എംജി സർവകലാശാലയിൽ ദേശാഭിമാന നിറവിൽ ഇന്ത്യ ഗേറ്റ് മാതൃക
Mail This Article
ഏറ്റുമാനൂർ∙ ഇന്ത്യ ഗേറ്റിന്റെയും യുദ്ധ സ്മാരകത്തിന്റെയും നേർക്കാഴ്ചയാണ് എംജി സർവകലാശാലയ്ക്ക് മുന്നിൽ നമ്മെ കാത്തിരിക്കുന്നത്. ഇന്ത്യൻ സൈന്യത്തെക്കുറിച്ചും പോരാട്ടങ്ങളെക്കുറിച്ചും പറഞ്ഞുതരാൻ യുദ്ധമുഖത്ത് പ്രവർത്തിച്ചവരുടെ കൂട്ടായ്മയുമുണ്ട്. കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് മാന്നാനം യൂണിറ്റാണ് രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങളുടെ ചെറു മാതൃക ഒരുക്കിയത്.
യുദ്ധസ്മാരകം 10 വർഷം മുൻപു പണി കഴിപ്പിച്ചിരുന്നു. എന്നാൽ ഇന്ത്യ ഗേറ്റ് എന്നത് സ്വപ്നമായി ഒതുങ്ങി. മുൻ വർഷങ്ങളിൽ ഇന്ത്യ ഗേറ്റിന്റെ ചിത്രം ആലേഖനം ചെയ്ത ഫ്ലെക്സ് ബോർഡിനു മുന്നിൽ നിന്നാണ് സ്വാതന്ത്ര്യ ദിനാഘോഷവും റിപ്പബ്ലിക് ദിനവുമൊക്കെ ആഘോഷിച്ചത്. ഒരു വർഷത്തെ കൂട്ടായ പരിശ്രമത്തിനൊടുവിൽ ഇന്ത്യ ഗേറ്റ് എന്ന സ്വപ്നം യാഥാർഥ്യമായി.യുദ്ധ സ്മാരകത്തിന്റെയും ഇന്ത്യ ഗേറ്റ് മാതൃകയുടെയും അനാഛാദനം നാളെ റിട്ട. ബ്രിഗേഡിയർ എം.ഡി. ചാക്കോ നിർവഹിക്കും. റിട്ട. സ്ക്വാഡറൻ ലീഡർ കെ.വി ചാക്കോ ദേശീയ പതാകയുയർത്തും.
വി.ടി. ചാക്കോ പുഷ്പചക്രം സമർപ്പിക്കും. രാവിലെ 8.15ന് അതിരമ്പുഴ പെട്രോൾ പമ്പിന് സമീപത്ത് നിന്നു ഘോഷയാത്രആരംഭിക്കും.എൻസിസി കെഡറ്റുകളും വിമുക്ത ഭടന്മാരും കുടുംബാംഗങ്ങളും പങ്കെടുക്കുമെന്നു സംസ്ഥാന കൗൺസിൽ അംഗം എൻ.ജെ. ചെറിയാൻ, യൂണിറ്റ് പ്രസിഡന്റ് ജോസ് ജോൺ, മറ്റു ഭാരവാഹികളായ എൻ.വി. സെബാസ്റ്റ്യൻ, മാത്യു കുര്യൻ, പി.എസ്. പ്രകാശ് എന്നിവർ അറിയിച്ചു.