കെഎസ്ആർടിസി ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം
Mail This Article
തെന്മല∙ തെങ്കാശിക്കു പോകുകയായിരുന്ന കൊട്ടാരക്കര ഡിപ്പോയിലെ കെഎസ്ആർടിസി ബസും എതിരെ വന്ന ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് മൃഗസംരക്ഷണ ചെക്പോസ്റ്റിനു സമീപത്തെ വളവിലായിരുന്നു അപകടം. ആളപായമില്ല. അപകടത്തെ തുടർന്നു തിരുമംഗലം ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം ഭാഗികമായി സ്തംഭിച്ചു. കെഎസ്ആർടിസി അടക്കമുള്ള യാത്രാവാഹനങ്ങൾ പാതയോരത്തെ വനംവകുപ്പ് തടി ഡിപ്പോ റോഡിലൂടെ തെന്മലയിലേക്കു വഴിതിരിച്ചു വിട്ടു. ബസ് നീക്കിയ ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു. വളവു തിരിയുമ്പോൾ കെഎസ്ആർടിസി ബസിലേക്ക് ടിപ്പർ ലോറി ഇടിച്ചു കയറുകയായിരുന്നു.
ആഘാതത്തിൽ ബസ് പാതയോരത്തേക്കു തെന്നിമാറി. ടിപ്പറിന്റെ മുൻഭാഗം തകർന്നു. നിസ്സാര പരുക്കേറ്റ ടിപ്പർ ഡ്രൈവറെ പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട്ടിലേക്കു പോകുകയായിരുന്ന മിനി ലോറിയും ടിപ്പറുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടു. മിനി ലോറി കെഎസ്ആർടിസി ബസിനെ മറികടക്കുമ്പോൾ നിയന്ത്രണം തെറ്റിയാണ് എതിരെ വന്ന ടിപ്പർ ബസുമായി കൂട്ടിയിടിച്ചതെന്നു ദൃക്സാക്ഷികൾ പറഞ്ഞു.
കെഎസ്ആർടിസി ബസിലെ യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റി അയച്ച ശേഷം ബസ് പൊലീസ് സ്റ്റേഷനിലേക്കു മാറ്റി. വീതി കുറവുള്ള ഭാഗത്തും വളവുകളിലും അമിതവേഗവും ഗതാഗത മുന്നറിയിപ്പുകളും പാലിക്കാത്തതാണു തിരിച്ചടി. കർശന നടപടി ഇല്ലാത്തതാണ് അപകടങ്ങൾ പതിവാകാൻ കാരണം. ദേശീയപാതയിൽ സ്ഥാപിച്ച സുരക്ഷാ വേലികൾ ഏറിയ പങ്കും അപകടങ്ങളിൽ നശിച്ചിട്ടും പുനഃസ്ഥാപിച്ചിട്ടില്ല.