ADVERTISEMENT

വിഴിഞ്ഞം∙ ടിപ്പർ ലോറിയുടെ മരണപ്പാച്ചിലിൽ ചോര വീണ വിഴിഞ്ഞം മുക്കോലയെ കണ്ണീരിൽ നനയിച്ച് ബിഡിഎസ് വിദ്യാർഥി അനന്തുവിന്റെ അന്ത്യയാത്ര. വിഴിഞ്ഞം തുറമുഖത്തേക്കു പോയ ലോറിയിൽ നിന്നു കരിങ്കല്ല് വീണു പരുക്കേറ്റു മരിച്ച, മുക്കോല– മുല്ലൂർ കാഞ്ഞിരംവിള വീട്ടിൽ അജികുമാറിന്റെയും പി.എസ്.ബിന്ദുവിന്റെയും മകൻ അനന്തു ബി.അജികുമാറിന്റെ (26) മൃതദേഹം സംസ്കരിച്ചു. നിംസ് കോളജിലെ പൊതുദർശനത്തിനു ശേഷം സഹപാഠികൾ അണിയിച്ച ഡോക്ടേഴ്സ് കോട്ട് അണിഞ്ഞായിരുന്നു അനന്തു അവസാനമായി തന്റെ വീട്ടിലേക്കെത്തിയത്. ഡോക്ടറാകുക എന്ന തന്റെ വലിയ സ്വപ്നസാക്ഷാത്കാരത്തിന് ഒരു വർഷം മുൻപ് യാത്രയായ അനന്തുവിന്റെ മൃതദേഹം കണ്ട് രക്ഷിതാക്കളും ഏക സഹോദരി അരുണയും ബന്ധുക്കളും വിങ്ങിപ്പൊട്ടി. ഈ കാഴ്ച മുക്കോല ജംക്‌ഷനിൽ ഉൾപ്പെടെ തടിച്ചുകൂടിയവരുടെ കണ്ണുകളെ ഈറനണിയിച്ചു.

കോളജിലെ പൊതുദർശനത്തിനു ശേഷം രാവിലെ 9.30നാണ് മൃതദേഹം വീട്ടിലെത്തിച്ചത്. പാലക്കാട് പിജി വിദ്യാർഥിയായ സഹോദരി ചൊവ്വാഴ്ച രാത്രിയും മസ്കത്തിൽ ജോലി ചെയ്യുന്ന അച്ഛൻ അജികുമാർ ഇന്നലെ രാവിലെയുമായി നാട്ടിലെത്തിയിരുന്നു. തിങ്കളാഴ്ച രാത്രിയാണ് അനന്തു അവസാനമായി അച്ഛൻ അജികുമാറുമായി സംസാരിക്കുന്നത്. വീട്ടിലെ 4 പേരും ചേർന്നുള്ള വിഡിയോ കോളിനിടെ, രക്താതിമർദ രോഗിയായ അജികുമാറിനോട് ഗൾഫിലെ ചികിത്സ മതിയാക്കി നാട്ടിലെ ആശുപത്രിയിൽ കാണിക്കാം എന്നു പറഞ്ഞിരുന്നു. എല്ലാവർക്കും ചേർന്ന് മൂകാംബികയിൽ പോകണമെന്നും ആവശ്യപ്പെട്ടു. രണ്ടു കാര്യങ്ങൾക്കും അജികുമാറിന്റെ ഉറപ്പ് ലഭിച്ചതിനു ശേഷമാണ് ഫോൺ വച്ചത്. പിറ്റേന്നു കേട്ടത് അപകടവാർത്തയും.

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്ക് കരിങ്കല്ലുമായി വന്ന ടിപ്പർ ലോറിയിൽ നിന്ന് കല്ല് തെറിച്ചു 
വീണ് മരിച്ച അനന്തുവിന്റെ മൃതദേഹം അന്ത്യകർമങ്ങൾക്കായി എടുത്തപ്പോൾ വിങ്ങിപ്പെ‍ാട്ടുന്ന 
ബന്ധുക്കളും നാട്ടുകാരും.
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്ക് കരിങ്കല്ലുമായി വന്ന ടിപ്പർ ലോറിയിൽ നിന്ന് കല്ല് തെറിച്ചു വീണ് മരിച്ച അനന്തുവിന്റെ മൃതദേഹം അന്ത്യകർമങ്ങൾക്കായി എടുത്തപ്പോൾ വിങ്ങിപ്പെ‍ാട്ടുന്ന ബന്ധുക്കളും നാട്ടുകാരും.

‘ഹൃദ്രോഗത്തെത്തുടർന്നുള്ള അമ്മയുടെ ചികിത്സ പതിവായി കണ്ടാണ് അനന്തു ഡോക്ടറാകാൻ തീരുമാനിച്ചത്. 2 തവണ പ്രവേശന പരീക്ഷയെഴുതി ബിഡിഎസിനു സീറ്റ് ലഭിച്ചു. വീടിനു സമീപത്തെ കോളജിൽ അഡ്മിഷൻ ലഭിച്ചതോടെ സന്തോഷമായി. അമ്മയുടെ കാര്യങ്ങൾ നോക്കാമല്ലോ എന്നാണ് ആദ്യം പറഞ്ഞത്. എന്നും വിളിക്കും. ചെറുതും വലുതുമായ ഒട്ടേറെ സ്വപ്നങ്ങൾ ബാക്കി വച്ചാണ് അനന്തു പോയത്.’– അജികുമാർ പറഞ്ഞു. മസ്കത്തിലെ ഹോട്ടലിൽ ജോലി ചെയ്യുകയാണ് അദ്ദേഹം. ആരോഗ്യകാരണങ്ങളാൽ ജോലി നിർത്തി നാട്ടിലേക്കു മടങ്ങാനുള്ള തയാറെടുപ്പിലായിരുന്നു. ബന്ധുക്കളുമായി സംസാരിച്ച് കേസ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്ന് അജികുമാർ പറഞ്ഞു.

ടിപ്പർ ഡ്രൈവർ അറസ്റ്റിൽ, നരഹത്യയ്ക്കു കേസ്
ടിപ്പർ ലോറിയിൽ നിന്നു കരിങ്കല്ലു പതിച്ചു സ്കൂട്ടർ യാത്രികനായ ബിഡിഎസ് വിദ്യാർഥി മുക്കോല സ്വദേശി അനന്തു ബി.അജികുമാർ മരിച്ച സംഭവത്തിൽ ലോറി ഡ്രൈവർ അറസ്റ്റിൽ. വാഹന ഉടമ കൂടിയായ ഒറ്റശേഖരമംഗലം ഇടവാൽ അരികത്തുവിള ട്വിൻ‌സ് ഭവനിൽ ജിതിൻ(32) ആണ് ജാമ്യമില്ലാ വകുപ്പനുസരിച്ച് അറസ്റ്റിലായതെന്ന് എസ്ഐ ജെ.ബി.അരുൺകുമാർ അറിയിച്ചു. നരഹത്യയ്ക്കുള്ള 304–ാം വകുപ്പാണ് ചുമത്തിയിരിക്കുന്നത്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചതിനുമുള്ള വകുപ്പുകളാണ് ആദ്യം ചുമത്തിയിരുന്നത്. എന്നാൽ ഫൊറൻസിക് പരിശോധനകൾ, വാഹനത്തിലെ അമിത ഭാരം എന്നിവയുടെ അടിസ്ഥാനത്തിലാണ് വകുപ്പു മാറ്റിയതെന്നും എസ്ഐ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com