കുമരകത്ത് മോഷണം പലവിധം; ഒരു പ്രതിയെയും പിടിച്ചില്ല
Mail This Article
കുമരകം ∙ കുമരകത്ത് അടുത്തിടെ മോഷണം പലവിധം.ഒരിടത്ത് ബസിലെ യാത്രക്കാരുടെ മാലയും പണവുമാണു മോഷ്ടാവ് കവരുന്നതെങ്കിൽ മറ്റൊരു സ്ഥലത്ത് ക്ഷേത്രത്തിലെ കാണിക്കവഞ്ചി. മറ്റൊരിടത്ത് വീടും കടയും തുറന്ന് മോഷണം. ഇപ്പോൾ ഇതാ പാലത്തിന്റെ കോൺക്രീറ്റ് ബ്രേക്കറും കവർന്നു.
കോണത്താറ്റ് പാലം പണിയുടെ ഭാഗമായി കരാറുകാരൻ കൊണ്ടുവന്ന 2 കോൺക്രീറ്റ് ബ്രേക്കറുകളാണു മോഷണം പോയത്. പൈലിങ് ഭാഗം പൊട്ടിക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്നതാണ് ബ്രേക്കർ. 2 ലക്ഷത്തിലേറെ രൂപ വില വരുന്ന ഉപകരണമാണിത്. കരാറുകാരന്റെ ഉടമസ്ഥതയിലുള്ള ബ്രേക്കർ കൂടാതെ വാടകയ്ക്ക് എടുത്ത ഒരെണ്ണവുമാണ് മോഷ്ടാവ് കടത്തിയത്.
താൽക്കാലിക ഷെഡിന്റെ പൂട്ടു തകർത്ത നിലയിലാണ്.ബ്രേക്കർ മോഷണം പോയതോടെ പൈലിങ് പൊട്ടിക്കൽ മുടങ്ങി. കരാറുകാരൻ പൊലീസിൽ പരാതി നൽകി. പാലം പണി തുടങ്ങിയതു മുതൽ ഇവിടെ മോഷണം പതിവാണ്. പാലത്തിനോടു ചേർന്നുള്ള സുധർമ ഹോട്ടലിലെ പാചകവാതക സിലണ്ടറും മറ്റ് ഉപകരണങ്ങളുമാണ് 3 മാസം മുൻപു മോഷണം പോയത്.
ഹോട്ടൽ ഉടമയായ സ്ത്രീ പൊലീസിൽ പരാതി നൽകിയെങ്കിലും മോഷ്ടാവിനെ പിടികൂടാനായില്ല. ഒരാഴ്ചയ്ക്ക് മുൻപാണ് ബസിൽ 2 സ്ത്രീകളുടെ സ്വർണമാല മോഷണം പോയത്. തൊട്ടടുത്ത ദിവസം വാച്ചാപറമ്പ് ദേവീ ക്ഷേത്രത്തിലെ കാണിക്കവഞ്ചിയും സമീപത്തുള്ള കടയിൽനിന്നും ഇവരുടെ തന്നെ വീട്ടിൽ നിന്നും പണവും മോഷണം പോയി. ഈ സംഭവങ്ങളിലും മോഷ്ടാവിനെ പിടികൂടാനായില്ല. പാലം പണി സ്ഥലത്ത് സിസിടിവി സ്ഥാപിക്കുമെന്ന് കരാറുകാരൻ പെരുമാലിൽ അലക്സ് പറഞ്ഞു