പൊലീസിന്റെ ജലപീരങ്കി പ്രയോഗത്തിൽ ടാർ ഇളകിത്തെറിച്ചു; അതുതന്നെ പൊലീസിന് നേരെ വലിച്ചെറിഞ്ഞു

kottayam-congress-protest-against-budget
കോൺഗ്രസിന്റെ കലക്ടറേറ്റ് മാർച്ചിനിടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ റോഡിലേക്ക് തെറിച്ചുവീഴുന്ന പ്രവർത്തകൻ. ഇൻസെറ്റിൽ ജലപീരങ്കി പ്രയോഗത്തിൽ റോഡിലെ ടാർ ഇളകി തെറിച്ചപ്പോൾ. ചിത്രം: റിജോ ജോസഫ്∙ മനോരമ
SHARE

പ്രതിഷേധത്തീ അണയ്ക്കാൻ പൊലീസിന്റെ ജലപ്രയോഗം

കോട്ടയം ∙ ബജറ്റിനെതിരെ കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിൽ സംഘർഷം. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉൾപ്പെടെ ഒട്ടേറെ പേർക്കു പരുക്കേറ്റു. കല്ലേറും ജലപീരങ്കിയുമായി 2 മണിക്കൂറോളം കെകെ റോഡിനെ നിശ്ചലമാക്കിയാണ് പ്രതിഷേധമിരമ്പിയത്. പൊലീസിനു നേരെ കല്ലേറുണ്ടായി.

ടാർ ഇളകിത്തെറിച്ചു

കോട്ടയം ∙ കോൺഗ്രസ് പ്രതിഷേധത്തിനിടെ പൊലീസിന്റെ ജലപീരങ്കി പ്രയോഗത്തിൽ പ്രവർത്തകരോടൊപ്പം തെറിച്ചുപോയത് റോഡിലെ 'ടാറും'. കലക്ടറേറ്റ് പ്രവേശന കവാടത്തിൽ കെകെ റോഡിലെ ടാറും ജലപീരങ്കി പ്രയോഗത്തിൽ തെറിച്ചു. 20 മിനിറ്റാണ് ജലപീരങ്കി പ്രയോഗം നടത്തിയത്.

congress-protest
വലിയ വില കൊടുക്കേണ്ടി വരും (വെള്ളത്തിന്) കോൺഗ്രസിന്റെ കലക്ടറേറ്റ് മാർച്ചിനിടെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചപ്പോൾ റോഡിലേക്ക് തെറിച്ചുവീഴുന്ന പ്രവർത്തകൻ. ചിത്രം: റിജോ ജോസഫ്∙ മനോരമ

Also read: കെ.ടി.ജയകൃഷ്ണനെ വെട്ടിക്കൊലപ്പെടുത്തുമ്പോൾ, ക്ലാസിലെ ആദ്യ ബെഞ്ചിലിരിക്കുകയായിരുന്നു ഷെസിന

പ്രവർത്തകർ ഇതിൽപെട്ട് റോഡിൽ മലക്കം മറിഞ്ഞു. ഇതിനിടെ റോഡിലെ ടാർ വലിയ കഷണങ്ങളായി ഇളകിത്തെറിച്ചു. ഇവിടെ കുഴി രൂപപ്പെട്ടു. ടാറുകൾ ഇളകി തെറിച്ച് വീണത് കണ്ട് പ്രവർത്തകർ ആദ്യം അമ്പരന്നെങ്കിലും പിന്നീട് ഇതു തന്നെയാണു പൊലീസിന് നേരെ വലിച്ചെറിഞ്ഞത്.

റോഡിലെ ടാർ വരെ കുത്തിയിളക്കാൻ ശേഷിയും കരുത്തുമുള്ള ജലപീരങ്കിയാണ് പൊലീസ് നിയന്ത്രണമില്ലാതെ ഉപയോഗിച്ചതെന്നു കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. മാസങ്ങൾക്ക് മുൻപ് ടാർ ചെയ്ത റോഡാണ് തകർന്നത്. കെകെ റോഡ് അറ്റകുറ്റപ്പണിയുടെ ഭാഗമായാണ് പ്രവേശന കവാടത്തിനരികിലേക്കും സാധാരണ ടാർ ചെയ്യുന്നത്.

11.30ന് യുഡിഎഫ് കൺവീനർ എം.എം.ഹസൻ ധർണ ഉദ്ഘാടനം ചെയ്തശേഷം പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെയാണ് പൊലീസ് ജല പീരങ്കി പ്രയോഗിച്ചത്. ഹസൻ വേദി വിട്ട ശേഷം കലക്ടറേറ്റിലെ മുഖ്യകവാടത്തിലേക്കു പ്രവർത്തകർ മുദ്രാവാക്യം മുഴക്കി തള്ളിക്കയറാൻ ശ്രമിക്കുകയായിരുന്നു. പൊലീസുമായി വാക്കേറ്റം ഉണ്ടായി.

hasan
മാർച്ച് യുഡിഎഫ് കൺവീനർ എം.എം.ഹസൻ ഉദ്ഘാടനം ചെയ്യുന്നു.

ബാരിക്കേഡിനോട് ചേർത്താണ് ജലപീരങ്കി വാഹനം നിർത്തി പ്രവർത്തർക്കിടയിലേക്കു വെള്ളം ചീറ്റിയത്. റോഡിലേക്ക് തെറിച്ചു വീണ കോൺഗ്രസ് വൈക്കം മണ്ഡലം പ്രസിഡന്റ് സോണി സണ്ണിക്ക് നേരെ തന്നെ ജലപീരങ്കി പ്രയോഗിച്ചത് പ്രവർത്തകരുടെ രോഷത്തിനിടയാക്കി. ഇതോടെ പ്രവർത്തകരുടെ ഭാഗത്തു നിന്നു കല്ലേറുമുണ്ടായി. 

ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പൊലീസിനോട് നടപടി നിർത്താൻ ആവശ്യപ്പെടുന്നുണ്ടായിരുന്നു. 20 മിനിറ്റാണ് ജലപീരങ്കി പ്രയോഗിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘം ചേർന്ന് ബാരിക്കേഡിനടുത്ത് എത്തിയെങ്കിലും പൊലീസ് ഒരുക്കിയ സുരക്ഷാ വലയം ഭേദിക്കാനായില്ല. ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ പൊലീസുമായി സംസാരിക്കാൻ ശ്രമിച്ചപ്പോൾ വീണ്ടും സംഘർഷമുണ്ടായി.  

നാട്ടകം സുരേഷിന്റെ തലയ്ക്ക് പരുക്കേറ്റു. പൊലീസിന്റെ കല്ലേറിലാണ് പരുക്കേറ്റതെന്ന് ആരോപിച്ച് നാട്ടകം സുരേഷിന്റെ നേതൃത്വത്തിൽ പ്രവർത്തകർ ബാരിക്കേഡിനു മുന്നിൽ കിടന്ന് പ്രതിഷേധിച്ചു.ജനദ്രോഹ ബജറ്റിനെതിരെ പ്രതിഷേധിക്കുന്നവരെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് നാട്ടകം സുരേഷ് പറഞ്ഞു.

പരുക്കേറ്റ സുരേഷിനെ ആശുപത്രിയിലേക്കു മാറ്റി. സോണി സണ്ണിയെ അഗ്നിരക്ഷാസേന ആംബുലൻസിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ടോം കോര, ജില്ലാ സെക്രട്ടറി സനോജ് പനയ്ക്കൽ എന്നിവർക്കും  പരുക്കേറ്റു. നഗരത്തിൽ വൻ ഗതാഗതക്കുരുക്കുണ്ടായി.

പിണറായി സർക്കാർ ജനത്തിന് ഭാരമായി: ഹസൻ

കോട്ടയം ∙ പിണറായി സർക്കാരിന്റെ ഭരണം കേരളത്തിലെ ജനത്തിനു ഭാരമായി തീർന്നെന്നു യുഡിഎഫ് കൺവീനർ എം.എം.ഹസൻ. ബജറ്റിനെതിരെ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനപ്രീതി നഷ്ടപ്പെട്ടാലും കൂട്ടിയ നികുതി കുറയ്ക്കില്ലന്നാണു ധനമന്ത്രി പറയുന്നത്.കേന്ദ്ര സർക്കാരാണ് ഇന്ധനത്തിനു നികുതി കൂട്ടുന്നതെന്നു  പറഞ്ഞിരുന്നവർ തന്നെ  നികുതി കൂട്ടി. 

സർക്കാർ സ്ഥാപനങ്ങളിലെ വെള്ളത്തിന്റെയും വൈദ്യുതിയുടെയും കുടിശിക അടയ്ക്കാൻ ജനത്തെ പിഴിയുകയാണ്. ബോധം കെട്ടുകിടക്കുന്നയാൾക്ക് വെള്ളം കൊടുക്കുന്ന അളവിന് വർധന വേണമെങ്കിൽ എംഎൽഎ കത്തു നൽകിയാൽ മതിയെന്നാണു നിയമസഭയിൽ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞത്. 

ഈ പരിഹാസം ജനങ്ങളോടുള്ള വെല്ലുവിളിയാണ്.എല്ലാ വിഭാഗങ്ങളെയും ജനങ്ങളെയും വഞ്ചിച്ച  ബജറ്റിനെതിരെ യുഡിഎഫ് സമരപരിപാടികൾ സംഘടിപ്പിക്കുമെന്നു എം.എം.ഹസൻ പറഞ്ഞു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് അധ്യക്ഷത വഹിച്ചു. 

congress-protest1
കോൺഗ്രസിന്റെ കലക്ടറേറ്റ് മാർച്ചിനിടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ റോഡിലേക്ക് തെറിച്ചുവീഴുന്ന പ്രവർത്തകൻ. ചിത്രം: റിജോ ജോസഫ്∙ മനോരമ

ജോസഫ് വാഴയ്ക്കൻ, ജോസി സെബാസ്റ്റ്യൻ, പി.എ.സലിം, ടോമി കല്ലാനി, ജോഷി ഫിലിപ്, ഫിലിപ് ജോസഫ്, ഫിൽസൺ മാത്യൂസ്, ജി.ഗോപകുമാർ,തോമസ് കല്ലാടൻ, ജാൻസ് കുന്നപ്പള്ളി, അജീസ് ബെൻ മാത്യൂസ്, പി.ആർ.സോന, ജയ്ജി പാലയ്ക്കലോടി, അനിയൻ മാത്യു, സുധാ കുര്യൻ, മോഹൻ കെ.നായർ, ബിജു പുന്നത്താനം,

എം.പി. സന്തോഷ് കുമാർ, ഷിൻസ് പീറ്റർ, ടി.ഡി.പ്രദീപ്കുമാർ, സുഷമ ശിവദാസ്, സുനു ജോർജ്, അബ്ദുൾ സലാം റാവുത്തർ, സാബു പുതുപ്പറമ്പിൽ, യൂജിൻ തോമസ്, ജയ് ജോൺ പേരയിൽ, പി.എ.ഷമീർ, എ.സനീഷ് കുമാർ, പ്രകാശ് പുള്ളിക്കൻ, എം.എൻ.ദിവാകരൻ നായർ, ബോബി ഏലിയാസ്, ജോണി ജോസഫ്, പി.എൻ.ബാബു, വി.വി. പ്രസാദ്, രാധ വി.നായർ, ജോബിൻ ജേക്കബ്, ടോം കോര, ചിന്തു കുര്യൻ ജോയി, ജോർജ് പയസ്, സുബിൻ മാത്യു എന്നിവർ പ്രസംഗിച്ചു.

ബജറ്റിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം

ബജറ്റിനെതിരായ പ്രതിഷേധത്തിന് ശമനമില്ല. സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ നടന്ന മാർച്ചുകളിൽ പ്രതിഷേധമിരമ്പി. തിരുവനന്തപുരത്ത് കോൺഗ്രസിന്റെ  സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടന്നു. കൊല്ലത്ത് കോൺഗ്രസിന്റെ കലക്ടറേറ്റ് മാർച്ചിനിടെ പ്രവർത്തകർ ബാരിക്കേഡ് തകർത്തു.

പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണ ഉന്തിലും തള്ളിലും കലാശിച്ചു. പ്രകടനമായി എത്തിയ പ്രവർത്തകർ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് മറിച്ചിട്ട് അതിനു മുകളിൽ കയറി നിന്ന് പ്രതിഷേധിച്ചു. എറണാകുളം ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി നടത്തിയ കണയന്നൂർ താലൂക്ക് ഓഫിസ് മാർച്ചിലാണ് സംഘർഷമുണ്ടായത്. 

പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് നടത്തിയ ജലപീരങ്കി – കണ്ണീർ വാതക പ്രയോഗങ്ങളിൽ 4 കോൺഗ്രസ് പ്രവർത്തകർക്കു പരുക്കേറ്റു. യുവമോർച്ച സംഘടിപ്പിച്ച നിയമസഭാ മാർച്ച് അക്രമാസക്തമായി. പ്രവർത്തകർ പൊലീസിനു നേരെ കുപ്പിയും കൊടിക്കമ്പുകളും എറിഞ്ഞതോടെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. 

യു‍ഡിഎഫ് കൺവൻഷൻ 11ന്

കോട്ടയം ∙ കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ യുഡിഎഫ് 11നു തിരുനക്കര മൈതാനിയിൽ സമരപ്രഖ്യാപന കൺവൻഷൻ നടത്തും. പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. ഘടകകക്ഷി നേതാക്കളും എംഎൽഎമാരും പങ്കെടുക്കും. ജനദ്രോഹ ബജറ്റിലൂടെ സംസ്ഥാന സർക്കാർ ജനത്തെ വ‍ഞ്ചിച്ചെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസൻ പറഞ്ഞു.വിലക്കയറ്റം, ബഫർസോൺ, വന്യജീവി ആക്രമണം എന്നിവ മൂലം ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന കർഷകരെ സർക്കാർ നിരാശരാക്കി. റബർ കർഷകർക്ക് മുൻപു പ്രഖ്യാപിച്ച 500 കോടിയിൽ 20 കോടി മാത്രമാണ് ഇതുവരെ കൊടുത്തിട്ടുള്ളത്.

നെല്ല് സംഭരിച്ച ഇനത്തിൽ സപ്ലൈകോ നൽകാനുള്ള പണം എത്രയും പെട്ടെന്നു കൊടുത്തു തീർക്കണമെന്നും ഹസൻ ആവശ്യപ്പെട്ടു.12നു സിപിഎം നടത്തുന്ന ജനകീയ സദസ്സിൽ സന്ദർശകരായി പോലും കേരള കോൺഗ്രസ് (എം) പങ്കെടുക്കാത്തത് അവർക്ക് ബജറ്റ് തീരുമാനങ്ങളോടുള്ള എതിർപ്പു മൂലമായിരിക്കാമെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS