തടാക തീരത്ത് തീപിടിത്തം പതിവ്; ഇന്നലെ പകൽ മൂന്നിടത്ത് തീപടർന്നു
Mail This Article
ശാസ്താംകോട്ട ∙ തടാക തീരത്ത് തീപിടിത്തം പതിവാകുന്നു. ഇന്നലെ പകൽ മൂന്നിടത്ത് തീപടർന്നു. പൊലീസ് സ്റ്റേഷൻ, പൊതുമരാമത്ത് റെസ്റ്റ് ഹൗസ്, ഡിബി കോളജ് ഗേൾസ് ഹോസ്റ്റൽ എന്നിവയോട് ചേർന്നാണ് ഉച്ചയ്ക്ക് 12.30, 2.30, വൈകിട്ട് 5 എന്നീ സമയങ്ങളിൽ തീപിടിത്തമുണ്ടായത്. തടാകതീരത്തെ വിശാലമായ മൊട്ടക്കുന്നിൽ ഉണങ്ങി നിൽക്കുന്ന പുൽമേടുകൾ അഗ്നിക്കിരയായി. വാഹനം എത്താൻ പ്രയാസമുള്ള മേഖലയിൽ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലൂടെയായിരുന്നു അഗ്നിരക്ഷാ സേനാംഗങ്ങൾ ഓരോ തവണയും തീ കെടുത്തിയത്.
പൊലീസ് സ്റ്റേഷനു സമീപം തൊണ്ടിമുതലായ വാഹനങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലത്തേക്ക് തീ എത്തിയത് ആശങ്കയ്ക്കിടയാക്കി. തടാകം കാണാൻ എത്തുന്ന സംഘങ്ങൾ കത്തിച്ച സിഗരറ്റ് അലക്ഷ്യമായി വലിച്ചെറിയുന്നത് അപകടത്തിനു കാരണമായതായി പരാതിയുണ്ട്. സ്റ്റേഷൻ ഓഫിസർ ജയചന്ദ്രൻ, അസി.സ്റ്റേഷൻ ഓഫിസർ സജീവ്, ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ അഭിലാഷ്, മിഥിലേഷ് കുമാർ, സണ്ണി, ഹരിലാൽ, ഹോം ഗാർഡുമാരായ ഷിജു ജോർജ്, ജി.പ്രദീപ്, ഉണ്ണിക്കൃഷ്ണ പിള്ള എന്നിവർ ചേർന്നാണ് തീയണച്ചത്.