40 വർഷത്തെ പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലെത്തി; 67-ാം വയസ്സിൽ ശ്രീകുമാറിനു കന്നി വോട്ട്
Mail This Article
അഞ്ചാലുംമൂട് ∙ 67-ാം വയസിൽ കന്നി വോട്ട് ചെയ്യുന്നതിന്റെ ത്രില്ലിലാണ് അഷ്ടമുടി തെങ്ങിവിളയിൽ ജി. ശ്രീകുമാർ. 40 വർഷം നീണ്ട പ്രവാസ ജീവിതത്തെ തുടർന്നാണ് ഇത്രയും നാളത്തെ സമ്മതിദായക അവകാശം നഷ്ടപ്പെട്ടമായത്. 1984 ൽ ആദ്യമായി മസ്‌കറ്റിലേക്ക് യാത്ര തിരിക്കുമ്പോൾ ശ്രീകുമാറിന് 27 വയസ്. 80 കളിൽ 21 വയസായിരുന്നു വോട്ട് ചെയ്യാനുള്ള പ്രായം. അന്നൊന്നും വോട്ട് വോട്ട് ചെയ്യാനും ചെയ്യിപ്പിക്കാനും ഇന്നത്തെ പോലെ നിർബന്ധം ഇല്ലാത്തതിനാൽ പ്രായപൂർത്തിയായ ശേഷം നടന്ന പാർലമെന്റ്, നിയമസഭ തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്തില്ല.
1993ലാണ് വോട്ടേഴ്സ് ഐഡി നിലവിൽ വന്നതെങ്കിലും 2002ൽ അവധിക്ക് വന്നപ്പോഴാണ് വോട്ടർ ഐഡി എടുക്കുന്നത്. എന്നാൽ വോട്ടർ പട്ടികയിൽ പേര് ചേർക്കേണ്ട സമയങ്ങളിൽ നാട്ടിൽ ഇല്ലാതിരുന്നതിനാൽ അതിന് കഴിഞ്ഞിരുന്നില്ല. ഇടയ്ക്ക് ഏതാനം ആഴ്ചകൾ മാത്രം നീളുന്ന അവധി ദിവസങ്ങളിൽ നാട്ടിൽ വരുന്നതിനാൽ പട്ടികയിൽ പേര് ചേർക്കാനും കഴിഞ്ഞില്ല. ഭാര്യ അഗജയുടെ മാതാവ് പി.കെ. പൊന്നമ്മ കരുവ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലേക്ക് മത്സരിച്ച തിരഞ്ഞെടുപ്പിന് ശ്രീകുമാർ നാട്ടിൽ ഉണ്ടായിരുന്നു. വോട്ടർ പട്ടികയിൽ പേര് ഇല്ലാത്തതിനാൽ വോട്ട് ചെയ്തില്ല. പൊന്നമ്മ വിജയിച്ച് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സനും ആയി.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിന് തലേന്നായിരുന്നു മകളുടെ വിവാഹം. അന്നും നാട്ടിലുണ്ടായിട്ടും വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞില്ല. കഴിഞ്ഞ ജൂലൈയിൽ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ എത്തിയപ്പോൾ മൂത്ത സഹോദരൻ തെങ്ങുവിളയിൽ ജി. ദേവരജനാണ് നിർബന്ധിച്ച് വോട്ടർ പട്ടികയിൽ പേര് ചേർത്തത്. അങ്ങനെയാണ് ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ശ്രീകുമാറിന് വോട്ട് ചെയ്യാൻ അവസരം ലഭിച്ചത്.
രാഷ്ട്രീയ ചർച്ചകളിൽ പ്രവാസികൾക്കുള്ള ആവേശം നാട്ടിൽ ഇല്ല എന്നാണ് ശ്രീകുമാർ പറയുന്നത്. രാജ്യത്തെ വികസനവും നഷ്ടങ്ങളും പോരായ്മകളും എല്ലാം പ്രവാസികളുടെ ഇടയിൽ ചർച്ച ആകാറുണ്ട്. യുവജനങ്ങൾക്ക് നാട്ടിൽ തൊഴിൽ ലഭിച്ചാൽ രാജ്യം വിടേണ്ട ആവശ്യം വരില്ല. അധികാരത്തിൽ കയറുന്നവർ യുവജനങ്ങൾക്ക് ഗുണകരമായ പദ്ധതികൾ കൊണ്ടുവരാൻ ശ്രമിക്കണമെന്ന് ശ്രീകുമാർ പറയുന്നു.
കൊല്ലം ലോക്സഭാ മണ്ഡലത്തിൽ മികച്ച 3 സ്ഥാനാർഥികൾ ആയതിനാൽ കന്നി വോട്ട് ആർക്ക് ചെയ്യണം എന്ന ആശയക്കുഴപ്പത്തിലാണ് ശ്രീകുമാർ.