ADVERTISEMENT

കൊല്ലം∙ ജില്ലയിലെ 4 റെയിൽവേ മേൽപാലങ്ങളുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ കോൺഫറൻസിങ്ങിലൂടെ നിർവഹിച്ചു. പരവൂരിലെ ഒല്ലാൽ, കുണ്ടറയിലെ പള്ളിമുക്ക്, പോളയത്തോട്, കല്ലുംതാഴം എന്നിവിടങ്ങളിലെ മേൽപ്പാലങ്ങൾക്കാണ് ഇന്നലെ തറക്കല്ലിട്ടത്. പള്ളിമുക്കിനു പുറമേ, ഇളമ്പള്ളൂരിൽ അടിപ്പാത നിർമിക്കാനുള്ള സാധ്യത റെയിൽവേ അധികൃതർ പരിഗണിക്കുന്നതായി കുണ്ടറയിൽ ചേർന്ന സമ്മേളനത്തിൽ എൻ.കെ.പ്രേമചന്ദ്രൻ എംപി പറഞ്ഞു. ഈ പാലങ്ങൾ പൂർത്തിയാകുന്നതോടെ ഗതാഗതക്കുരുക്ക് എന്ന കുണ്ടറയുടെ ശാപം മാറും.

റെയിൽവേ പാലങ്ങളുടെ നിർമാണ ചെലവിന്റെ പകുതി വീതം കേന്ദ്ര–സംസ്ഥാന സർക്കാരുകളാണു വഹിക്കുന്നത്. ഭൂമി ഏറ്റെടുത്തു നൽകുന്ന ചുമതല സംസ്ഥാന സർക്കാരിനാണ്. ചിന്നക്കട മുതൽ ഇടമൺ വരെയുള്ള ദേശീയപാത 744 വീതി കൂട്ടി വികസിപ്പിക്കുന്ന കാര്യം കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണ്. സംസ്ഥാന പൊതുമരാമത്തു വകുപ്പുമായി സഹകരിച്ചു ഈ പദ്ധതികൾ നടപ്പാക്കും. വികസനോന്മുഖ വിഷയത്തിൽ സങ്കുചിതത്വം മാറ്റിവച്ച് പൊതുവായ താൽപര്യം ഉയർത്തിപ്പിടിച്ചു മുന്നോട്ടു നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. പി.സി.വിഷ്ണുനാഥ് എംഎൽഎ, കുണ്ടറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മിനി തോമസ് എന്നിവർ പ്രസംഗിച്ചു. 

‘സുരക്ഷ ശക്തിപ്പെടുത്തണം’
കൊല്ലം ∙ റെയിൽവേ ട്രാക്കിലേക്ക് വാഹനങ്ങൾ മറിഞ്ഞു വീണ് അപകടങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി ആവശ്യപ്പെട്ടു. റോഡുകളിൽ നിന്നു വാഹനങ്ങൾ റെയിൽവേ ട്രാക്കിലേക്ക് മറിയുന്നത് തടയാൻ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കാത്തതു കൊണ്ടാണ് അപകടങ്ങൾ ആവർത്തിക്കുന്നത്. റെയിൽവേ ലൈനിനോടു ചേർന്നുളള റോഡുകളിൽ  അപകടങ്ങൾ ഒഴിവാക്കാൻ ആവശ്യമായ സുരക്ഷാ സംവിധാനം ഉണ്ടെന്ന് ഉറപ്പു വരുത്താൻ റെയിൽവേക്ക് ബാധ്യതയുണ്ട്.    കേരളത്തിലെ റെയിൽവേ ലൈനുകളുമായി ചേർന്ന് കിടക്കുന്ന റോഡുകളിൽ പരിശോധന നടത്തി അപകടം ഒഴിവാക്കാൻ ശാസ്ത്രീയ മാർഗങ്ങൾ സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com