എപിപി ജീവനൊടുക്കിയ സംഭവം: ക്രൈംബ്രാഞ്ച് മൊഴിയെടുത്തു
Mail This Article
പരവൂർ ∙ മുൻസിഫ് കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ്.അനീഷ്യ(41) ജീവനൊടുക്കിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് സംഘം ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. സ്ഥലം മാറിപ്പോയ സിറ്റി ക്രൈം ബ്രാഞ്ച് എസിപി സക്കറിയ മാത്യൂസിന്റെ നേതൃത്വത്തിൽ ശനിയാഴ്ച അനീഷ്യയുടെ വീട്ടിലെത്തി ഭർത്താവ് മാവേലിക്കര സെഷൻസ് കോടതി ജഡ്ജി കെ.എൻ.അജിത്ത് കുമാർ അടക്കമുള്ള ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
പുതിയ സിറ്റി ക്രൈം ബ്രാഞ്ച് എസിപിയായി ചാർജെടുത്ത എൻ.ഷിബുവിന്റെ നേത്യത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് ഇന്നലെ അനീഷ്യയുടെ വീട്ടിലെത്തി സഹോദരൻ, അച്ഛൻ, അച്ഛന്റെ സഹോദരൻ, എന്നിവരുടെ മൊഴി രേഖപ്പെടുത്തിയത്. കൂടുതൽ തെളിവുകൾ ശേഖരിച്ചു വരുകയാണെന്ന് സിറ്റി ക്രൈം ബ്രാഞ്ച് എസിപി എൻ.ഷിബു പറഞ്ഞു. കഴിഞ്ഞ 21 നാണ് അനീഷ്യയെ നെടുങ്ങോലത്തെ വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ (ഡിജിപി) ഉത്തരവ് പ്രകാരം അന്വേഷണം നടത്തുന്ന ഹെഡ് ക്വാർട്ടേഴ്സ് ഡപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ (ഡിഡിപി) കെ.ഷീബയും വരും ദിവസങ്ങളിൽ അനീഷ്യയുടെ വീട്ടിലെത്തും. അന്വേഷണം നടത്താൻ അതേ തസ്തികയിലുള്ള ഉദ്യോഗസ്ഥയെ നിയമിച്ച നടപടിയിലും പ്രതിഷേധം ഉയർന്നിട്ടുണ്ട്.
ആരോപണ വിധേയൻ ജോലിക്കെത്തി; പ്രതിഷേധം
അനീഷ്യയുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ (എപിപി) പരവൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ജോലിക്കെത്തിയത് പ്രതിഷേധത്തിന് കാരണമായി. ആരോപണ വിധേയൻ കോടതി നടപടികളിൽ ഇടപെട്ടതോടെ വനിതാ അഭിഭാഷകർ പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു. തുടർന്നു ഡപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ എപിപിയോട് അവധിയിൽ പോകാൻ ആവശ്യപ്പെട്ടുവെന്നാണ് സൂചന.