കോട്ടയം ∙ കുട്ടിക്കാലത്തു മലയാള മനോരമ പത്രത്തിന്റെ വിതരണക്കാരനായിരുന്നു സി.ഐ.ഐസക്. കറുകച്ചാലിൽ മനോരമ ഏജന്റായിരുന്ന പിതാവ് ഉമ്മൻ ഇട്ടിയവിരയെ സഹായിക്കാൻ ഐസക്കും പത്രവിതരണത്തിനു പോയി. പത്രം വള്ളിപുള്ളി വിടാതെ വായിക്കുമായിരുന്നു. വാർത്തകളിലെ സംഭവങ്ങൾ നാളെ എങ്ങനെ വിലയിരുത്തപ്പെടുമെന്ന ചിന്തയോടെയാണു വായന. ഒപ്പം മുത്തശ്ശി തുണ്ടിയിൽ മറിയാമ്മ ചരിത്ര വസ്തുക്കൾ കൊച്ചുമകനു സമ്മാനിക്കുക കൂടി ചെയ്തതോടെ ചരിത്രം ഇഷ്ടവിഷയമായി.
ഉമ്മൻ ഇട്ടിയവിര ജീപ്പപകടത്തിൽ മരിച്ചെങ്കിലും പത്ര ഏജൻസി തുടർന്നു. ഐസക് സിഎംഎസ് കോളജിൽ 1978ൽ ചരിത്രാധ്യാപകനായി ജോലിയിൽ പ്രവേശിച്ചതോടെയാണു ഏജൻസി മറ്റൊരാൾക്കു കൈമാറിയത്. 30 വർഷത്തെ അധ്യാപക ജീവിതത്തിൽ 12 വർഷവും ഐസക് വകുപ്പു മേധാവിയായിരുന്നു. ഈ കാലഘട്ടത്തിലാണു കോളജിൽ ചരിത്രത്തിൽ ബിരുദാനന്തര ബിരുദ കോഴ്സ് ആരംഭിക്കുന്നത്. മുത്തശ്ശി പണ്ടു സമ്മാനിച്ച പഴയ നാണയത്തുട്ടുകൾ തെള്ളകത്തെ വീട്ടിലെ സ്വീകരണ മുറിയിൽ അലങ്കരിച്ചു വച്ചിട്ടുണ്ട്. പത്മശ്രീ അംഗീകാരത്തിന്റെ നിറവിൽ നിൽക്കുന്ന സി.ഐ.ഐസക് മനോരമയോടു സംസാരിക്കുന്നു:
Also read: പത്മശ്രീ: ആഹ്ലാദ നിമിഷങ്ങൾ പങ്കുവച്ച് ജേതാക്കൾ അഭിനന്ദന പ്രവാഹത്തിൽ പ്രസാദ് ഗുരുക്കൾ
? പത്മ അംഗീകാരത്തെ എങ്ങനെ കാണുന്നു
∙ എന്നെപ്പോലുള്ള സാധാരണക്കാരന്റെ പ്രവർത്തനത്തിനുള്ള അംഗീകാരമാണ് ഇത്. ആരാണു ശുപാർശ ചെയ്തതെന്നറിയില്ല. സംസ്ഥാന സർക്കാരല്ല എന്നറിയാം. ആർഎസ്എസും ശുപാർശ ചെയ്തിട്ടില്ല. 1921ലെ കലാപം സംബന്ധിച്ച് അന്നത്തെ കേസുകൾ വിശദമായി പരിശോധിച്ചും പഠിച്ചുമാണു 387 പേരെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ നിന്നു നീക്കം ചെയ്യാൻ ഞാൻ ശുപാർശ ചെയ്തത്. അന്നത്തെ കേസ് റജിസ്റ്ററിൽ ഇവർക്കെതിരെ ചുമത്തപ്പെട്ട കേസുകൾ കൊള്ളയും കൊള്ളിവയ്പും അടക്കമുള്ളതായിരുന്നു. ഇതെല്ലാം പഠനത്തിൽ നിന്നു ലഭിച്ച അറിവുകളായിരുന്നു. അതിനു ലഭിച്ച അംഗീകാരമായാണു കാണുന്നത്.
? ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോട് ആഭിമുഖ്യം
∙ വിദ്യാർഥി കാലത്ത് എബിവിപിയിൽ പ്രവർത്തിച്ചിട്ടുണ്ട്. ആർഎസ്എസിന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയായിട്ടുണ്ട്. പക്ഷേ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിലും ചേർന്നു പ്രവർത്തിച്ചിട്ടില്ല. എന്നെ സംഘിയെന്നാണു പലരും മുദ്രചാർത്തുന്നത്. അതിൽ അഭിമാനിക്കുന്നു. തന്റെ വളർച്ചയിൽ താങ്ങും തണലുമായി നിന്നിട്ടുള്ളത് സംഘി പ്രസ്ഥാനങ്ങളാണ്. ഹിന്ദു സാഹിത്യത്തോടുള്ള ഇഷ്ടം വിവരണാതീതമാണ്.
? പുതുതലമുറയ്ക്കുള്ള ഉപദേശം
∙ പത്താം ക്ലാസ് വരെ കുട്ടികൾ ഇന്ത്യയെന്നു പറയരുത്. ഭാരതം എന്നു പറഞ്ഞു തന്നെ പഠിപ്പിക്കണം. ഹിന്ദു എന്ന് ഉച്ചരിക്കരുത്. സിന്ധുവെന്നാണു യഥാർഥ പ്രയോഗം. അറബികൾക്ക് ‘സ’ എന്ന അക്ഷരം ഉച്ചരിക്കാൻ കഴിയാതെ ഹിന്ദുവായി പോയതാണ്. ലോകത്തെ ഏറ്റവും ശ്രേഷ്ഠമായ സംസ്കാരം ഭാരതത്തിന്റേതാണ്. അതു തിരിച്ചറിയാനും അതെക്കുറിച്ചു പഠിക്കാനും പുതിയ തലമുറയ്ക്കു കഴിയണം.
? വിശ്വാസം
∙ ഞാൻ ദൈവവിശ്വാസിയാണ്. ഞായറാഴ്ചകളിൽ പള്ളിയിൽ പോകും. കേരളത്തിൽ ഗുരുവായൂർ ഒഴികെയുള്ള ഒട്ടുമിക്ക ക്ഷേത്രങ്ങളിലും തൊഴുതിട്ടുണ്ട്.
? കുടുംബം
∙ ഭാര്യ ലിസിയമ്മ മേലുകാവ് എച്ച്ബി കോളജിൽ കൊമേഴ്സ് വിഭാഗം മേധാവിയായി വിരമിച്ചു. മക്കൾ മീര ( സാൻഫ്രാൻസിസ്കോ ), സൂര്യ (ബെംഗളൂരു). വീട്ടിൽ അംഗങ്ങൾക്കെല്ലാം വ്യക്തി സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവുമുണ്ട്.