ബംഗാൾ മഹോത്സവം ഇന്നു മുതൽ
Mail This Article
കൊല്ലം ∙ ബംഗാളിന്റെ സാംസ്കാരിക പാരമ്പര്യവും തനിമയും വിളിച്ചോതി മലയാള മനോരമയും ബംഗാൾ രാജ്ഭവനു കീഴിലുള്ള കലാക്രാന്തി മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഒരാഴ്ച നീളുന്ന ബംഗാൾ മഹോത്സവത്തിന് ഇന്ന് തിരി തെളിയും. ആശ്രാമം ശ്രീനാരായണ സാംസ്കാരിക സമുച്ചയത്തിൽ വൈകിട്ട് 6.30 ന് ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദബോസ് മഹോത്സവം ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷത വഹിക്കും. എൻ.കെ.പ്രേമചന്ദ്രൻ എംപി, മേയർ പ്രസന്ന ഏണസ്റ്റ്, എം. നൗഷാദ് എംഎൽഎ, മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ് തുടങ്ങിയവർ പങ്കെടുക്കും. സമ്മേളനത്തിനു ശേഷം ബംഗാളി, കേരള കലാകാരന്മാർ അവതരിപ്പിക്കുന്ന ഗ്ലിംസസ് ഓഫ് ബംഗാൾ, ഗ്ലിംസസ് ഓഫ് കേരള എന്ന കലാവിരുന്ന് അരങ്ങേറും.
ബംഗാൾ കരകൗശല ഉൽപന്നങ്ങളുടെ പ്രദർശനവും കലാരൂപങ്ങളുടെ അവതരണവും കേരളത്തിന്റെ സംസ്കാരികത്തനിമയും ഒത്തുചേരുന്ന മേള 16 നു സമാപിക്കും. സംസ്ഥാനത്ത് ആദ്യമായാണ് ബംഗാൾ മഹോത്സവം. കേന്ദ്ര സർക്കാരിനു കീഴിലുള്ള ഈസ്റ്റേൺ സോൺ കൾച്ചറൽ സെന്ററിന്റെ സഹായത്തോടെ സംഘടിപ്പിക്കുന്ന മേളയുടെ മുഖ്യ പ്രായോജകർ ഫെഡറൽ ബാങ്ക് ആണ്. ജാജീസ് ഇന്നവേഷൻസ് ആണ് സഹപ്രായോജകർ. കരകൗശല– വാണിജ്യ പ്രദർശനങ്ങൾ, സെമിനാറുകൾ, ചലച്ചിത്ര പ്രദർശനം, പ്രമുഖരുമായുള്ള മുഖാമുഖം, കലാ– സാംസ്കാരിക പ്രകടനങ്ങൾ, ഭക്ഷ്യമേള, പ്രശസ്തരെ ആദരിക്കൽ തുടങ്ങിയവ മേളയുടെ ഭാഗമായി അരങ്ങേറും. എല്ലാ ദിവസവും 11 ന് പ്രദർശനം ആരംഭിക്കും. പ്രവേശനം സൗജന്യം. ദിവസവും വൈകിട്ട് അരങ്ങേറുന്ന ബംഗാൾ– കേരള കലാ–സംസ്കാരിക പരിപാടികളാണ് മേളയുടെ പ്രധാന ആകർഷണം.
ഇന്ന് നൃത്തരാവ്
ബംഗാളിന്റെ ചരിത്രത്തിലൂന്നിയുള്ള തനത് നൃത്തരൂപങ്ങളുടെ അവതരണത്തിന് ഇന്ന് ബംഗാൾ മഹോത്സവ വേദി സാക്ഷ്യം വഹിക്കും. ആശ്രാമം ശ്രീനാരായണ സാംസ്കാരിക സമുച്ചയത്തിൽ ഉദ്ഘാടന സമ്മേളനത്തിനു ശേഷം രാത്രി 7.30 ന് ഗ്ലിംസസ് ഓഫ് വെസ്റ്റ് ബംഗാൾ, ഗ്ലിംസസ് ഓഫ് കേരള എന്ന പേരിലാണ് നൃത്ത –സംഗീത പരിപാടി. ബംഗാളിലെ അബന്തിപുർ ഓം ഫൗണ്ടേഷനിലെ കലാകാരന്മാരാണ് നൃത്തപരിപാടി അവതരിപ്പിക്കുക. ബംഗാൾ നാടോടി– ക്ലാസിക്കൽ നൃത്തരൂപങ്ങളുടെ അവതരണം ഒരു മണിക്കൂർ നീളും. തുടർന്ന് കെ.എസ്. പ്രസാദും സംഘവും നയിക്കുന്ന കൊച്ചിൻ ഗിന്നസിന്റെ കലാവിരുന്ന്. ഓട്ടൻതുള്ളൽ, കഥകളി, നാടൻപാട്ട്, തെയ്യം, കളരി, പടയണി, മോഹിനിയാട്ടം, ശിങ്കാരിമേളം, മയൂരനൃത്തം തുടങ്ങിയ കലാരൂപങ്ങൾ കോർത്തിണക്കി അവതരിപ്പിക്കുന്ന കലാവിരുന്നും ഒരു മണിക്കൂർ നീളും.