മാലിന്യം നിറഞ്ഞു; അയത്തിൽ തോട്ടിൽ കടുത്ത ദുർഗന്ധം
Mail This Article
അയത്തിൽ∙ മാലിന്യങ്ങൾ ഒഴുക്കുകയും പ്ലാസ്റ്റിക് ഉൾപ്പെടെയുളള മാലിന്യങ്ങൾ വലിച്ചെറിയുന്നതു പതിവായതോടെ അയത്തിൽ തോട് വിഷമയം. കടുത്ത ദുർഗന്ധവും കൊതുകുകളുടെ ശല്യവുമാണ് അനുഭവപ്പെടുന്നത്. ഒഴുക്കു നിലച്ചതോടെ പരിസരത്തെ കിണറുകളെല്ലാം മലിനമായി.ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് അയത്തിൽ ജംക്‌ഷനിൽ പാലം നിർമിക്കുന്നതിനാൽ ആറ്റിൽ വെള്ളത്തിന്റെ ഒഴുക്കു നിലച്ചിരിക്കുകയാണ്. പെരുംകുളം ഏലാ വഴി കടന്നു വരുന്ന ആറിൽ ശുചിമുറി മാലിന്യം ഉൾപ്പെടെയാണ് തള്ളിയിരിക്കുന്നത്. ഇവയെല്ലാം അയത്തിൽ ജംക്‌ഷനിൽ കെട്ടിക്കിടക്കുകയാണ്. ദുർഗന്ധം മൂലം പരിസരത്തെ വീട്ടുകാർക്കും വ്യാപാരികൾക്കും മൂക്കു പൊത്തേണ്ട അവസ്ഥ.
കൊതുകു ശല്യവും വർധിച്ചിട്ടുണ്ട്.പ്രദേശത്ത് ഡെങ്കിപ്പനി പടരുമെന്ന ആശങ്കയും വർധിക്കുന്നു. കെട്ടി നിൽക്കുന്ന വെള്ളം പരിസരത്തെ കിണറുകളിൽ ഊറ്റായി ഇറങ്ങി കുടിവെള്ളവും മലിനപ്പെടുന്നു എന്നതാണ് മറ്റൊരു പരാതി. കിണറുകളിലെ വെള്ളം കൈകാലുകൾ കഴുകുമ്പോൾ തന്നെ ചൊറിച്ചിൽ അനുഭവപ്പെടുന്നു. അതിനാൽ മറ്റ് ആവശ്യങ്ങൾക്ക് കിണർ ജലം ഉപയോഗിക്കാൻ സാധിക്കുന്നില്ല. കുടിക്കാനും പ്രാഥമിക ആവശ്യത്തിനും വെള്ളം വില കൊടുത്തു വാങ്ങണം. അയത്തിൽ–കണ്ണനല്ലൂർ റോഡിലെ പാലത്തിൽ വെളിച്ചമില്ലാത്തതിനാൽ ഇതിന്റെ മറവിൽ വാഹനത്തിൽ കൊണ്ടു വരുന്ന വലിയ ചാക്കുകളിലാക്കിയ മാലിന്യങ്ങൾ തോട്ടിലേക്ക് വലിച്ചെറിയുന്നു എന്ന പരാതിയുമുണ്ട്. പ്രശ്നം ഇത്രയും രൂക്ഷമായിട്ടും കോർപറേഷനോ ആരോഗ്യ വകുപ്പോ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ല.