ADVERTISEMENT

കൊല്ലം ∙ ഭാര്യയെയും രണ്ടു കുഞ്ഞുങ്ങളെയും ഭർത്താവ് വിഷം കുത്തിവച്ചു കൊന്ന കേസിൽ കോടതി നാളെ ശിക്ഷ വിധിക്കും. സംഭവത്തിൽ ഭർത്താവായ മൺറോതുരുത്ത് പെരുങ്ങാലം എറോപ്പിൽ വീട്ടിൽ അജി എന്ന എഡ്വേഡ് (42) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊല്ലം നാലാം അഡീഷനൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുക. 

2021 മേയ് 11 ന് കുണ്ടറ കേരളപുരം ഇടവട്ടത്തെ വീട്ടിലാണ് സംഭവം. ഭാര്യ വർഷ (26), മക്കളായ അലൻ (2), ആരവ് (3) എന്നിവരെ എഡ്വേഡ് വിഷം കുത്തിവച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. മെഡിക്കൽ സ്റ്റോർ ജീവനക്കാരനായിരുന്ന എഡ്വേഡ് അനസ്തേഷ്യയ്ക്കു മുൻപു മസിൽ റിലാക്സേഷന് വേണ്ടി നൽകുന്ന  മരുന്ന് കുത്തിവച്ചാണ് ഭാര്യയും മക്കളെയും കൊന്നത്. 

ആ മരുന്ന് കുത്തിവച്ചാൽ 10 മിനിറ്റിനുള്ളിൽ മരണം സംഭവിക്കും. മുറിയിൽ അബോധാവസ്ഥയിൽ അഭിനയിച്ചു കിടന്ന എഡ്വേഡിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും പരിശോധനയിൽ വ്യാജമാണെന്ന് തെളിയുകയായിരുന്നു. തുടർന്നാണ് പ്രതി കുറ്റ സമ്മതം നടത്തിയത്. ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണം. 

അന്നു 5 വയസ്സുണ്ടായിരുന്ന മൂത്ത മകൾക്ക് മരുന്ന് കുത്തിവച്ചിരുന്നില്ല. അവൾ സ്വയം ജീവിച്ചോളും അതുകൊണ്ടാണ് കൊല്ലാതിരുന്നതെന്നാണ് പ്രതി നൽകിയ മൊഴി. അന്നു സംഭവം നേരിൽ കണ്ട മൂത്ത മകളുടെ മൊഴി കേസിൽ നിർണായകമായിരുന്നു. 15 വർഷത്തോളം വിവിധ മെഡിക്കൽ സ്റ്റോറുകളിൽ ജോലി ചെയ്തിരുന്ന പ്രതി സംഭവം നടക്കുമ്പോൾ കുണ്ടറയിലെ മെഡിക്കൽ സ്റ്റോറിൽ ജീവനക്കാരനായിരുന്നു. 

കടയുടെ ഉടമയുടെ ഭർത്താവായ റിട്ട. വെറ്ററിനറി സർജൻ മെഡിക്കൽ സ്റ്റോറിനോട് ചേർന്നു പെറ്റ് ഷോപ്പ് നടത്തുന്നുണ്ട്. ഇവിടെ നിന്നു മുയലിനെ ദയാവധം നടത്തുന്നതിനായി മെഡിക്കൽ സ്റ്റോറിൽ നിന്നു മരുന്നു വാങ്ങിയിരുന്നു. ഇതിൽ നിന്നു ഡോക്ടർ അറിയാതെ എഡ്വേഡ് കൈക്കലാക്കിയ മരുന്ന് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. അഡ്വ. ഷറഫുന്നീസ ബീഗമാണ് കേസിലെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com