ടാങ്കിൽ വീണ ഗർഭിണിയായ പശുവിന് രക്ഷകരായി അഗ്നിരക്ഷാ സേന
Mail This Article
കിടങ്ങൂർ ∙ ഉപേക്ഷിക്കപ്പെട്ട ടാങ്കിൽ വീണ 7 മാസം ഗർഭിണിയായ പശുവിനെ അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്ന് രക്ഷിച്ചു. കിടങ്ങൂർ സൗത്ത് ഗോവിന്ദപുരം പാറക്കടവിൽ മീനച്ചിലാറിനോടു ചേർന്നുള്ള 10 അടി താഴ്ചയുള്ള ജലപദ്ധതിയുടെ ടാങ്കിലാണ് ഇന്നലെ രാവിലെ പശു വീണത്. ശരത്‌ഭവനിൽ നാരായണന്റെ 4 വയസ്സുള്ള പശുവിനെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷിച്ചത്. മീനച്ചിലാറിനോടു ചേർന്നുള്ള ടാങ്കും പമ്പിങ് കെട്ടിടവും വർഷങ്ങളായി ഉപേക്ഷിക്കപ്പെട്ടു കിടക്കുകയാണ്.
ടാങ്കിന്റെ ഓവിനു ചെറിയ വിടവ് മാത്രമാണുണ്ടായിരുന്നത്. തുടർന്ന് കട്ടർ മെഷീനും കോൺക്രീറ്റ് മെഷീനും എത്തിച്ചു. സമീപത്തെ വീട്ടിൽ നിന്ന് വൈദ്യുതി എത്തിച്ച് കോൺക്രീറ്റ് പൊട്ടിച്ചുമാറ്റി. തുടർന്ന് കമ്പികളും അറുത്തു മാറ്റി. ഹോസും വടവും ഉപയോഗിച്ച് ഏറെ പണിപ്പെട്ടാണ് പശുവിനെ പുറത്തെത്തിച്ചത്. പാലാ അഗ്നി രക്ഷാ ഓഫിസർ എസ്.കെ ബിജുമോന്റെ നേതൃത്വത്തിൽ ഷാജിമോൻ, അരുൺ ബാബു, പി.മനോജ്, എം.എസ്.അനീഷ്, രാഹുൽ, രാജീവ് എന്നിവർ ചേർന്നാണ് നാട്ടുകാരുടെ സഹായത്തോടെ പശുവിനെ രക്ഷിച്ചത്.
കഴിഞ്ഞ ദിവസം പ്രവിത്താനത്തും പശു കിണറ്റിൽ വീണിരുന്നു. അന്ന് കിണറ്റിൽ വച്ചു പ്രസവം എടുത്ത ശേഷമാണ് പശുവിനെ പുറത്തെത്തിച്ചത്.