ADVERTISEMENT

കൊട്ടിയം∙ ദേശീയപാതയ്ക്കായി എടുത്ത കുഴിയിൽ വീണ ബൈക്ക് യാത്രികന്റെ വാരിയെല്ല് തകർന്നു. ഉമയനല്ലൂർ അമരവിള വീട്ടിൽ ഷംസുദ്ദീനാണ്(53) പരുക്കേറ്റത്. കൊട്ടിയത്തു നിന്ന് ഉമയനല്ലൂരിലേക്ക് ബൈക്കിൽ പോയ ഷംസുദ്ദീൻ ശനി രാത്രി 10ന് കൊട്ടിയം ഇഎസ്ഐ ജംക്‌ഷന് സമീപത്താണ് അപകടത്തിൽപെട്ടത്. അമിത വെളിച്ചം പ്രകാശിപ്പിച്ച് എതിരെ വന്ന വാഹനത്തിൽ ഇടിക്കാതിരിക്കാനായി ബൈക്ക് വശത്തേക്ക് ചേർത്തപ്പോൾ റോഡിലെ 10 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഒ‍ാടിക്കൂടിയ നാട്ടുകാർ ബൈക്കിന് അടിയിൽപെട്ട ഷംസുദ്ദീനെ രക്ഷപ്പെടുത്തി കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

∙ സുരക്ഷ ഒരുക്കാതെയുള്ള റോഡ് നിർമാണം നാട്ടുകാരുടെ ജീവനെടുക്കുന്ന നിലയിൽ. നിത്യേന അപകടങ്ങൾ ഉണ്ടായിട്ടും സുരക്ഷാ ക്രമീകരണങ്ങൾ സജ്ജീകരിക്കാത്ത റോഡ് നിർമിക്കുന്ന കരാർ കമ്പനിയുടെ നിലപാട് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. അപകടങ്ങൾ പതിവായതോടെ നിർമാണം തടയാനുള്ള നീക്കത്തിലാണ് നാട്ടുകാരും സാമൂഹിക പ്രവർത്തക സംഘടനകളും. ഒടുവിൽ നടന്ന അപകടത്തിന് തലേന്ന് പുലർച്ചെ ഇതിന് അടുത്തു തന്നെ ലോറി കുഴിയിൽ വീണു. ജനുവരി മുതൽ കൊട്ടിയത്തിനും മൈലക്കാടിനും ഇടയിൽ ബൈക്ക് യാത്രികരായ 2 പേർ മരിച്ചതും സുരക്ഷ ഒരുക്കാതെയുള്ള ദേശീയ പാത നിർമാണം മൂലമാണ്.

ലീഗൽ സർവീസ് അതോറിറ്റി ഇടപെടുമ്പോൾ ചില കാട്ടിക്കൂട്ടലുകൾ നടത്തി ഉദ്യോഗസ്ഥരെയും നാട്ടുകാരെയും തൃപ്തിപ്പെടുത്തും. പിന്നെ എല്ലാം പഴയപടിയാകും. ഇപ്പോൾ നിരന്തരം അപകടങ്ങൾ ഉണ്ടാകുകയാണ്. കുഴികൾ എടുക്കുന്ന സ്ഥലത്ത് റോഡരികിൽ വലിയ ഇരുമ്പ് ബാരിക്കേഡുകൾ സ്ഥാപിച്ച് മറയ്ക്കുന്നതിന് പകരം 2 മീറ്റർ നീളമുള്ള ഇരുമ്പ് പൈപ്പുകൾ സ്ഥാപിച്ച് അതിൽ റിബൺ കെട്ടിയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ബോർഡുകളോ റിഫ്ലക്ടറുകളോ ഇല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com