ADVERTISEMENT

വൈക്കം ∙ ഇന്ന് മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന്റെ ഒൻപതാം ദിനം. ആനപ്രേമികളുടെ മനസ്സിൽ ആവേശം സൃഷ്ടിക്കാൻ ഗജപൂജ രാവിലെ 8നും ആനയൂട്ട് വൈകിട്ട് 4നും നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻനിരയിലുള്ള തിരുനക്കര ശിവനെ പ്രത്യക്ഷ ഗണപതിയായി സങ്കൽപിച്ച് ഗജപൂജ നടത്തും. വ്യാഘ്രപാദ തറയ്ക്കു സമീപം കിഴക്കേ ആനപ്പന്തലിൽ‌ കരിമ്പടം വിരിച്ച് അതിനുമുകളിൽ വെള്ളപ്പട്ടു വിരിച്ച് അതിലാണ് ആനയെ നിർത്തുന്നത്. തന്ത്രി മുഖ്യന്മാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മാധവൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും. 

വൈകിട്ട് നാലിന് നടക്കുന്ന ആനയൂട്ടിനായി എത്തുന്ന ആനകളെ വരവേൽക്കാൻ നിറഞ്ഞ പുരുഷാരം ക്ഷേത്രത്തിൽ തടിച്ചു കൂടും. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ ദീപ പ്രകാശനം നടത്തും. പുതുപ്പള്ളി സാധു, തിരുനക്കര ശിവൻ, കുന്നത്തൂർ രാമു, കാഞ്ഞിരക്കാട്ട് ശേഖരൻ, മുണ്ടയ്ക്കൽ ശിവനന്ദൻ, പന്മന ശരവണൻ, വേമ്പനാട് അർ‍ജുനൻ തുടങ്ങിയ 13 ഗജരാജാക്കൻമാർ അണിനിരക്കും. അതിന് ശേഷം കാഴ്ചശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ 150ൽപരം കലാകാരൻമാർ അണിനിരക്കുന്ന പഞ്ചാരിമേളം നടത്തും. സ്വർണ തലേക്കെട്ടും സ്വർണക്കുടയും അകമ്പടിയേകും. മേളപ്രേമികൾക്കും ആനപ്രേമികൾക്കും ആഘോഷ വിരുന്നാണ് ഇന്ന് ക്ഷേത്രത്തിൽ.

വൈക്കം – തവണക്കടവ് റൂട്ടിൽ സ്പെഷൽ ബോട്ട് സർവീസ് 

വൈക്കം ∙ അഷ്ടമി ഉത്സവത്തോട് അനുബന്ധിച്ച് ജലഗതാഗത വകുപ്പ് വൈക്കം – തവണക്കടവ് റൂട്ടിൽ നാളെ ഉച്ചയ്ക്കു 12 മുതൽ 18നു രാവിലെ 8 വരെ സ്പെഷൽ സർവീസ് നടത്തും. 6 ബോട്ടുകളാണ് ക്രമീകരിച്ചിരിക്കുന്നത്. 6 രൂപയാണു ടിക്കറ്റ് നിരക്ക്. രാത്രി 9നു ശേഷം വൈക്കത്തു നിന്നു തവണക്കടവിലേക്കും രാത്രി 9.20ന് ശേഷം തവണക്കടവിൽ നിന്നു വൈക്കത്തേക്കും യാത്ര ചെയ്യുന്നവർ 20 രൂപ ടിക്കറ്റിന് നൽകണമെന്നു സ്റ്റേഷൻ മാസ്റ്റർ അറിയിച്ചു.

വൈക്കം ക്ഷേത്രത്തിൽ ഇന്ന്

രാവിലെ 5 മുതൽ 6.40 വരെ പാരായണം, 6.40ന് ചക്കംകുളങ്ങര ഭജന സമിതിയുടെ ഭജൻസ്, 7.20ന് കോട്ടയം ശ്രീരാഗം മ്യൂസിക്കിന്റെ ഭക്തി ഗാനസുധ, 8ന് ഗജപൂജ, വോയ്സ് പാലയുടെ ഭക്തിഗാനസുധ, 8.40ന് പാർ‍വതി മേനോന്റെ കുച്ചുപ്പുടി, 9.40ന് വടകര ഉദയാപറമ്പത്തമ്മ തിരുവാതിര സമിതിയുടെ തിരുവാതിര, 10.10ന് ചോറ്റാനിക്കര ദേവി തിരുവാതിര സംഘത്തിന്റെ തിരുവാതിര, 10.40ന് ജൈത്ര എൻ.നമ്പൂതിരിയുടെ ഓട്ടൻതുള്ളൽ,

11.20ന് ജി.താരയും സംഘവും സംഗീത കച്ചേരി, 12ന് ചേർത്തല മംഗല്യ തിരുവാതിര സംഘത്തിന്റെ തിരുവാതിര, ഉച്ചയ്ക്ക് 12.30ന് അരുന്ധതി സുരേഷിന്റെ സംഗീത കച്ചേരി, 1ന് ശിവപാർവതി തിരുവാതിര സമിതിയുടെ തിരുവാതിര, 1.30ന് അനന്തു അജിയുടെ ഭക്തിഗാനസുധ, 2ന് അക്ഷയ് പ്രസാദിന്റെ സംഗീത കച്ചേരി, 2.30ന് അക്ഷയ ദിലീപ് വല്ലൂത്തറയുടെ സംഗീത കച്ചേരി, 3ന് തൃപ്പൂണിത്തുറ പൂർണശ്രീയുടെ തിരുവാതിര,

3.30ന് തോട്ടകം ഗുരുകൃപ കുടുംബ യൂണിറ്റിന്റെ തിരുവാതിര, വൈകിട്ട് 4ന് ആനയൂട്ട്, ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ ഭദ്രദീപ പ്രകാശനം നിർവഹിക്കും, 4ന് രാധിക ഗോപകുമാർ, സുമ രാജീവ് എന്നിവരുടെ സംഗീത കച്ചേരി, 4.30ന് കാഴ്ച ശ്രീബലി, മേജർസെറ്റ് പഞ്ചാരിമേളം – പെരുവനം കുട്ടൻമാരാരും സംഘവും,

6.30ന് ശിവഭദ്ര നൃത്തകലാലയത്തിന്റെ നൃത്തസന്ധ്യ, 7.30ന് ഹൈദരാബാദ് വൻഷികയുടെ ഭരതനാട്യം, രാത്രി 8ന് ചൈതന്യ കുസുമപ്രിയയുടെ ഭരതനാട്യം, 8.30ന് സ്വാതി നാരായണനും സംഘവും കുച്ചുപ്പുടി, 9ന് അക്ഷര ബിജീഷിന്റെ മോഹിനിയാട്ടം, 9.30ന് മഞ്ജു വി.നായരിന്റെ ഭരതനാട്യം, നാളെ പുലർച്ചെ 5ന് തെക്കുംചേരിമേൽ എഴുന്നള്ളിപ്പ്. 

കളിയരങ്ങിൽ 

രാത്രി 10ന് മേജർസെറ്റ് കഥകളി. കഥകൾ – നളചരിതം നാലാം ദിവസം, രാവണോത്ഭവം, ദക്ഷയാഗം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com