തൃക്കാർത്തികയുടെ മഞ്ഞൾപ്രസാദം തൊട്ട് കുമാരനല്ലൂർ
Mail This Article
കുമാരനല്ലൂർ ∙ കാർത്തിക വിളക്കുകളായിരുന്നു കുമാരനല്ലൂർ ദേശത്തിന്റെ അലങ്കാരം. കുമാരനല്ലൂരമ്മയ്ക്ക് ഉത്സവം ഒരുക്കാൻ ഭക്തസഹസ്രങ്ങൾ. പുലർച്ചെയുള്ള കാർത്തിക ദീപങ്ങളുടെ നിറവിൽ അണയാത്ത പകലിന്റെ തുടർച്ചയായി തൃസന്ധ്യയിൽ ദേശവിളക്ക്. ദേവീസ്തുതികളാൽ ഭക്തമനസ്സുകളിൽ നിറഞ്ഞത് ശ്രീകുമാരാലയ സ്തോത്രം. ചരിത്രപ്രസിദ്ധമായ കുമാരനല്ലൂർ തൃക്കാർത്തിക ദർശനത്തിനും ദീപക്കാഴ്‌ചയ്‌ക്കും വൻ ഭക്‌തജനത്തിരക്കാണ് അനുഭവപ്പെട്ടത്.
ക്ഷേത്രത്തിനു ചുറ്റും നിറഞ്ഞ ദീപങ്ങൾ കൂടാതെ ദേശവഴികളിലും വീടുകളിലും മൺചെരാതുകളും നിലവിളക്കുകളും കൊളുത്തിയും അലങ്കാരദീപങ്ങൾ സ്‌ഥാപിച്ചും നാട്ടുകാർ കാർത്തികയെ വരവേറ്റു. ദീപങ്ങൾ കൊണ്ട് സ്വർണ വെളിച്ചത്തിൽ കുളിച്ചുനിൽക്കുകയായിരുന്നു ക്ഷേത്രവും പരിസരവും.
പ്രസാദമൂട്ടിന് അരലക്ഷം പേർ
കാർത്തിക ദർശനത്തിനു ശേഷം ഭക്‌തർ പ്രസാദമൂട്ടിലും പങ്കെടുത്താണ് മടങ്ങിയത്. അരലക്ഷത്തോളം പേർ പ്രസാദമൂട്ടിൽ പങ്കെടുത്തെന്നാണു ദേവസ്വത്തിന്റെ കണക്കുകൂട്ടൽ. രാവിലെ 9ന് ആരംഭിച്ച പ്രസാദമൂട്ട് 3.30 വരെ തുടർന്നു. പുലർച്ചെ തൃക്കാർത്തിക ദർശനത്തോടനുബന്ധിച്ചു സോപാനത്തിങ്കൽ അമ്പലപ്പുഴ വിജയകുമാർ, കലാപീഠം വിപിൻകുമാർ എന്നിവർ കൊട്ടിപ്പാടി സേവ നടത്തി. തുടർന്ന് ആറാട്ടുകടവിലേക്ക് എഴുന്നള്ളിപ്പും തിരിച്ചെഴുന്നള്ളിപ്പും. ആറാട്ടുകടവിലേക്കുള്ള എഴുന്നള്ളിപ്പിനു കുമാരനല്ലൂർ സജേഷും സംഘവും പഞ്ചവാദ്യം ഒരുക്കി. തിരുമറയൂർ ഗിരിജൻ മാരാരുടെ പ്രമാണത്തിലുള്ള പാണ്ടിമേളം തിരിച്ചെഴുന്നള്ളിപ്പിനു പ്രൗഢിയേകി.
പട്ടും രാശിചക്രവും സമർപ്പിച്ചു
ആചാരാനുഷ്ഠാനത്തിന്റെ ഭാഗമായി കുമാരനല്ലൂരമ്മയ്‌ക്കു ചെമ്പകശേരി രാജ്യത്തിന്റെ പേരിൽ പട്ടും രാശിചക്രവും സമർപ്പിച്ചു. ചെമ്പകശേരി രാജ്യത്തിന്റെയും ഇഷ്‌ടമൂർത്തിയായ വാസുദേവപുരം ശ്രീകൃഷ്‌ണ ക്ഷേത്രത്തിന്റെയും പ്രതിനിധിയായി തെക്കേടത്ത് മനയ്‌ക്കൽ ഋഷികേശ് ഭട്ടതിരിപ്പാടാണു പട്ടും രാശിയും ദേവിക്കു മുന്നിൽ സമർപ്പിച്ചത്.
ഇതിനുള്ള നടപ്പണം 13 രൂപ 47 പൈസയും വെടിക്കെട്ട് പണം 9 രൂപ 42 പൈസയും കുമാരനല്ലൂർ ദേവസ്വത്തിൽ ഏറ്റുമാനൂർ ദേവസ്വത്തിന്റെ പേരിൽ നേരത്തേ അടച്ചിരുന്നു. പുലർച്ചെ പട്ടും രാശിയും സമർപ്പിക്കുന്നതിനായി ക്ഷേത്രത്തിലെത്തിയ ഭട്ടതിരിയെയും സംഘത്തെയും തീവെട്ടിപ്രഭയിൽ നാഗസ്വര വാദ്യങ്ങളുടെ അകമ്പടിയോടെയാണു ദേവസ്വം ഭാരവാഹികൾ എതിരേറ്റത്. തൂശനിലയിൽ പട്ടും പണവും രാശിയും ദേവിക്കു മുന്നിൽ സമർപ്പിച്ചു.
ഏറ്റുമാനൂർ ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസർ വി.ആർ. ജ്യോതി, ജൂനിയർ സൂപ്രണ്ട് കെ.ആർ.വിജയകുമാർ, കുമാരനല്ലൂർ ദേവസ്വം ഭരണാധികാരി സി.എൻ.ശങ്കരൻ നമ്പൂതിരി എന്നിവരും പങ്കെടുത്തു. രാജഭരണകാലം മുതൽ തുടരുന്ന ആചാരമാണിത്.നട്ടാശേരി എടത്തിൽ മണപ്പുറം ആറാട്ടുകടവിലേക്ക് ആറാട്ട്ഇന്നാണ് ആറാട്ട്.
ഉച്ചയ്‌ക്ക് ഒന്നിനു ചക്കുളത്തുകാവ് ബ്രഹ്മ കലാസമിതിയുടെ ആറാട്ടു മേളം.കാവടിയും ശിങ്കാരിമേളവും ഉണ്ടാവും.നട്ടാശേരി എടത്തിൽ മണപ്പുറം ആറാട്ടുകടവിലേക്കുള്ള എഴുന്നള്ളിപ്പ് 3ന് ആരംഭിക്കും. 7നു തിരിച്ചെഴുന്നള്ളിപ്പ്, ആറാട്ട് തിരിച്ചെഴുന്നള്ളിപ്പിനു വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. പുലർച്ചെ 2.30ന് ആറാട്ട് എതിരേൽപ്. സജേഷ് സോമനും സംഘവും ഒരുക്കുന്ന പാണ്ടിമേളത്തോടെ ഉത്സവത്തിനു കൊടിയിറങ്ങും.