പന്നികളുടെ ശല്യം: വിളകൾക്ക് നാശം; കണ്ണീരോടെ കർഷകർ
Mail This Article
കടയ്ക്കൽ∙ ഗോവിന്ദമംഗലത്ത് കാർഷിക വിളകൾക്ക് നാശം വരുത്തി പന്നികൾ. മരച്ചീനി, വാഴ കൃഷിക്ക് ആണ് വൻ നാശം കഴിഞ്ഞ ദിവസം ശരരശ്മിയിൽ ശശിധരൻ നായർ, ബാബുരാജൻ എന്നിവരുടെ വസ്തുവിലെ നൂറിലധികം മരച്ചീനി നശിപ്പിച്ചു. കൂട്ടത്തോടെ എത്തുന്ന പന്നികൾ വൻ തോതിൽ മരച്ചീനിക്കു നാശം വരുത്തുകയാണ്.
പന്നി കയറാതിരിക്കാൻ ഇരുമ്പ് ഷീറ്റുകൾ കൊണ്ടു വേലി നിർമിച്ചെങ്കിലും അതെല്ലാം തകർത്താണ് പന്നികൾ കയറുന്നത്. സന്ധ്യ മുതൽ റോഡുകളുടെ വശങ്ങളിലും പന്നികൾ എത്തുന്നു. ഇരുചക്ര വാഹന യാത്രക്കാർക്ക് പന്നികളെ ഭയന്ന് സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഗോവിന്ദമംഗലം, കുമ്പളം, ചായിക്കോട്, കാട്ടുകുളങ്ങര ഭാഗത്ത് കാട് കയറി കിടക്കുന്ന സ്ഥലത്ത് പകൽ തമ്പടിക്കുന്ന പന്നികൾ വൈകുന്നേരം പുറത്ത് ഇറങ്ങും.
വിളകൾക്ക് പന്നികൾ നാശം വരുത്തുന്നതിനാൽ മരച്ചീനി, വാഴ കൃഷി വേണ്ടെന്നു വയ്ക്കാനാണ് കർഷകരുടെ തീരുമാനം. കാർഷിക വിള നശിച്ചാൽ നഷ്ട പരിഹാരം ലഭിക്കാത്തതിനാൽ വൻ നഷ്ടമാണ് കർഷകർക്ക് ഉണ്ടാകുന്നത്.