ജന്മംകുളം പുളിമൂട്– കല്ലുംമൂട് റോഡ് നിർമാണം നിലച്ചു; ശരിക്കും ‘പണി’ യാണ്
Mail This Article
കൊല്ലം∙ റോഡ് അറ്റകുറ്റപ്പണി നടത്തണമെന്ന നാട്ടുകാരുടെ നിരന്തര പരാതി കേട്ട പഞ്ചായത്ത് ഒടുവിൽ നാട്ടുകാർക്കു കൊടുത്തത് വലിയ പണി. മയ്യനാട് പഞ്ചായത്തിൽ ജന്മംകുളം പുളിമൂട്–കല്ലുംമൂട് റോഡാണ് അറ്റകുറ്റപ്പണിയുടെ പേരിൽ പൊളിച്ചത്. കുത്തിപ്പൊളിച്ച് റോഡിൽ മെറ്റൽ ഇട്ട് നിർമാണം പാതി വഴിയിൽ ഉപേക്ഷിച്ചു. ഇതോടെ റോഡ് സഞ്ചാര യോഗ്യമല്ലാതായി. എങ്ങനെയെങ്കിലുമൊക്കെ നടന്നും വാഹനം ഒാടിച്ചു പോകാമായിരുന്ന റോഡാണ് ഒരു മാസം മുൻപ് പൊളിച്ച് മെറ്റൽ ഇട്ട് കാൽനട യാത്ര പോലും നടത്താൻ പറ്റാത്ത തരത്തിലാക്കിയത്.
15 വർഷം മുൻപ് ടാർ ചെയ്ത റോഡിൽ കുണ്ടും കുഴിയും ആയതോടെ റോഡ് റീ ടാർ ചെയ്യണമെന്ന നാട്ടുകാരുടെ നിരന്തര പരാതിക്ക് പരിഹാരമായാണ് റോഡിന്റെ നിർമാണം ആരംഭിച്ചത്. പഴയ റോഡ് പൊളിച്ച് മെറ്റൽ നിരത്തി. പിന്നീടാണ് അറിയുന്നത് ടാറിങ്ങിന് പകരം കോൺക്രീറ്റാണ് ചെയ്യുന്നതെന്ന്. മെറ്റൽ നിരത്തി പോയിട്ട് ഒരു മാസം കഴിഞ്ഞു. ഇപ്പോൾ പറയുന്നത് നിർമാണ പ്രവർത്തനങ്ങൾ വൈകുമെന്നാണ്. ഇതോടെ പ്രദേശത്തെ ജനങ്ങൾ പെട്ടു. റോഡിന്റെ നിർമാണം പുന:രാരംഭിക്കുമെന്നതിനെക്കുറിച്ച് ഒരു വ്യക്തതയുമില്ല.
അത്രയും നാൾ എങ്ങനെ ഈ റോഡിലൂടെ സഞ്ചരിക്കാൻ കഴിയുമെന്ന ആശങ്കയിലാണ് ജനങ്ങൾ. പല വീട്ടുകാർക്കും അവരുടെ വാഹനങ്ങൾ വീട്ടിൽ നിന്നു റോഡിലേക്ക് ഇറക്കാൻ കഴിയാത്ത നിലയാണ്. ഇരുചക്ര വാഹന യാത്രക്കാർക്ക് വീണു പരുക്കേൽക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടാകുമെന്നതിനാൽ ഒാട്ടോ റിക്ഷ ഡ്രൈവർമാർ ഇവിടേക്ക് സവാരി വിളിച്ചാൽ വരില്ല. ചുരുക്കത്തിൽ ഈ റോഡിനെ ആശ്രയിക്കുന്നവർ സഞ്ചരിക്കാൻ മാർഗമില്ലാതെ ബുദ്ധിമുട്ടുകയാണ്.