ADVERTISEMENT

മറവൻതുരുത്ത് ∙ ടൂറിസം സാധ്യതകൾ ഏറെ, പ്രയോജനപ്പെടുത്തിയാൽ മറവൻതുരുത്ത് ലോക ശ്രദ്ധയിലെത്തും. ഇവിടെ ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി നടക്കുന്ന പ്രവർത്തനങ്ങൾ പേരിനു മാത്രമോ ? ഇരുവശവും മരങ്ങൾ ചാഞ്ഞു കിടന്ന് ഗ്രാമമധ്യത്തിലൂടെ ഒഴുകുന്ന നാട്ടുതോടുകൾ, പൊൻകതിർ വിളയുന്ന പാടശേഖരങ്ങൾ, ദൃശ്യഭംഗി നിറയുന്ന മൂവാറ്റുപുഴയാറിന്റെ തീരങ്ങൾ, പരമ്പരാഗതമായ കയർ, ക്ഷീര, മറ്റ് കാർ‍ഷിക മേഖലകൾ തുടങ്ങി ഗ്രാമീണത ധാരാളമുള്ള പ്രദേശമാണ് മറവൻതുരുത്ത്.

കൈവരിയില്ലാത്ത വാളോർമംഗലം പാലം
കൈവരിയില്ലാത്ത വാളോർമംഗലം പാലം

ന്യൂയോർക്ക് ടൈംസ് തിരഞ്ഞെടുത്ത ലോകത്തെ 52 ടൂറിസം കേന്ദ്രങ്ങളിലൊരിടമായി മറവൻതുരുത്തും ഇടംപിടിച്ചിരുന്നു. ഉത്തരവാദിത്ത ടൂറിസത്തിന് പ്രത്യേക പരാമർശവും ലഭിച്ചു.സാധ്യതകൾ ഏറെയുണ്ടായിട്ടും ഒന്നും പ്രയോജനപ്പെടുത്താതെ തട്ടിക്കൂട്ട് പദ്ധതികളുമായാണ് ഇവിടത്തെ ഉത്തരവാദിത്ത ടൂറിസവും, പഞ്ചായത്ത് ഭരണസമിതിയും മുന്നോട്ട് നീങ്ങുന്നുവെന്നാണ് നാട്ടുകാരുടെ പക്ഷം. പോരായ്മകൾ പരിഹരിച്ചാൽ മറവൻതുരുത്തും മനോഹരമാകും.

പഞ്ഞിപ്പാലം ഭാഗത്തെ മൂവാറ്റുപുഴയാറിന്റെ കൈവഴിയിൽ കാടും 
പായലും നിറഞ്ഞ നിലയിൽ.
പഞ്ഞിപ്പാലം ഭാഗത്തെ മൂവാറ്റുപുഴയാറിന്റെ കൈവഴിയിൽ കാടും പായലും നിറഞ്ഞ നിലയിൽ.

∙ എന്തൊക്കെയുണ്ട് ?

ഇത്തിപ്പുഴ പാലത്തിന് സമീപം നാട്ടുചന്തയും പാട്ടുകൂട്ടവും മാസത്തിലൊരിക്കൽ നടത്തുന്നു. ശിക്കാരവള്ളത്തിലൂടെയുള്ള യാത്രകളും പഞ്ഞിപ്പാലത്തിന് സമീപം കയാക്കിങിനുള്ള സൗകര്യവും ഒരുക്കി. എന്നാൽ ആർട് സ്ട്രീറ്റും തുരുത്തുമ്മേൽ കണ്ണംകുളത്തുകടവ് തൂക്കുപാലവും കയാക്കിങ്ങിന്റെ സൗകര്യവും കണ്ടുകഴിഞ്ഞാൽ വിനോദസഞ്ചാരത്തിനായി മറ്റൊന്നും ഇവിടെയില്ല എന്നതാണ് വസ്തുത. സഞ്ചാരികൾ എത്തിയാൽ വിശ്രമ സൗകര്യവും ശുചിമുറി സൗകര്യവും ഒരുക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടു. ഹോംസ്റ്റേ ആരംഭിച്ചെങ്കിലും ഫലപ്രദമായില്ല.

കൂട്ടുമ്മേൽ മൂഴിക്കൽ റോഡ് തകർന്ന് കുഴികൾ നിറഞ്ഞ നിലയിൽ.
കൂട്ടുമ്മേൽ മൂഴിക്കൽ റോഡ് തകർന്ന് കുഴികൾ നിറഞ്ഞ നിലയിൽ.

∙ റോഡുകൾ മോശം

ഗ്രാമീണ റോഡുകൾ മിക്കവയും തകർന്ന നിലയിലാണ്. കൊച്ചങ്ങാടി – മേക്കര - തറവട്ടം, ഗുരുമന്ദിരം റോഡ്, കൂട്ടുമ്മേൽ - മൂഴിക്കൽ, അയ്മനം പുത്തൻതോപ്പ് റോഡ്, വാക്കയിൽ ക്ഷേത്രം റോഡ്, പാറക്കൽ - കരിപ്പായിക്കണ്ടം റോഡ്, മൂഴിക്കൽ – കടൂക്കര എസ്എൻഡിപി തുടങ്ങിയ റോഡുകളെല്ലാം തകർന്നു. സന്ദർശകർ എത്താനായി അടിസ്ഥാനമായി ഒരുക്കേണ്ടത് നല്ല റോഡുകളാണ്.

നാലുമണിക്കാറ്റ് മോഡൽ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താവുന്ന മണമേൽക്കടവ് കടൂക്കര ജംക്‌ഷൻ റോഡ്.
നാലുമണിക്കാറ്റ് മോഡൽ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താവുന്ന മണമേൽക്കടവ് കടൂക്കര ജംക്‌ഷൻ റോഡ്.

തുടർ‍ച്ചയില്ലാതെ ആർട് സ്ട്രീറ്റ് 

ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി കൂട്ടുമ്മേൽ മുതൽ മൂഴിക്കൽ വരെ ആർട് സ്ട്രീറ്റ് പദ്ധതി നടപ്പാക്കിയിരുന്നു. നാട്ടുവീഥികൾ മനോഹരമാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ പ്രദേശവാസികൾ പെയിന്റ് വാങ്ങി നൽകണമെന്നാണ് പറഞ്ഞിരുന്നത്. സാമ്പത്തികമായി പിന്നാക്ക വിഭാഗക്കാർ ഏറെയുള്ള ഈ മേഖലയിൽ എല്ലാവർക്കും ആർട് സ്ട്രീറ്റിനായി തുക നൽകാൻ സാധിച്ചില്ല. ഉത്തരവാദിത്ത ടൂറിസം സാമ്പത്തിക ചെലവ് ഏറ്റെടുത്ത് ചെയ്യണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടിരുന്നു.

വാട്ടർ സ്ട്രീറ്റ് 

വാട്ടർ സ്ട്രീറ്റ് പദ്ധതിയിലൂടെ സർക്കാർ ഒരുകോടി രൂപ പ്രഖ്യാപിച്ചിരുന്നു. ആറ്റുവേലക്കടവ്, തുരുത്തുമ്മ തൂക്കുപാലം എന്നിവിടങ്ങളിൽ ഫ്ലോട്ടിങ് ബോട്ട് ജെട്ടി ഉൾപ്പെടെയുള്ള ടൂറിസം വികസന പ്രവർത്തനങ്ങൾക്കാണ് തുക അനുവദിച്ചത്. ഇതിന്റെ പ്രാരംഭ നടപടികൾ ആരംഭിക്കാനും വൈകുന്നു. ഉടൻ ആരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്. 

മൂഴിക്കൽ മുതൽ പഞ്ഞിപ്പാലം വരെയുള്ള അരിവാൾ തോട്ടിലാണ് കയാക്കിങ് ഏർപ്പെടുത്തിയിരുന്നത്. തടിപ്പാലങ്ങളും സ്ലാബ് പാലങ്ങളും ഉള്ളതിനാൽ അരിവാൾ തോട്ടിലേക്ക് വലിയ ബോട്ട് എത്തിക്കാൻ സാധിക്കില്ല. സഞ്ചാരികൾ മൂഴിക്കൽ, പഞ്ഞിപ്പാലം, ഇത്തിപ്പുഴ എന്നിവിടങ്ങളിൽ ഇറങ്ങിയാണ് കയാക്കിങ്ങിനായി എത്തിയത്. 

പല നാട്ടുതോടുകളും കാടും പായലും നിറഞ്ഞ നിലയിലാണ്. രാത്രിയായാൽ സാമൂഹിക വിരുദ്ധരുടെ ശല്യവും ശുചിമുറി മാലിന്യം തള്ളലും പതിവാണ്. നാട്ടുതോടുകളുടെ ആഴം കൂട്ടി നീരൊഴുക്ക് സുഗമമാക്കണം. പഞ്ഞിപ്പാലം മുതൽ ഈരപ്പാറ ഐഎച്ച്ഡിപി കോളനി വരെ ഇടപ്പുഴ ഒഴുകുന്നു. തോടിന് ആഴംകൂട്ടി വൃത്തിയാക്കിയാൽ പെഡൽ ബോട്ടിങ്ങിന് യോജ്യമായ മേഖലയായി ഉപയോഗിക്കാം. 

∙ നാലുമണിക്കാറ്റ് മോഡൽ

മൂഴിക്കൽ കടവ്, ഇടവട്ടം- മറവൻതുരുത്ത് റോഡ് എന്നീ സ്ഥലങ്ങൾ കോട്ടയം മണർകാട് സ്ഥിതിചെയ്യുന്ന നാലുമണിക്കാറ്റ് മാതൃകയിൽ പ്രയോജനപ്പെടുത്താം. ജനങ്ങൾക്ക് പാടശേഖരങ്ങളുടെയും മൂവാറ്റുപുഴയാറിന്റെയും വശങ്ങളിൽ ചാരുബെഞ്ചുകളിൽ ഇരുന്ന് സായാഹ്ന ഭംഗി ആസ്വദിക്കാം. വഴിയോര വാണിഭവും വർധിക്കും.

വാളോർമംഗലം പാലം 

നിലവിൽ വാളോർമംഗലം പാലത്തിൽ ഫോട്ടോ ഷൂട്ടിനായി നിരവധി ആളുകൾ എത്തുന്നുണ്ട്. തകർന്നു കിടക്കുന്ന മോട്ടർപുരയും പഴയ പാലവും ചേർത്ത് ലൊക്കേഷനാക്കിയാണ് വെഡിങ് ഷൂട്ടുകൾ നടത്തുന്നത്. പാലത്തിന് കൈവരിയില്ലാത്തത് അപകട സാധ്യത വർധിപ്പിക്കുന്നു. വാളോർമംഗലം പഴയ പാലം ഏത് നിമിഷവും തകർന്നുവീഴാവുന്ന സ്ഥിതിയിലാണ്. 

വാഗ്ദാനങ്ങളിൽ ഒതുങ്ങി 

തൊഴിലവരസങ്ങൾ‍ 

ഉത്തരവാദിത്ത ടൂറിസത്തിന്റെ വിവിധ പദ്ധതികൾ പ്രകാരം മറവൻതുരുത്ത് പ്രദേശവാസികൾക്ക് തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്തിരുന്നു. എല്ലാം വാഗ്ദാനങ്ങളും വാക്കുകളിൽ മാത്രമായി ഒതുങ്ങി. പരമ്പരാഗത തൊഴിലുകൾക്കും അർഹമായ പരിഗണന ലഭിച്ചില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com