ADVERTISEMENT

പുത്തൂർ ∙ ജൽജീവൻ മിഷൻ പദ്ധതിയിൽ പൈപ്പ് കണക്‌ഷനുകൾ നൽകി. പക്ഷേ, ടാപ്പ് തുറന്നാൽ വായുവിന്റെ ‘ശൂ’ ശബ്ദം മാത്രമാണുള്ളത്, വെള്ളമില്ല. പവിത്രേശ്വരം പഞ്ചായത്തിലെ ഉയർന്ന പ്രദേശമായ കിഴക്കേ മാറനാട്ടെ അവസ്ഥയാണിത്. പാറക്കെട്ടുകൾ ഉള്ളതിനാലും ഉയർന്ന പ്രദേശം ആയതിനാലും ഇവിടെ പല വീടുകളിലും കിണറുകൾ ഇല്ല. ഉള്ള കിണറുകളാകട്ടെ വേനൽത്തുടക്കത്തിൽ തന്നെ വറ്റിത്തുടങ്ങുന്നവയും.ജലജീവൻ മിഷൻ പൈപ്പ്‌ലൈൻ വന്നതോടെ നാട് പ്രതീക്ഷയിലായിരുന്നു.

പക്ഷേ, പ്രദേശത്തിന്റെ ഉയർച്ച കാരണം പുതിയ ജലസംഭരണി സ്ഥാപിച്ചാൽ മാത്രമേ ഇവിടെ ജലവിതരണം സുഗമമായി നടത്താൻ കഴിയൂ എന്നതാണു യാഥാർഥ്യം. സർക്കാർ വക പുറമ്പോക്കു ഭൂമി ഇതിനായി കണ്ടെത്തി എങ്കിലും കലക്ടറുടെ അനുമതി ലഭിക്കാത്തതിനാൽ സംഭരണിയുടെ പണി തുടങ്ങാൻ സാധിക്കുന്നില്ല എന്നു വാർഡംഗം സച്ചു മോഹൻ പറഞ്ഞു. സൂര്യമംഗലം ഭാഗം, കീഴാണി, പമ്പ് ഹൗസ് കോളനി, മലയിൽ ഭാഗം, അംബേദ്കർ കോളനി റോഡ്, പകുതിപ്പാറ, പെരുമാവിൽവിള എന്നിവിടങ്ങളിലാണു ജലക്ഷാമം രൂക്ഷം. 

കനാൽ ജലസേചനവും കാര്യക്ഷമമല്ലാത്തതിനാൽ ആ വഴിക്കും വേണ്ടത്ര വെള്ളം ലഭിക്കുന്നില്ല. 1000 ലീറ്ററിനു 400 രൂപ വരെ വിലയ്ക്കാണ് പ്രദേശവാസികളിൽ പലരും  വെള്ളം വാങ്ങുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണ് ഏറെയും. വെള്ളം കാശു കൊടുത്തു വാങ്ങാനുള്ള സാമ്പത്തിക സ്ഥിതി എല്ലാവർക്കുമില്ല. പഞ്ചായത്തിൽ നിന്നു ടാങ്കറിൽ ശുദ്ധജലം എത്തിക്കാൻ തീരുമാനം കൈക്കൊണ്ടിട്ടുണ്ട് എന്നതാണ് ഇപ്പോഴത്തെ പ്രതീക്ഷ. സാധിക്കുമെങ്കിൽ ഇന്നു തന്നെ ടാങ്കറിൽ ജലവിതരണം തുടങ്ങണം എന്നാണു നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com