വിത്ത് വിതച്ചിട്ട് 6 ദിവസം കഴിഞ്ഞു, പാടശേഖരത്ത് വെള്ളമെത്തിയില്ല; നെൽച്ചെടികൾക്ക് നാശം
Mail This Article
കുമരകം ∙ വിത കഴിഞ്ഞ പാടശേഖരത്ത് വെള്ളം കയറ്റാൻ കഴിയാതെ നെൽച്ചെടികൾ നശിക്കുന്നു. കവണാറ്റിൻകര പാലത്തിനു സമീപത്തെ വട്ടക്കായൽ പാടശേഖരത്തെ 186 ഏക്കറിലെ നെൽക്കൃഷിയാണു വെള്ളം കിട്ടാതെ നശിച്ചു കൊണ്ടിരിക്കുന്നത്.സമീപത്തെ തോട്ടിലെ ജല നിരപ്പ് ക്രമാതീതമായി കുറഞ്ഞതോടെ തൂമ്പിലൂടെ വെള്ളം പാടത്തേക്കു കയറ്റാൻ കഴിയാതെ വന്നതാണു നെല്ലു നശിക്കാൻ കാരണം. പമ്പ് സെറ്റ് ഉപയോഗിച്ചു പാടത്തു വെള്ളം എത്തിക്കാൻ ചില കർഷകർ ശ്രമിക്കുന്നുണ്ടെങ്കിലും 70% നെൽച്ചെടികളും ഉണങ്ങി നശിച്ചു കഴിഞ്ഞിരിക്കുന്നു.
വിത നടത്തിയിട്ടു 6 ദിവസം കഴിഞ്ഞു. ഇതിനോടകം വെള്ളം എത്തിക്കാൻ കഴിയാതെ വന്നതോടെ ആണു നെൽച്ചെടികൾ നശിച്ചു തുടങ്ങിയത്. വേലിയേറ്റം ദുർബലമായതോടെ തോടുകളിൽ വെള്ളം എത്തുന്നില്ല. മൂന്നടിയിലേറെ വെള്ളം ആണു ഒരാഴ്ചക്കാലം കൊണ്ടു കുറഞ്ഞത്. തോട്ടിൽ നിന്നു വെള്ളം കയറ്റുന്നതിനു സ്ഥാപിച്ച തൂമ്പിനു താഴെ ജല നിരപ്പ് വന്നു. ഇതോടെ തൂമ്പിലൂടെ വെള്ളം പാടത്തേക്കു കയറാതായി. തുടർന്നാണു പമ്പ് സെറ്റ് ഉപയോഗിക്കാൻ കർഷകർ തീരുമാനിച്ചത്.
കടുത്ത വേനലിൽ പാടശേഖരം വിണ്ടു കീറിയ നിലയിലാണ്. പമ്പ് സെറ്റ് ഉപയോഗിച്ചു പാടത്ത് വെള്ളം നിറച്ച ശേഷം ചെറുചാൽ എടുത്തു മറ്റു ഭാഗങ്ങളിലേക്കു എത്തിക്കാനുള്ള ശ്രമമാണു കർഷകർ നടത്തുന്നത്. നെൽച്ചെടികൾ നശിച്ചതിനാൽ ഇനി വിത്ത് കിട്ടാതെ കൃഷി മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ലെന്നു കർഷകനായ എം.കെ. പൊന്നപ്പൻ പറഞ്ഞു. നെൽവിത്ത് സൗജന്യമായി നൽകാൻ കൃഷി വകുപ്പ് നടപടി എടുക്കണമെന്നാണു കർഷകരുടെ ആവശ്യം.