ADVERTISEMENT

‌പത്തനാപുരം ∙ ജനവാസ കേന്ദ്രങ്ങളിൽ പുലിയോ എന്നു സംശയം പറഞ്ഞ അധികൃതർക്കും ഇനി ഉറപ്പിക്കാം, ഇത് പുലി തന്നെ. ഇനിയെങ്കിലും നടപടിയുണ്ടാകുമല്ലോ എന്ന ആശ്വാസത്തിൽ നാട്ടുകാർ. ഫാമിങ് കോർപറേഷന്റെ ചിതൽവെട്ടി എസ്റ്റേറ്റിൽ പുലിയെ കണ്ടെന്നത് ഇതുവരെയും പ്രചാരണം മാത്രമായിരുന്നു.   ഇന്നലെ രാവിലെ കോർപറേഷന്റെ ചിതൽവെട്ടി എസ്റ്റേറ്റിലെ വെട്ടി അയ്യം ഭാഗത്ത് പാറയുടെ മുകളിൽ ഉറങ്ങുകയായിരുന്ന പുലിയെ ഇതു വഴി പോയ ഓട്ടോ ഡ്രൈവർ കാണുകയും ചിത്രം പകർത്തുകയും ചെയ്തതോടെയാണ് യാഥാർഥ്യം നാട് അംഗീകരിച്ചത്. ആളുകളെ കൂട്ടി, പുലി കിടന്ന പാറയുടെ ഭാഗത്തേക്ക് പോയെങ്കിലും ബഹളം കേട്ട് സമീപത്തെ പറങ്കിമാവിൻ തോട്ടത്തിലേക്ക് പുലി നടന്നു നീങ്ങിയെന്നും നാട്ടുകാർ പറഞ്ഞു. കോർപറേഷന്റെ വിവിധ ഭാഗങ്ങളിലും പത്തനാപുരം ടൗണിന്റെ പല മേഖലകളിലും പുലിയെ കണ്ടെന്ന പ്രചാരണം തുടങ്ങിയിട്ട് നാലു വർഷത്തിലധികമായി. 

ടാപ്പിങ് തൊഴിലാളികളും  മറ്റുള്ളവരും കണ്ടെന്നു പറയുന്നതല്ലാതെ തെളിവു ലഭിച്ചിരുന്നില്ല. പുലിയുടേതെന്നു സംശയിക്കുന്ന കാൽപ്പാടുകൾ പലയിടങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. എന്നിട്ടും വനം ഉദ്യോഗസ്ഥർ പരസ്യമായി ഇത് അംഗീകരിക്കാനും തയാറായിട്ടില്ല. ഇനി അംഗീകരിച്ചേ മതിയാകൂ എന്ന അവസ്ഥയിലാണ് ഉദ്യോഗസ്ഥർ. കൂട് സ്ഥാപിക്കുകയോ, മറ്റേതെങ്കിലും രീതിയിൽ പുലിയെ പിടികൂടുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ,  പറങ്കിമാവിൻ തോട്ടങ്ങളും, റബർ തോട്ടങ്ങളുമാണ് പുലിയുടെ കേന്ദ്രം. പറങ്കിമാവിൻ തോട്ടങ്ങളിൽ പാഴ് മരങ്ങൾ മുറിച്ചു നീക്കാതെ കാട് പോലെയായിരിക്കുകയാണ്. കൂറ്റൻ മരങ്ങൾ മുറിക്കാൻ വനം വകുപ്പ് അനുവാദവും നൽകുന്നില്ല. പുലിയെ പിടികൂടാൻ നടപടിയെടുത്തില്ലെങ്കിൽ പ്രക്ഷോഭം തുടങ്ങാനാണ് നാട്ടുകാരുടെ തീരുമാനം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com