അതിരമ്പുഴ∙ മിന്നിത്തിളങ്ങുന്ന മുത്തുക്കുടകൾക്കു നടുവിൽ ദിവ്യ പ്രഭയിൽ വിളങ്ങുന്ന വിശുദ്ധരുടെ 22 തിരുസ്വരൂപങ്ങൾ. അകമ്പടിയായി പൊൻ–വെള്ളിക്കുരിശുകളും,തഴക്കുടയും, ആലവട്ടവും വെഞ്ചാമരവും. വർഷത്തിലൊരിക്കൽ മാത്രം ദർശന സായൂജ്യമേകുന്ന അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ തിരുനാൾ പ്രദക്ഷിണം കണ്ടു വണങ്ങാൻ ഇന്നലെ പതിനായിരങ്ങളാണ് അതിരമ്പുഴയിലെത്തിയത്.
ഏറ്റവും മുന്നിൽ ഉണ്ണി ഈശോയുടെയും ഒടുവിലായി വിശുദ്ധ സെബസ്ത്യാനോസിന്റെ തിരു സ്വരൂപങ്ങളായിരുന്നു. വൈകുന്നേരം 5.30തോടെ വലിയപള്ളിയിൽ നിന്നാരംഭിച്ച തിരുനാൾ പ്രദക്ഷിണം ഇരു വശങ്ങളിലും തൊഴുകൈകളോടെ കാത്തു നിന്ന വിശ്വാസികൾക്കു മേൽ അനുഗ്രഹ വർഷം ചൊരിഞ്ഞു ചെറിയ പള്ളിയിലേക്കു നീങ്ങി.
വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ കണ്ടു വണങ്ങി മതി വരാതെ ഭക്തജനം പിന്നാലെ കൂടുന്ന കാഴ്ചയായിരുന്നു. പരമ്പരാഗത അകമ്പടിക്കൂട്ടങ്ങളും, ചെണ്ടമേളങ്ങളും ബാൻഡ് മേളങ്ങളും പ്രദക്ഷിണത്തിന്റെ മാറ്റു കൂട്ടി. വലിയ പള്ളിക്കും ചെറിയ പള്ളിക്കും ഇടയിൽ ജോൺ പോൾ രണ്ടാമൻ നഗറിൽ ഇരുവശങ്ങളിലായി നിരന്ന നൂറുകണക്കിന് മുത്തുക്കുടകൾക്കു മധ്യേ വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ അണിനിരന്ന മനോഹര ദൃശ്യത്തിന് ഭക്തജന സഹസ്രങ്ങൾ സാക്ഷ്യം വഹിച്ചു.
വിശുദ്ധ സെബസ്ത്യാനോസിന്റെ തിരു സ്വരൂപത്തിനു പിന്നിൽ ഭക്തജനങ്ങൾ പ്രാർഥനാപൂർവം നീങ്ങി. തളിർ വെറ്റിലയെറിഞ്ഞും പുഷ്പങ്ങൾ വിതറിയും വിശ്വാസികൾ വിശുദ്ധനോടുള്ള ആദരവ് അറിയിച്ചു. 7.45നു സമാപന പ്രാർഥനയും ആശീർവാദവും നടന്നു. 8.30ന് പ്രശസ്തമായ അതിരമ്പുഴ വെടിക്കെട്ട് ആരംഭിച്ചു.
അതിരമ്പുഴയുടെ ആഘോഷവും ഐക്യവും മാനത്ത് വർണപ്പൊട്ടുകളായി വിരിയുന്നതു കാണാൻ ദൂരെ ദേശത്തു നിന്നു പോലും ആയിരങ്ങൾ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഇന്ന് വൈകിട്ട് 7നു നേർച്ച വസ്തുക്കളുടെ ലേലം നടക്കും. ഏലക്കാ മാലകൾ ഉൾപ്പെടെയുള്ള നേർച്ച
വസ്തുക്കളുടെ ലേലം കാണാൻ നൂറു കണക്കിന് ആളുകൾ തടിച്ചു കൂടും. 27 മുതൽ 31 വരെ എല്ലാ ദിവസവും രാവിലെ 5.45 നും 7.30നും 11നും വൈകുന്നേരം അഞ്ചിനും 6.30നും വിശുദ്ധ കുർബാന നടക്കും. ഫെബ്രുവരി ഒന്നിന് എട്ടാമിടം ആചരണത്തോടെ തിരുനാൾ സമാപിക്കും.
അതിരമ്പുഴ പള്ളിയിൽ ഇന്ന്
രാവിലെ 5.45ന് കുർബാന - ഫാ. മാത്യൂസ് ചക്കാലയ്ക്കൽ7.30– കുർബാന - ഫാ. ജയിംസ് മുല്ലശേരി9.30– സുറിയാനി കുർബാന - ഫാ. ഡോ. വർഗീസ് മറ്റത്തിൽ11.00– കുർബാന - ഫാ. ജേക്കബ് കാട്ടടി5.00– കുർബാന - ഫാ. ജോസഫ് പാറത്താനം6.30– കുർബാന - ഫാ. സന്തോഷ് തർമശേരി