ഇനി നീന്തിത്തുടിക്കാം: കാടുമൂടിയ കുളത്തിന് പുനർജനി
Mail This Article
ചവറ ∙ മലയാള മനോരമ വാർത്തയെത്തുടർന്ന് എംഎൽഎയുടെ ഇടപെടൽ കാടുമൂടിയ സ്കൂൾ കോംപൗണ്ടിലെ കുളത്തിനു ശാപമോക്ഷം. ചവറ ശങ്കരമംഗലം ഗവ.ഗേൾസ് സ്കൂൾ കോംപൗണ്ടിലെ കുളം ആണ് നീന്തൽക്കുളമായി 32 ലക്ഷം രൂപ ചെലവിട്ട് നവീകരിക്കുന്നത്. നിർമാണോദ്ഘാടനം സുജിത്ത് വിജയൻപിള്ള എംഎൽഎ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം സി.പി.സുധീഷ്കുമാർ, പഞ്ചായത്തംഗം ലിൻസി ലിയോൺ, എഇഒ പി.സജി, പിടിഎ വൈസ് പ്രസിഡന്റ് എ.അനിൽകുമാർ, ഹെഡ്മിസ്ട്രസ് ടി.ഡി.ശോഭ, മുഹമ്മദ് മുസ്തഫ തുടങ്ങിയവർ പ്രസംഗിച്ചു.
വർഷങ്ങളായി കാടുകയറി മാലിന്യ നിറഞ്ഞ് സ്കൂളിനും പരിസരവാസികൾക്കും ഭീഷണിയായതോടെ കുളം നവീകരിച്ച് നീന്തൽക്കുളമായി മാറ്റണമെന്ന ആവശ്യം ഉയർന്നു. തുടർന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി ചിത്രം സഹിതം മനോരമ വാർത്ത നൽകിയതിനെ പിന്നാലെയാണ് എംഎൽഎ ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തിയത്. ആദ്യഘട്ടമായി കുളത്തിലെ മാലിന്യവും ചെളിയും നീക്കി സംരക്ഷണ ഭിത്തിയും വേലിയും നിർമിച്ച് നാലുവശവും ടൈൽ പാകി കുളം മനോഹരമാക്കും. കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകാൻ അനുയോജ്യമാണോയെന്നു വിദഗ്ധർ പരിശോധിക്കും. തുടർന്ന് ഉപജില്ലയിലെ കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകുന്ന കേന്ദ്രമായി ഇതിനു മാറ്റാനാണ് ശ്രമം എന്ന് എംഎൽഎ പറഞ്ഞു.