കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി പ്രസവ വാർഡിനു സമീപം പെരുമ്പാമ്പുകൾ; ഒന്നര മാസത്തിനിടെ ഇത് നാലാം തവണ
Mail This Article
കാഞ്ഞിരപ്പള്ളി ∙ ജനറൽ ആശുപത്രി വളപ്പിൽ ഇഴജന്തുക്കളുടെ ശല്യം വർധിച്ചു. ഒന്നര മാസത്തിനിടെ നാലു തവണയാണു ആശുപത്രി പരിസരത്ത് നിന്നു പെരുമ്പാമ്പിനെ പിടികൂടിയത്. ഏറ്റവും ഒടുവിൽ വ്യാഴാഴ്ച രാത്രി പ്രസവ വാർഡിന്റെ പരിസരത്തും പെരുമ്പാമ്പിനെ കണ്ടെത്തി. രണ്ടാഴ്ച മുൻപ് മെഡിക്കൽ വാർഡിന്റെ പരിസരത്തു നിന്നും ഗേറ്റിനു സമീപത്തു നിന്നും പാമ്പുകളെ കണ്ടെത്തിയിരുന്നു. ഇതിൽ പെരുമ്പാമ്പിന്റെ കുഞ്ഞുങ്ങളും ഉൾപ്പെടും.
പ്രസവ വാർഡിനുള്ളിലേക്കു ഇഴഞ്ഞ നീങ്ങിയ പാമ്പിനെ കൂട്ടിരിപ്പുകാരാണു ആദ്യം കണ്ടത്. ഇവർ അറിയച്ചതനുസരിച്ച് ആംബുലൻസ് ഡ്രൈവർ പാമ്പിനെ പിടികൂടി. തുടർന്ന് ആശുപത്രിയിലെ പൊലീസ് എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ സന്തോഷ് കുമാർ വനപാലകരെ വിവരമറിയിച്ചു. ഇവരെത്തി പാമ്പിനെ പിടികൂടി കൊണ്ടുപോവുകയായിരുന്നു.
ആശുപത്രി വളപ്പിൽ പാമ്പുകളെ കണ്ടെത്തുന്നത് പതിവായതോടെ രോഗികൾക്കും, കൂട്ടിരുപ്പുകാർക്കും ജീവനക്കാരും ഭീതിയിലാണ്. ഒന്നിലേറെ പാമ്പിനെ കണ്ടെത്തിയ സാഹചര്യത്തിൽ ഇനിയും ഇവിടെ പാമ്പുകൾ ഉണ്ടാകുമെന്നാണ് വനപാലകരും പറയുന്നത്. ആശുപത്രി പരിസരത്തടക്കം കാടുകയറിയതാണു ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാകാൻ കാരണം.
ആശുപത്രി വക സ്ഥലത്തോടു ചേർന്നുള്ള സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളും കാടുപിടിച്ച നിലയിലാണ്. ഇവിടെ നിന്നടക്കം ഇഴജന്തുക്കൾ ആശുപത്രി വളപ്പിലേക്ക് കരുതുന്നത്. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി മുൻകൈയെടുത്ത് ആശുപത്രി പരിസരത്തെ കാടുകൾ വെട്ടിത്തെളിക്കണമെന്ന് ആവശ്യം ശക്തമായി.