പെരുമ്പനച്ചിയിലെ 2 റോഡുകളിൽ ഗതാഗത നിയന്ത്രണം
Mail This Article
മാടപ്പള്ളി ∙ പെരുമ്പനച്ചി ഭാഗത്ത് സമാന്തരമായ 2 റോഡുകളിലും ഗതാഗത നിയന്ത്രണം. യാത്രാപ്രതിസന്ധി ഒഴിയാതെ നാട്ടുകാർ. രണ്ടിടത്തും ‘പാലമാണ്’ യാത്രയ്ക്കു വിലങ്ങുതടി. ഒരിടത്തു പാലം നിർമാണ ജോലികളുമായി ബന്ധപ്പെട്ടാണു നിയന്ത്രണമെങ്കിൽ പാലത്തിനു ചേർന്നുള്ള ഭാഗത്തു ഗർത്തം രൂപപ്പെട്ടതാണു രണ്ടാമത്തെ റോഡിലെ നിയന്ത്രണത്തിന്റെ പിന്നിലെ കാരണം.
∙മഴ ചതിച്ചതാ!
പെരുമ്പനച്ചി – മുല്ലശേരി – പുന്നക്കുന്ന് റോഡിലെ പാലത്തോടു ചേർന്ന് ഗർത്തം രൂപപ്പെട്ടതോടെ കഴിഞ്ഞ ഒരാഴ്ചയായി ഈ റോഡിലൂടെ ഇരുചക്ര വാഹനങ്ങൾ ഒഴികെയുള്ള വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്, പുന്നക്കുന്ന് ഭാഗങ്ങളിലേക്കുള്ള യാത്രാമാർഗമായ റോഡിലെ പാലമാണ് അപകടാവസ്ഥയിലായത്. ശക്തമായ മഴയിൽ കൂടുതൽ ഭാഗത്ത് മണ്ണിടിഞ്ഞിട്ടുമുണ്ട്.
അറ്റകുറ്റപ്പണികൾക്ക് ദുരന്തനിവാരണ ഫണ്ടിൽ ഉൾപ്പെടുത്തി തുക അനുവദിക്കണം എന്നാവശ്യപ്പെട്ടു കലക്ടർക്കു നിവേദനം നൽകിയെങ്കിലും ഫണ്ടില്ല എന്നതാണ് ലഭിച്ച മറുപടി. 86,000 രൂപയുടെ എസ്റ്റിമേറ്റാണു സമർപ്പിച്ചിരിക്കുന്നത്. ഇതിൽ നടപടി ഉണ്ടായില്ലെങ്കിൽ യാത്രാദുരിതം വീണ്ടും നീളും.
∙പാലത്തിൽ നിർമാണ ജോലികൾ
മാടപ്പള്ളി ക്ഷേത്രത്തിനു സമീപത്തെ പാലത്തിന്റെ നിർമാണ ജോലികൾ ആരംഭിച്ചതോടെ പൂവത്തുംമൂട് – എൻഇഎസ് ബ്ലോക്ക് റോഡിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. നടപടികൾ ആരംഭിച്ച് ഒരു മാസം പിന്നിട്ടെങ്കിലും ശക്തമായ മഴ ജോലികൾക്കു തടസ്സമാവുകയാണ്.
2 മാസത്തിനുള്ളിൽ ജോലികൾ പൂർത്തിയാക്കാൻ കഴിയുമെന്നായിരുന്നു തുടക്കത്തിലെ പ്രതീക്ഷ. കലുങ്ക് നിർമാണവുമായി ബന്ധപ്പെട്ടു കുഴിയെടുക്കുന്ന ജോലികൾക്കായി വെള്ളം പമ്പ് ചെയ്തു മാറ്റാൻ പല തവണ ശ്രമിച്ചെങ്കിലും ഒഴുക്ക് ശക്തമായതിനാൽ ഇതിനു സാധിക്കുന്നില്ല. മറ്റു ജോലികളും ഇതോടെ വൈകുകയാണ്. ചെറിയ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ താൽക്കാലിക ക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ളതാണ് ആകെയുള്ള ആശ്വാസം.