ADVERTISEMENT

കൊല്ലം ∙ ഒരു വർഷത്തിനകം പണി പൂർത്തിയാകുന്ന വിധത്തിൽ ദേശീയപാത വികസനം അതിവേഗം പുരോഗമിക്കുന്നു. 2025 ഫെബ്രുവരിയിൽ നിർമാണം പൂർത്തിയാക്കുന്നതിനാണ് കരാർ. സർവീസ് റോഡുകൾ, പാലങ്ങൾ, അടിപ്പാതകൾ, മേൽപാലങ്ങൾ, ഓട നിർമാണം, യൂട്ടിലിറ്റി  കോറിഡോർ എന്നിവയുടെ നിർമാണം വിവിധ ഘട്ടങ്ങളിലാണ്. 

പ്രധാന പാതയുടെ ഇരുവശത്തുമുള്ള സർവീസ് റോഡ് നിർമാണം 60% പൂർത്തിയായി. ചാത്തന്നൂർ, പാരിപ്പള്ളി,  ഉമയനല്ലൂർ, ബൈപാസ് റോഡിൽ കല്ലുംതാഴം– കടവൂർ മേഖലകളിൽ പ്രധാന പാതയുടെ ടാറിങ് ജോലികൾ പുരോഗമിക്കുകയാണ്. മിക്കയിടത്തും മേൽപാലങ്ങളുടെ നിർമാണം പകുതി പിന്നിട്ടു. കല്ലുംതാഴത്ത് സ്ലാബിന്റെ കോൺക്രീറ്റ് പൂർത്തിയായി.

ചാത്തന്നൂർ, കൊട്ടിയം തുടങ്ങിയ സ്ഥലങ്ങളിൽ തൂണുകളുടെ നിർമാണം പുരോഗമിക്കുന്നു. മേവറത്ത് പൈലിങ് ആരംഭിച്ചു. നീണ്ടകര, കുരീപ്പുഴ, മങ്ങാട്, ഇത്തിക്കര പാലങ്ങളുടെ നിർമാണം തുടരുകയാണ്. കുരീപ്പുഴയിൽ പാലത്തിന്റെ സ്ലാബ് നിർമാണം തുടങ്ങി. ജില്ലയിൽ 17 മേൽപാലങ്ങളും 9 അടിപ്പാതകളും  ആണ് നിർമിക്കുന്നത്.  

ചില സ്ഥലങ്ങളിൽ കൂട്ടിയോജിപ്പിക്കാനുള്ളത് ഒഴികെ ഓട നിർമാണം പൂർത്തിയാകുന്നു. വൈദ്യുതി തൂണുകൾ, കുടിവെള്ള പൈപ്പ് ലൈൻ എന്നിവ യൂട്ടിലിറ്റി കോറിഡോറിലേക്ക് മാറുന്നതിനുള്ള ജോലികൾ ആരംഭിച്ചു. അതേസമയം കൊട്ടിയം ജംക്‌ഷനിൽ  ഓട നിർമാണം പൂർത്തിയാക്കാത്തത് വ്യാപാര സ്ഥാപനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. 

ജില്ലയിൽമ ഓച്ചിറ മുതൽ പാരിപ്പള്ളി കടമ്പാട്ടുകോണം വരെ 57 കിലോമീറ്റർ നീളത്തിൽ ആണ് പാത വികസനം. തുറവൂർ മുതൽ കഴക്കൂട്ടം ടെക്നോപർക്ക് ഫ്ലൈ ഓവർ വരെയുള്ള 6 റീച്ചുകളിൽ മൂന്നും നാലും റീച്ചുകളിലാണ് ജില്ല ഉൾപ്പെടുന്നത്. മൂന്നാമത്തെ റീച്ച്  കായംകുളം കൊറ്റുകുളങ്ങര മുതൽ കാവനാട് ബൈപാസ് (31.5 കിലോമീറ്റർ) വരെയും നാലാമത്തെ റീച്ച് കാവനാട് ബൈപാസ് മുതൽ പാരിപ്പള്ളി  കടമ്പാട്ടുകോണം ( 31.8 കിലോമീറ്റർ) വരെയും ആണ്. 

സർവീസ് റോഡ്
പ്രധാനപാതയുടെ ഇരുവശത്തും 5 മീറ്റർ വീതിയിലാണ് സർവീസ് റോഡ്. ഇതിനോട് ചേർന്നാണ് 1.5 മീറ്റർ വീതിയിൽ ഓടയും 0.5 മീറ്റർ വീതിയിൽ യൂട്ടിലിറ്റി കോറിഡോറും. ഓടയുടെ മുകളിൽ ടൈൽ പാകി നടപ്പാതയാക്കും. വൈദ്യുതി തൂൺ, കുടിവെള്ള പൈപ്പ് ലൈൻ എന്നിവയ്ക്കുള്ളതാണ് യൂട്ടിലിറ്റി കോറിഡോർ. സർവീസറോഡ് വൺ വേ ആണ്. 

വീണ്ടും സ്ഥലം ഏറ്റെടുക്കും
ദേശീയപാത 6 വരിയായി വികസിപ്പിക്കുന്നതിനാണ് നിലവിൽ സ്ഥലം ഏറ്റെടുത്തിട്ടുള്ളത്. ഇതിൽ ബസ് ബേയ്ക്ക് സ്ഥലം ഉൾപ്പെട്ടിട്ടില്ല. പാത നിർമാണം പൂർത്തിയാകുന്ന മുറയ്ക്കാണ് ബസ് ബേ നിർമിക്കുന്നത്. ഇതിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കും. ഓരോ സ്ഥലത്തേയും യാത്രക്കാരുടെ തിരക്ക് അനുസരിച്ചായിരിക്കും ബസ് ബേയുടെ നീളം നിശ്ചയിക്കുന്നതെന്ന് ദേശീയപാത ലെയ്സൺ ഓഫിസർ  എം.കെ. റഹ്മാൻ പറഞ്ഞു.

അടിപ്പാത വേണം
ചവറ – നീണ്ടകര മേഖലയിൽ ഇടറോഡുകളുടെ പ്രാധാന്യം പരിഗണിക്കാതെയും വേണ്ടത്ര പഠനം നടത്താതെയുമാണ് അടിപ്പാത നിശ്ചയിച്ചതെന്ന് പരാതി ഉയരുന്നു. വേട്ടുതറ, നീണ്ടകര ഫൗണ്ടേഷൻ ആശുപത്രി, ഇടപ്പള്ളിക്കോട്ട എന്നീ പ്രധാന സ്ഥലങ്ങളിൽ അനുവദിക്കണം എന്ന ആവശ്യമായി നാട്ടുകാർ സമര പാതയിലാണ്.

പന്മന, തേവലക്കര, ശാസ്താംകോട്ട, തെക്കുംഭാഗം, നീണ്ടകര പഞ്ചായത്തുകളിലേക്കുള്ള പ്രവേശന കവാടമായ വേട്ടുതറയിൽ അടിപ്പാത അനുവദിക്കണം എന്ന് എം.ബി.ത്രിവിക്രൻ പിള്ള ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. 

പന്മന പഞ്ചായത്തിലെ പ്രധാന ജംക്‌ഷനാണ് നാലു റോഡുകൾ സംഗമിക്കുന്ന ഇടപ്പള്ളിക്കോട്ട. പന്മന ആശ്രമത്തിലേക്കുള്ള പ്രധാന പാത ഇവിടെ നിന്നാണ് ആരംഭിക്കുന്നത്.   ഒട്ടേറെ ആരാധനാലയങ്ങൾ, വിദ്യാലയങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ, വാട്ടർ അതോറിറ്റി ഡിവിഷൻ ഓഫിസ്. സംസ്കൃത സർവകലാശാല പ്രാദേശിക കേന്ദ്രം  എന്നിവയും ഇടപ്പള്ളിക്കോട്ടയിലുണ്ട്.  ഇവിടെ അടിപ്പാത വേണമെന്ന് ആവശ്യപ്പെട്ട് ആക്‌ഷൻ കൗൺസിൽ സമര രംഗത്താണ്. 

അർബുദ രോഗ ചികിത്സ ഉൾപ്പെടെയുള്ള നീണ്ടകര ഫൗണ്ടേഷൻ ആശുപത്രിക്കു സമീപം അടിപ്പാത ഇല്ലാത്തത് രോഗികളെ വലയ്ക്കും. രോഗികൾ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണ്.ഗ്രീൻ ഫീൽഡ് പാത: മുഴുവൻ ചെലവും കേന്ദ്രം വഹിക്കണമെന്ന് പ്രേമചന്ദ്രൻ

കൊല്ലം∙ പാരിപ്പള്ളി കടമ്പാട്ടുകോണത്ത് നിന്നാരംഭിക്കുന്ന ഗ്രീൻ ഫീൽഡ് (ദേശീയപാത–744) പാതയ്ക്ക് ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുളള  മുഴുവൻ ചെലവും കേന്ദ്ര സർക്കാർ വഹിക്കണമെന്നും റോഡിന്റെ വികസനം സമയബന്ധിതമായി പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കണമെന്നും എൻ.കെ.പ്രേമചന്ദ്രൻ എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു. 

ഭൂമി ഏറ്റെടുക്കുന്നതിന് വിജ്ഞാപന നടപടികൾ പൂർത്തിയാക്കിയ ഭൂ ഉടമകൾക്ക് നഷ്ടപരിഹാരം നൽകാൻ കഴിയാത്ത സാഹചര്യമാണ്. ഭൂമി ഏറ്റെടുക്കൽ നടപടിക്ക് ഫണ്ട് അനുവദിക്കാത്തതിനാൽ പ്രാഥമിക ഘട്ടം വിജ്ഞാപനങ്ങൾ അസ്ഥിരപ്പെട്ടു. വിജ്ഞാപന നടപടി തുടങ്ങിയതിനാ‍ൽ ഭൂമി കൈമാറ്റം ചെയ്യാനോ നിർമാണം നടത്താനോ കഴിയുന്നില്ല. വീട് നഷ്ടപ്പെടുന്നവർ പുനരധിവാസത്തിന് നടത്തിയ തയാറെടുപ്പുകൾ പാതിവഴിയിലായി. 

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ധാരണയിൽ എത്തുന്നതിനുള്ള കാലതാമസം പ്രതികൂലമായി ബാധിക്കുന്നത് ഭൂ ഉടമകളെയാണ്.  ഭൂമി ഏറ്റെടുക്കുന്നതിന് ആവശ്യമുളള  300 കോടി നൽകാൻ കേന്ദ്ര സർക്കാർ തയാറാകണം എന്ന് ലോക്സഭയിൽ പറഞ്ഞു. ലോക്സഭയിൽ പ്രശ്നം ഉന്നയിച്ചതുകൂടാതെ മന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തുകയും ചെയ്തു. ജിഎസ്ടി, റോയൽറ്റി ഇളവ് സംബന്ധിച്ച് കേരളം പ്രതികരണം അറിയിച്ചിട്ടില്ലെന്നും സംസ്ഥാന സർക്കാർ അറിയിക്കാതെ തുടർ നടപടികൾ സ്വീകരിക്കാൻ സാധ്യമല്ലെന്നും മന്ത്രി അറിയിച്ചതായി പ്രേമചന്ദ്രൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com