വായ്പ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതി പിടിയിൽ
Mail This Article
കുളത്തൂപ്പുഴ ∙ മുദ്രാ പദ്ധതിയിൽ വായ്പ വാഗ്ദാനം ചെയ്തു പലരിൽ നിന്നു വൻതുക വാങ്ങി കബളിപ്പിച്ചെന്ന കേസിൽ ഒളിവിലായിരുന്ന പതിനൊന്നാം മൈൽ സുമിത ഭവനിൽ സുമിതയെ (34) പൊലീസ് അറസ്റ്റ് ചെയ്തു. കബളിപ്പിക്കപ്പെട്ടവർ സുമിതയുടെ വീടിനു മുൻപിൽ കുടിൽ കെട്ടി നടത്തിയ സമരം 100 ദിവസം പിന്നിട്ടപ്പോഴാണ് അറസ്റ്റ്. സുമിതയുടെ ഭർത്താവ് ഏരൂർ വിപിൻ സദനത്തിൽ വിപിനെ (42) പൊലീസ് പിടികൂടി ചോദ്യം ചെയ്ത ശേഷമാണു സുമിത പിടിയിലായത്.
ഏരൂർ പാണയത്ത് ഒളിവിൽ താമസിക്കുകയായിരുന്നു ഇവർ. കേസിലെ ഒന്നാം പ്രതി ഇഎസ്എം കോളനി മണി വിലാസത്തിൽ രമ്യ പ്രദീപിനെ (36) ചിതറ പൊലീസ് ഡിസംബറിൽ അറസ്റ്റ് ചെയ്തിരുന്നു. ചിതറ, കടയ്ക്കൽ, ശാസ്താംകോട്ട പൊലീസ് സ്റ്റേഷനുകളിൽ സമാന കേസുകളിലെ പ്രതികളാണിവർ. രമ്യയുടെ ഭർത്താവ് ബിനു ഒളിവിലാണ്. എസ്എച്ച്ഒ ബി.അനീഷ്, എസ്ഐ ജി.എസ്.സജി, എഎസ്ഐ വിനോദ്കുമാർ, സിവിൽ പൊലീസ് ഒാഫിസർമാരായ രതീഷ്, സുദീന, കൃഷ്ണദാസ്, അജീന എന്നിവരുടെ സംഘമാണു പ്രതികളെ പിടികൂടിയത്.
75 ലക്ഷം രൂപയുടെ വായ്പ അനുവദിച്ചെന്നും മാർജിൻ മണിയായ 25 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെ ബാങ്ക് അക്കൗണ്ടിൽ കാണിക്കണം എന്നു ചൂണ്ടിക്കാട്ടിയായിരുന്നു കബളിപ്പിക്കൽ. രമ്യയുടെയും സുമിതയുടെയും ബാങ്ക് അക്കൗണ്ടുകളിലാണ് തട്ടിപ്പിനിരയായവർ പണം നിക്ഷേപിച്ചിരുന്നത്. നേരിട്ടു പണം നൽകിയവരും തട്ടിപ്പിന് ഇരയായതായി പരാതിപ്പെട്ടിട്ടുണ്ട്.