വൈക്കം സത്യഗ്രഹ ശതാബ്ദി: ധീരസ്മരണയായി പെരിയാർ ഈ തടവറയിൽ മുഴങ്ങുന്നു, കാലത്തിന്റെ സിംഹഗർജനം
Mail This Article
വൈക്കം ∙ ഈ തടവറയ്ക്കുള്ളിൽ നിന്നു ചരിത്രം പുറത്തേക്കു നോക്കുന്നു. ‘കാലമേ കാണൂ...’ എന്നാണ് ആ നോട്ടത്തിന്റെ അർഥം. ഈ ഇരുമ്പഴിക്കുള്ളിൽ നിന്നാണു തോൽക്കാൻ മനസ്സില്ലെന്ന് ഇ.വി.രാമസ്വാമി നായ്ക്കർ ലോകത്തോടു വിളിച്ചു പറഞ്ഞത്. വൈക്കം സത്യഗ്രഹത്തിനു ശക്തി പകരാൻ തമിഴ്നാട്ടിൽ നിന്നെത്തിയ പെരിയാർ ഇ.വി.രാമസ്വാമി നായ്ക്കരുടെ ആവേശം നിറഞ്ഞ പ്രസംഗത്തിനു മുന്നിൽ അധികാരികൾ പതറി. അവർ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് വൈക്കം പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലിടുകയായിരുന്നു. ഒന്നയഞ്ഞാൽ പൊലീസ് തന്നെ വിട്ടയയ്ക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.
പക്ഷേ, തന്റെ കർമം അഹിംസയുടെ മാർഗത്തിൽ പോരാടാനുള്ളതാണെന്നു പെരിയാർ ഉറപ്പിച്ചു. ‘തിരുവിതാംകൂറുകാർ അവരുടെ സ്വാതന്ത്ര്യത്തെ കാത്തുരക്ഷിക്കണം. മഹാരാജാവിനും അദ്ദേഹത്തെ താങ്ങുന്ന ബ്രിട്ടിഷ് ഗവമെന്റിനും പീരങ്കികളും വിമാനങ്ങളും ഉണ്ട്. സത്യഗ്രഹികൾക്ക് അഹിംസ, സഹനം, ആത്മശക്തി എന്നീ ആയുധങ്ങൾ മാത്രമേയുള്ളൂ’ – അദ്ദേഹം പ്രസംഗിച്ചു. അന്നു രാമസ്വാമി നായ്ക്കരെ പാർപ്പിച്ച സെൽ, വൈക്കം പഴയ പൊലീസ് സ്റ്റേഷനിൽ ഇപ്പോഴുമുണ്ട്.
1902 ഏപ്രിലിലാണു വൈക്കത്ത് പൊലീസ് സ്റ്റേഷൻ നിർമിച്ചത്. 1924 ലാണു പെരിയാർ തടവുകാരനായി എത്തുന്നത്. അടുത്തകാലത്തു പുതിയ കെട്ടിടം നിർമിക്കുംവരെ ഇവിടം പൊലീസ് സ്റ്റേഷനായി തുടർന്നു.ഇ.വി.രാമസ്വാമി നായ്ക്കരുടെടെ ജീവിതം അടിസ്ഥാനമാക്കി 2007ൽ പുറത്തിറങ്ങിയ സത്യരാജ് പ്രധാന വേഷത്തിലെത്തിയ ‘പെരിയാർ’ സിനിമയിൽ അദ്ദേഹം തടവറയിൽ കിടക്കുന്ന രംഗം ചിത്രീകരിച്ചത് ഈ സെല്ലിലാണ്.