്രഹിച്ചു. 

ശരിക്കും സ്വപ്നം പോലെയാണ് ഇതെല്ലാം തോന്നുന്നത്. ഇങ്ങനെ ഒരു പരിപാടിയിൽ പങ്കെടുക്കുമെന്ന് കൂട്ടുകാരോട് പറഞ്ഞിരുന്നെങ്കിലും ഇത് ഇത്ര സംഭവമാകുമെന്ന് അറിഞ്ഞില്ല. പിറ്റേന്ന് പത്രത്തിൽ വാർത്ത കണ്ട് എല്ലാവരും ഞെട്ടി. ശരിക്കും പുതുവർഷ സമ്മാനം തന്നെയായിരുന്നു കിട്ടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com