‘സ്വപ്നം കണ്ടത് അടച്ചുറപ്പുള്ള വീട്’, ഉറപ്പു പറഞ്ഞത് മന്ത്രി; പ്രളയത്തിൽ മുങ്ങിയവരുടെ കണ്ണീരിന് വിലയിടരുത്
Mail This Article
കോട്ടയം∙ ഉറപ്പു പറഞ്ഞത് മന്ത്രി; വാക്കു നിറവേറുന്നതും കാത്ത് ഓഫിസുകൾ കയറിയിറങ്ങുകയാണ് കൂട്ടിക്കലിലെ ജനം. കൂട്ടിക്കൽ പ്രളയദുരന്തത്തിൽപെട്ടവരുടെ കിടപ്പാടത്തിനു കേരള ബാങ്ക് വില പറഞ്ഞതോടെ ബാങ്കിന്റെ പ്രധാനശാഖയിൽ ഇന്നലെ നടന്നത് വൻ പ്രതിഷേധം.
കൂട്ടിക്കൽ പരുവക്കാട്ടിൽ ദാമോദരന്റെ 10 സെന്റ് പുരയിടവും വീടും കേരള ബാങ്ക് ഇന്നലെയാണ് ലേലത്തിനു വച്ചത്. കൂട്ടിക്കലിലെ ജപ്തി ഭീഷണി നേരിടുന്ന 25 പ്രദേശവാസികളും അവർക്കൊപ്പമുണ്ടായിരുന്നു. ലേലം നടത്തിയാൽ ബാങ്ക് കെട്ടിടത്തിനു മുകളിൽ നിന്നു ചാടുമെന്നുവരെ ഭീഷണിയുയർന്നു. കടുത്ത പ്രതിഷേധത്തിനൊടുവിൽ, പ്രളയ ദുരിതത്തിന്റെ ഇരകളായ ദമ്പതികളുടെ വീട് ലേലത്തിൽ വച്ച നടപടി കേരള ബാങ്ക് താൽക്കാലികമായി നിർത്തി.
സ്വപ്നം കണ്ടത് അടച്ചുറപ്പുള്ള വീട്
‘അടച്ചുറപ്പുള്ള ഒരു വീട് ഞങ്ങളുടെ ഏറെനാളത്തെ സ്വപ്നമായിരുന്നു. അതിനായാണ് സ്ഥലം പണയം വച്ച് ലോൺ എടുത്തത്. കഴിഞ്ഞ ഉരുൾപൊട്ടലിൽ വെള്ളം വന്നത് ഞങ്ങളുടെ വീടിന്റെ അരികിലൂടെയാണ്. ആകെയുള്ള 10 സെന്റ് ഭൂമിയിലെ ഉള്ളതെല്ലാം ഒഴുകിപ്പോയി. കൂലിപ്പണിക്കാരായ മക്കളെക്കൊണ്ടു പണം തിരിച്ചടയ്ക്കാനാവില്ല.
കയറിച്ചെല്ലാൻ മറ്റൊരിടവും ഞങ്ങൾക്കില്ല.’ ഇത്രയും പറയുന്നതിനിടെ കൂട്ടിക്കൽ പരുവക്കാട്ടിൽ ദാമോദരന്റെ ഭാര്യ വിജയമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. കേരള ബാങ്ക് ലേലത്തിനുവച്ച വീട്ടിൽ നിന്നാണ് ഇന്നലെ രാവിലെ ദാമോദരനും (75) വിജയമ്മയും (71) സമരപ്പന്തലിലേക്ക് എത്തിയത്.
2012ൽ വീടുപണിയുമായി ബന്ധപ്പെട്ടാണ് കൂലിപ്പണിക്കാരനായ ദാമോദരനും ഭാര്യ വിജയമ്മയും തങ്ങളുടെ പേരിലുള്ള സ്ഥലം കേരള ബാങ്കിൽ 4 ലക്ഷം രൂപയ്ക്കു പണയം വച്ചത്. ഈ തുകയും പലിശയും മുടക്കം കൂടാതെ ഇവർ അടച്ചിരുന്നു. 2016ൽ 5 ലക്ഷം രൂപയ്ക്ക് ഇവർ ഇതേ ബാങ്കിൽ പണയവസ്തു പുതുക്കിവച്ചു. ഇതിനിടെ ദാമോദരനു ഹൃദ്രോഗം ബാധിച്ചു. പിന്നീട് കോവിഡും വന്നതോടെ തിരിച്ചടവു മുടങ്ങി.
ഉരുൾപ്പൊട്ടൽ കൂടി വന്നതോടെ സാമ്പത്തികമായി പൂർണ ഞെരുക്കത്തിലായി കുടുംബം. ഇതിനിടയിലാണ് പലിശയടക്കം തുക തിരിച്ച് അടയ്ക്കണമെന്നു കാട്ടി കേരള ബാങ്ക് ജപ്തി നോട്ടിസ് അയച്ചത്. ജപ്തി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടും പണം തിരിച്ചടയ്ക്കാൻ സാവകാശം തേടിയും ഇരുവരും മന്ത്രി വി.എൻ. വാസവനെ സമീപിച്ചു. ജപ്തി നടപടി നിർത്തിവയ്ക്കുമെന്ന് മന്ത്രി ഇവർക്ക് ഉറപ്പുനൽകി.
എന്നാൽ രണ്ടാഴ്ച മുൻപാണ് ബാങ്ക് വീട് ലേലത്തിന് വയ്ക്കുന്നെന്നു കാട്ടി ഇവർക്ക് സെയിൽസ് നോട്ടിസ് അയച്ചത്. ഇതിനിടെ ലേലം നടപടി നിർത്തിവയ്ക്കുമെന്നു സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎയും ഇവർക്ക് ഉറപ്പുനൽകി.
എന്നാൽ ഇന്നലെ കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. സജിമോൻ ഇവരെ വിളിച്ച് വീട് ലേലത്തിന് വയ്ക്കുകയാണെന്നും വേഗം മറ്റൊരു വീട് കണ്ടെത്തി മാറിത്താമസിക്കണമെന്നും ആവശ്യപ്പെടുകയിരുന്നു. 10.75 ലക്ഷത്തിനാണ് ഇവരുടെ വീട് ലേലത്തിന് വച്ചത്. ലേല നടപടി മാറ്റിവച്ചതോടെ വിജയമ്മയും കുടുംബവും ആശ്വാസത്തോടെ മടങ്ങി.
പ്രളയവും നഷ്ടങ്ങളുമൊന്നും ബാങ്കുകൾക്ക് അറിയേണ്ട
പ്രളയ ബാധിത മേഖലയിലെ ബാങ്ക് വായ്പകളിൽ വീണ്ടും ജപ്തി ഭീഷണി. 2021 ഒക്ടോബറിൽ പ്രളയത്തിൽ നാശം സംഭവിച്ച ആളുകളാണ് വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ ജപ്തി ഭീഷണി നേരിടുന്നത്. ബാങ്ക് നടപടി മരവിപ്പിക്കാൻ നിർദേശം നൽകുമെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞ വാക്കു നടപ്പാകാതെ വന്നതോടെ പ്രളയം ബാക്കിവച്ച കിടപ്പാടം ഇനി ബാങ്ക് കൊണ്ടുപോകുമോയെന്ന ആശങ്കയിലാണ് ജനം.
പ്രളയത്തിൽ രണ്ട് പാലങ്ങൾ തകർന്ന് ഗതാഗതം ഒരു മാസം പൂർണമായും നിലച്ച സ്ഥലമാണ് കൂട്ടിക്കൽ പഞ്ചായത്തിലെ ഇളംകാട് ടോപ്പ്. ഇവിടേക്ക് സർക്കാരിന്റെ ദുരിതാശ്വാസ കരുതലുകൾ എത്തും മുൻപേ എത്തിയത് ബാങ്കുകളുടെ കത്തുകളാണ്. കൂലിപ്പണിക്കാരായ 40 ആളുകൾക്ക് ഒരു വാർഡിൽ തന്നെ മുന്നറിയിപ്പ് നോട്ടിസ് ലഭിച്ചു. ഇവിടെ തുടങ്ങുകയാണ് ജപ്തി ഭീഷണിയുടെ നാൾവഴി.
ജപ്തിയുടെ നാൾവഴികൾ
∙കേരള ബാങ്ക്, സഹകരണ ബാങ്ക്, മീനച്ചിൽ ബാങ്ക് എന്നിവിടങ്ങളിൽ നിന്നു പ്രദേശത്തെ 95 ശതമാനത്തോളം ആളുകളും ലോൺ എടുത്തിരുന്നു. പലരും കോവിഡ് കാലം വരെ കൃത്യമായി അടച്ചു. ബാങ്കുകൾ ഇവർക്ക് വീണ്ടും ലോൺ നൽകിയതുമാണ്.
∙ ഇൗടുവച്ച സ്ഥലം വരെ പ്രളയത്തിൽ തകർന്നടിഞ്ഞതോടെ ബാങ്കിലെ കടം മിക്കവർക്കും അധിക ഭാരമായി. സർക്കാർ സഹായം പ്രതീക്ഷിച്ച ആളുകൾക്ക് ആദ്യം ലഭിച്ചത് ബാങ്കുകളുടെ നോട്ടിസ്.
∙വായ്പ എടുത്തവർ പ്രളയ അതിജീവന കൂട്ടായ്മ രൂപീകരിച്ച് ഒന്നിച്ചു. ബാങ്ക് കടങ്ങളിൽ സാവകാശം വേണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തി.
∙സ്ഥലം ഏറ്റെടുത്തെന്ന് 4 വീടുകളുടെ മുൻപിൽ കേരള ബാങ്ക് ബോർഡ് വച്ചു.
∙ബാങ്ക് നടപടി പ്രളയ ബാധിത മേഖലയിൽ തൽക്കാലം ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്നു മന്ത്രി വി.എൻ.വാസവൻ ഉറപ്പു നൽകി.
∙ഇതോടെ ബാങ്കുകൾ 6 മാസം മൊറട്ടോറിയം പ്രഖ്യാപിച്ചു. കൃത്യം 6 മാസം കഴിഞ്ഞ് മൂന്നാം ദിവസം വീണ്ടും നോട്ടിസുകൾ മലകയറി എത്തി.
∙ പ്രളയ അതിജീവന സമിതി വീണ്ടും സമരത്തിലേക്ക്.
∙എന്നാൽ ബാങ്ക് നടപടികളിൽ പേടി വേണ്ടെന്നായിരുന്നു. ജനപ്രതിനിധികളുടെ പ്രതികരണം.
∙പ്രളയത്തിന് കാലങ്ങൾക്കു മുൻപേ മുടങ്ങിയ വായ്പകൾക്കാണ് ജപ്തി നടപടി സ്വീകരിച്ചതെന്നാണ് ബാങ്കുകളുടെ വിശദീകരണം.
∙ഒടുവിൽ പ്രതിഷേധം മലയിറങ്ങി ജില്ലാ ഭരണ കേന്ദ്രത്തിലേക്ക്.