ADVERTISEMENT

മാന്നാനം ∙ വീടിനകത്തും പുറത്തും ആഫ്രിക്കൻ ഒച്ചിന്റെ ശല്യം രൂക്ഷമായി. കിണറുകളിലടക്കം ഒച്ചാണ്. പ്രതിരോധ നടപടികൾ ഏകോപിപ്പിക്കാൻ അതിരമ്പുഴ പഞ്ചായത്ത് പ്രത്യേക യോഗം ചേരും. 15, 17,18 വാർഡുകളിലാണ് ഒച്ചുശല്യം കൂടുതൽ.ഇരുട്ടു വീണാൽ പ്രദേശമാകെ ഒച്ചുകൾ കീഴടക്കും.

സ്പർശിച്ചാൽ ചൊറിച്ചിലും പുകച്ചിലും ഉണ്ടാകുമെങ്കിലും ഇതെല്ലാം സഹിച്ച് ഓരോ വീട്ടുകാരും നൂറുകണക്കിനു ഒച്ചുകളെയാണു പിടികൂടി നശിപ്പിക്കുന്നത്. ആഫ്രിക്കൻ ഒച്ചുകൾ മസ്തിഷ്കജ്വരത്തിനു വരെ കാരണമായേക്കാമെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു.  കാടുകൾ വെട്ടിമാറ്റുകയും പ്രതിരോധ നടപടികൾ സ്വീകരിക്കുകയും ചെയ്താൽ ഇവയെ തുരത്താൻ കഴിയുമെന്നാണു നാട്ടുകാർ പറയുന്നത്.

കിണറുകളിൽ ഇവയുടെ സാന്നിധ്യം കണ്ടെത്തിയതോടെ കുടിവെള്ളം പോലും മുടങ്ങി. കൃഷിക്കും ഭീഷണിയാണ്. പ്രദേശത്തെ പുല്ലുകൾ തിന്ന ആടുകൾ ചത്തതു നാട്ടുകാരിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

 ആഫ്രിക്കൻ ഒച്ച്

ആഫ്രിക്കയുടെ തീരദേശ ദ്വീപുകളിൽ നിന്നാണ് ആഫ്രിക്കൻ ഒച്ചുകൾ മറ്റു രാജ്യങ്ങളിലേക്ക് എത്തിയത്. 2018ലെ പ്രളയത്തിനു ശേഷം സംസ്ഥാനത്ത് അപകടകരമായ നിലയിൽ ഇവ വ്യാപിച്ചു. 1970ൽ പാലക്കാടാണു കേരളത്തിലാദ്യമായി കണ്ടെത്തിയത്. ലോകത്തിലെ വിനാശകാരികളായ ആദ്യ നൂറ് അധിനിവേശ കീടങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നവയാണിവ. വളർച്ചയെത്തിയ ഒച്ചിനു 7 സെന്റീമീറ്റർ പൊക്കവും 20 സെന്റിമീറ്റർ നീളവുമുണ്ടാകും. ഒരു തവണ 200 മുട്ടകൾ വരെ ഉണ്ടാകും. 90 ശതമാനവും വിരിയും. 5 മുതൽ 10 വർഷം വരെ ജീവിക്കും.

പ്രതിരോധം

പരിസര ശുചിത്വം പാലിക്കുക. ജൈവ അവശിഷ്ടങ്ങൾ കൂട്ടി ഇടരുത്. കൃഷി സ്ഥലത്തെ ഈർപ്പമുള്ള അടിക്കാടുകൾ വെട്ടിക്കളയണം. മഴക്കാലത്തിനു ശേഷം മണ്ണ് ഇളക്കിക്കൊടുക്കണം. താറാവുകളെ വളർത്തുന്നതാണു ഫലപ്രദമായ ജൈവ പ്രതിരോധ രീതി. വൈകുന്നേരങ്ങളിൽ വിവിധ കെണികൾ ഒരുക്കിയും നശിപ്പിക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com