ചങ്ങനാശേരി ∙ ‘ഒരേ സമയം പല ചുമതലകൾ വിജയകരമായി കൈകാര്യം ചെയ്തിരുന്ന പ്രതിഭ’. ഇന്നലെ അന്തരിച്ച ഡോ.സക്കീർ ഹുസൈൻ സ്ഥാപനങ്ങളുടെ സ്ഥാപകൻ കെ.എ.ലത്തീഫിനെ സുഹൃത്തുക്കൾ ഓർക്കുന്നത് ഇങ്ങനെ. 5 പതിറ്റാണ്ടിലേറെ പൊതുസമൂഹത്തിൽ സജീവ സാന്നിധ്യമായിരുന്നു കെ.എ.ലത്തീഫ്.
തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ പഠിക്കുന്ന കാലത്തു ജീവിതച്ചെലവിനായി കെട്ടിട നിർമാണ ജോലികൾ ഏറ്റെടുത്തു തുടങ്ങിയ ലത്തീഫ് പിന്നീട് ഈ മേഖലയിലാണ് ഏറെ ശോഭിച്ചത്. ഷെൽ സ്ലാബ് നിർമാണത്തിൽ പ്രാവീണ്യം ഉണ്ടായിരുന്നു. 1970ലാണ് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കാനുള്ള തീരുമാനം എടുത്തത്.
സാങ്കേതിക വിദ്യാഭ്യാസത്തിന് പ്രചാരം നൽകിയ മുൻ രാഷ്ട്രപതി ഡോ.സക്കീർ ഹുസൈന്റെ ബഹുമാനാർഥം അദ്ദേഹത്തിന്റെ പേരാണ് എൻജിനീയറിങ് ഇൻസ്റ്റിറ്റ്യൂട്ട്, ഐടിഐ എന്നിവയ്ക്ക് ലത്തീഫ് നൽകിയത്. 2000ൽ ഇതേ പേരിൽ സിബിഎസ്ഇ സ്കൂളിനും തുടക്കമിട്ടു.
2 തവണ ചങ്ങനാശേരി നഗരസഭ അധ്യക്ഷനായി. ബൈപാസിൽ സ്റ്റേഡിയം നിർമാണത്തിനു സ്ഥലം ഏറ്റെടുക്കുന്ന നടപടി ആരംഭിച്ചത് ഈ കാലയളവിലാണ്. ചങ്ങനാശേരി പുതൂർപ്പള്ളി മുസ്‌ലിം ജമാ അത്ത് പ്രസിഡന്റ്, കേരള ഫുട്ബോൾ അസോസിയേഷൻ ഭാരവാഹി, ദീർഘകാലം ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ്, ഡോ.സക്കീർ ഹുസൈൻ മെമ്മോറിയൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രിൻസിപ്പൽ, ട്രസ്റ്റ് ചെയർമാൻ, ഏറ്റുമാനൂർ സോമനാഥൻ ട്രസ്റ്റ് സെക്രട്ടറി തുടങ്ങി ഒട്ടേറെ പദവികൾ വഹിച്ചിട്ടുണ്ട്.
ആവിഷ്കരണത്തിലെ വ്യത്യസ്തത കെ.എ.ലത്തീഫ് ആസൂത്രണം ചെയ്ത പരിപാടികളെ വേറിട്ടതായി. പെരുന്നയിലെ വീട്ടിൽ പൊതുദർശനത്തിനു വച്ച കെ.എ.ലത്തീഫിന്റെ മൃതദേഹത്തിൽ ജോബ് മൈക്കിൾ എംഎൽഎ ഉൾപ്പെടെയുള്ളവർ അന്തിമോപചാരം അർപ്പിച്ചു.