കടൽക്ഷോഭം: നാശനഷ്ടങ്ങൾ വിലയിരുത്താൻ കേന്ദ്രസംഘം സന്ദർശനം നടത്തി
Mail This Article
കൊല്ലം ∙ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കടൽക്ഷോഭത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താനും പ്രശ്നങ്ങൾ പഠിക്കാനുമായി കേന്ദ്ര സംഘം മുണ്ടയ്ക്കൽ വെടിക്കുന്ന് ഭാഗത്ത് സന്ദർശനം നടത്തി. ഫിഷറീസ് സർവേ ഓഫ് ഇന്ത്യ സോണൽ ഡയറക്ടർ സിജോ പി.വർഗീസ്, ഉദ്യോഗസ്ഥരായ സോജി, ജോഷ് എന്നിവരടങ്ങുന്ന സംഘമാണ് തീരപ്രദേശം സന്ദർശിച്ചത്. കള്ളക്കടൽ പ്രതിഭാസം മൂലം കഴിഞ്ഞ ദിവസങ്ങളിൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് സംഘം വെടിക്കുന്നിൽ എത്തിയത്. പ്രദേശവാസികൾ സംഘത്തോട് പ്രശ്നങ്ങളും പരാതികളും നഷ്ടങ്ങളും വിശദീകരിച്ചു.
വിഷയത്തിൽ കേന്ദ്ര സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് കേന്ദ്രസംഘം അറിയിച്ചു. ബിജെപി കൊല്ലം ലോക്സഭാ മണ്ഡലം സ്ഥാനാർഥി ജി.കൃഷ്ണകുമാർ, ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ എന്നിവരും സംഘത്തെ അനുഗമിച്ചു.കടൽ ഇന്നലെ ഏറെക്കുറെ ശാന്തമായി. ഇടയ്ക്കിടയ്ക്ക് വലിയ തിരമാലകൾ വരുന്നുണ്ടെങ്കിലും നാശനഷ്ടങ്ങൾ ഇന്നലെ സംഭവിച്ചിട്ടില്ല. കഴിഞ്ഞ ഞായർ വൈകിട്ടും രാത്രിമാണ് ഏറ്റവും കൂടുതൽ കടലാക്രമണമുണ്ടായത്. കലക്ടർ നടത്തിയ ചർച്ചയെ തുടർന്നാണ് പ്രദേശവാസികൾ സമരം അവസാനിപ്പിച്ചത്. വിഷയത്തിൽ ഇനിയെടുക്കുന്ന തീരുമാനങ്ങൾക്ക് അനുസരിച്ചായിരിക്കും ഇനിയുള്ള സമരങ്ങളെന്ന് പ്രദേശവാസികൾ വ്യക്തമാക്കി.