ADVERTISEMENT

കോട്ടയം∙ തിരുനക്കര ഷോപ്പിങ് കോംപ്ലക്സ് വിഷയത്തിൽ വ്യാപാരികൾക്കായി പുനരധിവാസ പാക്കേജ് പരിഗണിക്കാൻ നഗരസഭാ കൗൺസിൽ യോഗത്തിൽ തീരുമാനം.  സെക്രട്ടറി കൂടി പങ്കെടുക്കുന്ന അടുത്ത  യോഗത്തിൽ വിഷയം ചർച്ച ചെയ്യാനും വ്യാപാരികളുടെ പുനരധിവാസം ഉറപ്പാക്കാനുമാണ് ഇന്നലെ കൗൺസിൽ  തീരുമാനിച്ചത്.  വ്യാപാരികളുടെ പ്രശ്നം ചർച്ച ചെയ്യാതെ, കെട്ടിടം അടച്ചുപൂട്ടാനുള്ള താഴും താക്കോലും വാങ്ങിയ പണം കണക്കിൽ ഉൾപ്പെടുത്താനായിരുന്നു  നഗരസഭയുടെ നീക്കം. 

വ്യാപാരികളുടെ അവസ്ഥ പരിതാപകരമാണെന്നും വിഷയം ചർച്ചയ്ക്ക് എടുക്കണമെന്നും  ബിജെപി കൗൺസിലർ വിനു ആർ. മോഹൻ ആവശ്യപ്പെട്ടു. പാക്കേജ് പ്രഖ്യാപിക്കാതെ വ്യാപാരികളെ പെരുവഴിയിലാക്കുന്ന നഗരസഭയുടെ ഇരട്ടത്താപ്പിനെതിരെ ‘മനോരമ’ റിപ്പോർട്ട് ചെയ്ത വാർത്ത ചൂണ്ടിക്കാട്ടിയായിരുന്നു ബിനുവിന്റെ പ്രതികരണം. എൽഡിഎഫ് അംഗം എം.എസ്. വേണുക്കുട്ടനും യുഡിഎഫ് അംഗങ്ങളായ സാബു മാത്യു, ടി.സി റോയി, ജാൻസി ജേക്കബ് എന്നിവരും ഇതേ ആവശ്യം ഉന്നയിച്ചു. രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തി യോഗം വിളിക്കണമെന്ന് പി.എൻ.സരസമ്മാൾ ആവശ്യപ്പെട്ടു. 

വ്യാപാരികളെ കൈവിടില്ലെന്നും ചർച്ച നടത്തിയിട്ടുണ്ടെന്നും ഉപാധ്യക്ഷൻ ബി. ഗോപകുമാർ അറിയിച്ചു. വ്യാപാരികൾ മുന്നോട്ടുവച്ച പാക്കേജിൽ നിയമം അനുവദിക്കുന്നത് പരിഗണിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. 

 വ്യാപാരികൾ കെട്ടിടം ഒഴിഞ്ഞുനൽകാൻ തയാറാണെന്നും കഴിഞ്ഞ ദിവസത്തെ ചർച്ചയിലെ ധാരണ പ്രകാരം മറ്റു സ്ഥലങ്ങളിലേക്കു മാറുന്നതിന്  സമ്മതം അറിയിച്ചതായും നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യനും  പറഞ്ഞു.

നാഗമ്പടത്ത് പുതിയ ഇടം

നഗരസഭാ അധികൃതരുമായി നടത്തിയ ചർച്ചയിലെ ധാരണ പ്രകാരം വ്യാപാരികൾ നാഗമ്പടത്തെ ഷോപ്പിങ് കോംപ്ലക്സിൽ സന്ദർശനം നടത്തി. തിരുനക്കര കോംപ്ലക്സിലെ ഒന്നും രണ്ടും നിലയിലുള്ളവർക്കു  പുനരധിവാസമെന്ന നിലയിൽ നാഗമ്പടം കോംപ്ലക്സ് തുറന്നുകൊടുക്കാമെന്ന് നഗരസഭ അറിയിച്ചിരുന്നു. മുറികൾ തുറന്നുകാണിക്കുന്നതിനായി നഗരസഭാധ്യക്ഷ, ഉപാധ്യക്ഷൻ, റവന്യു ഉദ്യോഗസ്ഥർ, നഗരസഭ ജീവനക്കാർ തുടങ്ങിയവരും എത്തിയിരുന്നു. അർബൻ കോഓപ്പറേറ്റീവ് ബാങ്ക് പ്രതിനിധികൾ ഉൾപ്പെടെ 5 പേർ നാഗമ്പടത്തേക്കു മാറുന്നതിന് താൽപര്യം പ്രകടിപ്പിച്ചതായി നഗരസഭാ അധികൃതർ അറിയിച്ചു.   

അങ്കണവാടിക്ക് തുക; ബഹളം

 നഗരസഭ കൗൺസിൽ യോഗത്തിൽ  പുലി പോലെ വന്നത് എലി പോലെ പോയി. 41–ാം നമ്പർ അങ്കണവാടിയുടെ അറ്റകുറ്റപ്പണിക്കായി 10 ലക്ഷം രൂപ അനുവദിച്ചതിനെച്ചൊല്ലിയായിരുന്നു തർക്കം. വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടിയുടെ അറ്റകുറ്റപ്പണിക്കു തുക  അനുവദിച്ചത് ബിജെപി അംഗം ചോദ്യം ചെയ്തതോടെയാണ് ബഹളം തുടങ്ങിയത്. 

നഗരസഭാധ്യക്ഷയുടെ വാർഡിലെ അങ്കണവാടിയാണ് ഇതെന്നു പ്രതിപക്ഷവും, അല്ലെന്നു ഭരണപക്ഷവും വാദിച്ചതോടെ യോഗം ബഹളത്തിൽ മുങ്ങി. എന്നാൽ അങ്കണവാടി 2–ാം  വാർഡിലാണെന്നും  കെട്ടിടം നന്നാക്കാനല്ല നഗരസഭയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു കെട്ടിടം വൃത്തിയാക്കി അങ്കണവാടി അങ്ങോട്ടുമാറ്റാനാണു  തുക അനുവദിച്ചതെന്നും വ്യക്തമായതോടെയാണു  ബഹളം  നിലച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com