പാരാ അത്‌ലറ്റിക് ചാംപ്യൻഷിപ്പുകളിൽ മെഡലുകൾ വാരിക്കൂട്ടുന്ന ശ്രീറാം സ്പോൺസറെ തേടുന്നു
Mail This Article
കൊല്ലം∙ സെന്റ് ഗൊരേത്തി ഹൈസ്കൂളിൽ 9–ാം ക്ലാസിൽ പഠിക്കുമ്പോൾ പുനലൂർ ശ്രീവാസ് ഭവനിലെ എം.ശ്രീറാം ഒരിക്കലും ഓർത്തില്ല കൂടെയോടുന്ന ‘വിധി’ തന്നെ തട്ടിവീഴ്ത്തുമെന്ന്. പിന്നീട് ആ വിധിയെ തോൽപിച്ച് ശ്രീറാം വാരിക്കൂട്ടിയത് പാരാ അത്‌ലറ്റിക് സംസ്ഥാന, ദേശീയ ചാംപ്യൻഷിപ്പുകളിലെ മെഡലുകൾ.
അത്‌ലീറ്റായി ഓടിത്തുടങ്ങിയ 2015ലാണ് കേരള–തമിഴ്നാട് അതിർത്തിയിലുണ്ടായ അപകടത്തിൽപ്പെട്ട് പേശികളും ഞരമ്പുകളും തകർന്നു. ട്യൂബിട്ടായിരുന്നു ആഹാരം കഴിക്കുന്നതു പോലും. അവിടെ നിന്നാണ് ശ്രീറാമിന്റെ ഉയർത്തെഴുന്നേൽപ്. അപകടത്തിൽ വലതു കയ്യിന്റെ ശേഷി നഷ്ടപ്പെട്ടു. ഒരു ഇലപോലും എടുക്കാൻ കഴിയില്ല, വലതു തോൾ ചരിഞ്ഞു. കാഴ്ചയ്ക്കും കാര്യമായി മങ്ങലേറ്റു. സ്കൂളിൽ നിന്നു പഠിച്ച ഓട്ടത്തിന്റെ ബാലപാഠം മനസ്സിൽ നിറഞ്ഞിരുന്നു. അതിൽ നിന്നാണ് പരിശീലനം നേടാൻ താൽപര്യമുണ്ടായത്. വർഷങ്ങളുടെ പരിശീലനത്തിനൊടുവിൽ കഴിഞ്ഞ വർഷം സംസ്ഥാന പാരാ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ 4 സ്വർണവും ഒരു വെള്ളിയും നേടി. മഹാരാഷ്ട്രയിൽ നടന്ന ദേശീയ മീറ്റിൽ 1500 മീറ്ററിൽ വെങ്കലം നേടി. ഡൽഹിയിൽ നടന്ന ഖേലോ ഇന്ത്യ കായിക മേളയിൽ 1500 മീറ്ററിൽ വെങ്കലം നേടി. ഈ വർഷം ജനുവരിയിൽ ഗോവയിൽ നടന്ന ദേശീയ പാരാ അത്‌ലറ്റിക് മീറ്റിൽ 400 മീറ്ററിൽ സ്വർണവും 100, 1500 മീറ്ററുകളിൽ വെങ്കലവും നേടിയത്.
ഇത്രയും മെഡലുകൾ ഓടിയെടുത്തത് നല്ലൊരു ഷൂസ് പോലുമില്ലാതെയാണ്. കൂട്ടുകാരന്റെ സ്പൈക് ഷൂ ഇടയ്ക്ക് ഉപയോഗിച്ചിരുന്നു. തന്നിലൂടെ പുനലൂരിന്റെ പേര് രാജ്യം അറിയണം എന്നാണ് ശ്രീറാമിന്റെ സ്വപ്നം. തെങ്കാശി കോളജിൽ നിന്ന് ബികോം ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. ചെമ്മന്തൂർ ഹൈസ്കൂൾ മൈതാനത്താണ് സ്വയം പരിശീലനം.
രാജ്യാന്തര മേളയിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ടെങ്കിലും അതിനുള്ള സാമ്പത്തിക ശേഷിയില്ല കുടുംബത്തിന്. പപ്പടം ഉണ്ടാക്കുന്ന ജോലിയാണ് പിതാവ് മുത്തുരാമനും അമ്മ പ്രിയയും. ജേഷ്ഠ സഹോദരൻ ശ്രീനിവാസൻ എംബിഎ ബിരുദധാരിയാണ്. രാജ്യാന്തര മേളയിലെ സ്വർണം എന്ന സ്വപ്നം വിട്ടുകളയാൻ ശ്രീറാമിന് മനസ്സില്ല. സഹായത്തിന് ആരെങ്കിലും എത്തിയേക്കുമെന്ന പ്രതീക്ഷ. തളർത്തിയ വിധിയെ കൂട്ടിലടച്ച ആ മനസ്സുണ്ടല്ലോ ശ്രീറാമിന് എന്നും കൂട്ടിന്.